കോട്ടയം: തെരഞ്ഞെടുപ്പു ഫലം വന്നിട്ടും ഡ്യൂട്ടിക്ക് സർക്കാർ വാടകയ്ക്കെടുത്ത സ്വകാര്യ വാഹനങ്ങൾക്ക് ഇനിയും വാടക നൽകിയിട്ടില്ല. സാന്പത്തിക പ്രതിസന്ധിയിലായ വാഹന ഉടമകൾ കഴിഞ്ഞ ഒരു മാസമായി റവന്യൂ, ഇലക്ഷൻ ഓഫീസുകൾ കയറിയിറങ്ങിയിട്ടും പണകാര്യ ഫയലുകൾ ചലിക്കുന്നില്ല.
150 സ്വകാര്യ ബസുകളും 350 വാനുകളും 500 ഇതര ടാക്സി കാറുകളുമാണു തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് മോട്ടോർ വാഹന വകുപ്പ് ഏറ്റെടുത്തത്. നിസാര നിരക്കിൽ വാടക നിശ്ചയിച്ച് ഏറ്റെടുത്ത വാഹനങ്ങളുടെ വാടക ചോദിച്ച് വോട്ടെണ്ണൽ ദിനം കഴിഞ്ഞിട്ടും ഓഫീസുകൾ കയറിയിറങ്ങുകയാണ്.
കഴിഞ്ഞവർഷം തദ്ദേശ തെരഞ്ഞടപ്പിൽ സമാന രീതിയിൽ വാടകയ്ക്കെടുത്ത വാഹനങ്ങളുടെ കൂലി മൂന്നു മാസത്തിനുശേഷമാണ് ലഭ്യമാക്കിയത്. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ ഓരോ താലൂക്കിലും ഓരോ നിരക്കാണ് നിശ്ചയിക്കപ്പെട്ടത്.
രണ്ടു ദിവസത്തെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ബസുകൾക്ക് 8,000 മുതൽ 12,000രൂപ വരെ ഓരോ പ്രദേശത്തും നിരക്ക് നൽകി. കോവിഡിൽ ടാക്സി മേഖല നിശ്ചലമായിരിക്കെ തെരഞ്ഞെടുപ്പ് ഡ്യൂട്ടി വാഹന വാടക ആവശ്യപ്പെട്ട് പൊതുനിവേദനം നൽകാനുള്ള തയാറെടുപ്പിലാണ് ഉടമകൾ.