കോഴിക്കോട്: തെരഞ്ഞെടുപ്പ് ഡ്യൂട്ടി അടിച്ചേല്‍പ്പിച്ച് അങ്കണവാടി ജീവനക്കാരെ ദുരിതത്തിലാക്കുന്നതായി പരാതി. ഭിന്നശേഷിക്കാരുടെ വിവരശേഖരണത്തിന് പുറമെ ഇവരുടെ വോട്ടര്‍ ലിസ്റ്റുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളുടെ അന്വേഷണങ്ങള്‍ക്ക് അങ്കണവാടി അധ്യാപികമാരെനിയോഗിക്കുന്നുവെന്നതാണ് പരാതി.
ബിഎല്‍ഒ മാര്‍ ചെയ്യേണ്ട ഡ്യൂട്ടി അങ്കണവാടി ജീവനക്കാരുടെ മേല്‍ അടിച്ചേല്‍പ്പിച്ച് പറഞ്ഞു വിടുന്നതായാണ് ആക്ഷേപം. ഇതുമായി ബന്ധപ്പെട്ട് ഒരു അലവന്‍സും നല്‍കാനും അധികൃതര്‍ തയാറാവുന്നില്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അതാത് പ്രദേശത്തെ ഭിന്നശേഷിക്കാരുടെ ലിസ്റ്റ് തയാറാക്കി നല്‍കേണ്ട ചുമതല അങ്കണവാടി അധ്യാപികരെ ഏല്‍പ്പിച്ചിരുന്നു.
പൊള്ളുന്ന വെയിലത്ത് വീടുകള്‍ തോറും കയറി ഇറങ്ങി ഇവര്‍ ജോലി പൂര്‍ത്തികരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഭിന്നശേഷിക്കാര്‍ എത്തുന്ന പോളിംഗ് ബൂത്തും, ഐഡി കാര്‍ഡ് നമ്പര്‍ പരിശോധനയും സഹായികളെ എത്തിക്കുന്നതിനെ കുറിച്ചും വിവരങ്ങള്‍ ശേഖരിക്കാന്‍ വീണ്ടും നിര്‍ദ്ദേശം നല്‍കുകയായിരുന്നു. അടിയന്തര ആവശ്യം എന്ന് പറഞ്ഞാണ് വീണ്ടും ജോലികള്‍ ഏല്പിച്ചിരിക്കുന്നത്.
ബിഎല്‍ഒ വിഭാഗവുമായി യാതൊരു ബന്ധമില്ലാത്ത അങ്കണവാടി ജീവനക്കാരെ ഇത്തരം ജോലി ചെയ്യിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടങ്കിലും അധികൃര്‍ ചെവികൊള്ളില്ലെന്നാണ് അങ്കണ്‍വാടി വര്‍ക്കേഴ്സ് ആൻഡ് ഹെല്‍പ്പേഴ്സ് അസോസിയേഷന്റെ പരാതി.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഡ്യൂട്ടിക്കിട്ടവര്ക്ക് പോലും ഇതുവരെ അലവന്‍സ് നല്‍കിയിട്ടില്ല. ഈ സാഹചര്യത്തില്‍ പ്രധാന ഉദ്യോഗസ്ഥരെ ഒഴിവാക്കി തങ്ങളെ ബലിയാടാക്കുകയാണന്നും ജീവനക്കാര്‍ പറയുന്നു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്നും അങ്കണവാടി ജീവനക്കാരെ ഒഴിവാക്കി തരണമെന്നാവശ്യപ്പെട്ട് കളക്ടര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ് ഇവര്‍.