തൃശൂർ: ലോക്സഭ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുള്ള സർക്കാർ ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കുന്നതിനായി ജീവനക്കാരുടെ പേരുവിവരങ്ങൾ അപ്ലോഡ് ചെയ്യുന്ന സൈറ്റിൽ അസുഖബാധിതരായ കുട്ടികളുടെ കാര്യങ്ങൾ പരാമർശിക്കാൻ ഓപ്ഷനില്ല.കോഴിക്കോട് എൻഐസി ഡിസൈൻ ചെയ്ത ഓർഡർ എന്ന സൈറ്റിലാണ് ഗുരുതരമായ പാളിച്ച സംഭവിച്ചിരിക്കുന്നത്.
ഇത്തവണ മുതൽക്കാണ് സർക്കാർ ജീവനക്കാരുടെ പേരുവിവരങ്ങളും വിശദാംശങ്ങളും ഓണ്‍ലൈൻ വഴി അപ്ലോഡ് ചെയ്യാൻ നിർദ്ദേശിച്ചിട്ടുള്ളത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പു സമയത്ത് ജീവനക്കാരുടെ പേരുവിവരങ്ങൾ എഴുതി നൽകുകയാണ് ചെയ്തിരുന്നത്.
അന്ന് അസുഖബാധിതരായ കുട്ടികളുടെ പേരും വിശദാംശങ്ങളും ജീവനക്കാർക്ക് എഴുതി നൽകാൻ അവസരമുണ്ടായിരുന്നു. ഇത്തവണ ഓണ്‍ലൈൻ വഴി പേരുവിവരങ്ങൾ ശേഖരിക്കാൻ തുടങ്ങിയപ്പോൾ കുട്ടികളുടെ അസുഖവിവരം രേഖപ്പെടുത്താൻ കോളമില്ലാത്ത അവസ്ഥയാണ്.
കിടപ്പുരോഗികൾ, ലോംഗ് ലീവ്, ഫീഡിംഗ് മദർ, ഗർഭിണികൾ, ആറുമാസത്തിനുള്ളിൽ റിട്ടയർ ചെയ്യുന്നവർ തുടങ്ങിയ കോളങ്ങൾ സൈറ്റിലുണ്ട്.മാനസിക വെല്ലുവിളികളും ശാരീരിക അസുഖങ്ങളുമുള്ള കുട്ടികളുടെ രക്ഷിതാക്കളായ ജീവനക്കാരാണ് തങ്ങളുടെ വീട്ടിലെ അവസ്ഥ ചൂണ്ടിക്കാണിച്ച് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കണമെന്ന് അഭ്യർഥിക്കാൻ സാധിക്കാതെ ബുദ്ധിമുട്ടിലായിരിക്കുന്നത്.
അതാത് തദ്ദേശഭരണ സ്ഥാപനങ്ങളിലെ മേധാവിയാണ് ഓഫീസിലെ ജീവനക്കാരുടെ വിവരങ്ങൾ സൈറ്റിൽ അപ് ലോഡ് ചെയ്യേണ്ടത്. കേരളത്തിൽ അസുഖബാധിതരായ മക്കളുള്ള നിരവധി സർക്കാർ ജീവനക്കാരുണ്ടെന്നും തങ്ങളുടെ ബുദ്ധിമുട്ട് പരാമർശിക്കാൻ അവസരമില്ലാതെ പോകുന്നത് വലിയ പിഴവാണെന്നും അവർ പറയുന്നു.
സൈറ്റിൽ പേരുവിവരങ്ങൾ അപ് ലോഡ് ചെയ്യുന്നതിനൊപ്പം തങ്ങളുടെ മക്കളുടെ കാര്യം പരാമർശിച്ച് രേഖാമൂലം എന്തെങ്കിലും അപേക്ഷ സമർപിച്ചാൽ ശരിയാകുമോ എന്നും ജീവനക്കാർ അന്വേഷിക്കുന്നുണ്ട്.
വ്യാഴാഴ്ച മുതൽക്കാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ പേരുവിവരങ്ങൾ ഓർഡർ എന്ന വെബ്സൈറ്റിൽ അപ് ലോഡ് ചെയ്തു തുടങ്ങിയത്. എത്രയും വേഗം അപ്ലോഡിംഗ് പൂർത്തിയാക്കാനാണ് നിർദ്ദേശം.