കോട്ടയം: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച വിവിധ ഡിപ്പാർട്ടുമെന്റിലെ ജീവനക്കാർക്ക് വ്യത്യസ്ത നിരക്കിലുള്ള അലവൻസ്. പോലീസ് സേനാംഗങ്ങൾക്ക് 1440 രൂപ കൂടാതെ പ്രതിദിന അലവൻസായി 140 രൂപയും ലഭിച്ചപ്പോൾ എക്സൈസിന് പ്രതിദിനം 150 രൂപമാത്രാണ് ലഭിച്ചത്.
സ്പെഷൽ പോലീസിനു 2200 രൂപയും പ്രതിദിന അലവൻസായി 150 രൂപയും നൽകി. കോളജ് എൻസിസി, റിട്ടയേർഡ് പോലീസ്, വിരമിച്ച സൈനീകർ എന്നിവരെയാണു സ്പെഷൽ പോലീസ് സേനയ്ക്കായി നിയോഗിച്ചത്. ഇവർക്ക് തെരഞ്ഞെടുപ്പിനു ദിവസവും തലേദിവസവുമാണു ജോലിയ്ക്കു നിയോഗിച്ചത്.
പോലീസ്, എക്സൈസ് ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പിനു രണ്ടു ദിവസം മുന്പ് മുതൽ അഞ്ച് ദിവസം ഡ്യൂട്ടി ചെയ്യേണ്ടിവന്നു. കഴിഞ്ഞ വർഷം എക്സൈസിനു 1650 രൂപയും പ്രതിദിന അലവൻസായി 150 രൂപയും നൽകിയിരുന്നു. പോലീസുകാർക്ക് ബാങ്ക് അക്കൗണ്ട് വഴിയും സ്പെഷൽ പോലീസുകാർക്ക് നേരിട്ടുമാണു പണം കൈമാറിയത്.ഒരേ ഡ്യൂട്ടിയ്ക്കു രണ്ടു വേതനം വിതരണം ചെയ്ത നടപടിയ്ക്കെതിരെ പ്രതിഷേധം ശക്തമാണ്.