വൈപ്പിൻ: എടവനക്കാട് ബാങ്ക് തെരഞ്ഞെടുപ്പിൽ അരകൈ നോക്കാൻ സിനിമാതാരം മജീദ് എടവനക്കാടും രംഗത്ത്. യുഡിഎഫിന്റെ 12 അംഗ പാനലിൽ മുസ്ലീം ലീഗിന്റെ പ്രതിനിധിയായിട്ടാണ് ഇദ്ദേഹം ഗോദായിലിറങ്ങുന്നത്. പ്രശസ്ത സിനിമാതാരം സിദ്ദീഖിന്റെ സഹോദരനായ മജീദ് നിരവധി സിനിമകളിൽ വളരെ ശ്രദ്ധേയമായ റോളുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. ‘
ചുരുങ്ങിയ നാളുകൊണ്ട് ജനപ്രിയനായ ഇദ്ദേഹം തെരഞ്ഞെടുപ്പ് രംഗത്തിറങ്ങുന്നത് ആദ്യമാണ്. വൈദ്യുതി ബോർഡിൽ എൻജിനീയറായിരുന്ന മജീദ് റിട്ടയർമെന്റിനു ശേഷമാണ് സിനിമാരംഗത്ത് എത്തിയത്. സജീവമായി സിനിമാരംഗത്തുള്ള ഇദ്ദേഹം ഇപ്പോഴിതാ സജീവ രാഷ്ട്രീയത്തിലേക്കും പ്രവേശിക്കുകയാണ്. 29നാണ് തെരഞ്ഞെടുപ്പ്.
എടവനക്കാട്: ബാങ്ക് തെരഞ്ഞെടുപ്പിൽ കോണ്ഗ്രസ് നാലാം ഗ്രൂപ്പിൽപെട്ട യൂത്ത് കോണ്ഗ്രസുകാർ റിബലായി നാമനിർദ്ദേശ പത്രിക നൽകി. തങ്കരാജ്, ടി.കെ. റാഫേൽ, അനീഷ് എന്നിവരാണ് റിബൽ പത്രിക നൽകിയത്. യുഡിഎഫിൽ നിലവിലെ പ്രസിഡന്റ് ടി.എ. ജോസഫിന്റെ നേതൃത്വത്തിൽ 12 അംഗ പാനലാണ് ഔദ്യോഗികമായി മത്സരിക്കുന്നത്. ഇതിൽ അഞ്ചുപേരൊഴികെ ബാക്കിയെല്ലാം പുതുമുഖങ്ങളാണ്. ഒരു സീറ്റ് മുസ്ലീം ലീഗിനാണ്.
ഡിസിസിയുടെ നിർദ്ദേശ പ്രകാരം യാതൊരുവിധ ഗ്രൂപ്പ് മാനദണ്ഡങ്ങളോ, വ്യക്തി പ്രഭാവമോ നോക്കാതെ വിജയസാധ്യതയുള്ള സ്ഥാനാർഥികളെ കണ്ടെത്താൻ ബന്ധപ്പെട്ട കോണ്ഗ്രസ് ഐ മണ്ഡലം കമ്മിറ്റികളെയാണ് ചുമതലപ്പെടുത്തിയിരുന്നത്. എന്നാൽ തർക്കം ഉടലെടുത്തതിനെ തുടർന്ന് സ്റ്റിയറിംഗ് കമ്മിറ്റിയും സബ് കമ്മിറ്റിയും രൂപീകരിച്ച് അപേക്ഷ സ്വീകരിക്കുകയും ഇതിൽ എ പ്ലസ് ലഭിച്ചവരെയാണ് സ്ഥാനാർഥികളാക്കിയതെന്നുമാണ് ഒരു കോണ്ഗ്രസ് നേതാവിന്റെ പ്രതികരണം.
മാത്രമല്ല ചിലരുടെ ബന്ധുക്കളെ പരിഗണക്കാതെ വന്നപ്പോഴാണ് ഐ ഗ്രൂപ്പിന്റെ പേരുപറഞ്ഞ് ചില നാലാം ഗ്രൂപ്പുകാർ റിബലായി രംഗത്തെത്തിയതെന്നും ഇദ്ദേഹം സൂചിപ്പിച്ചു. മുൻ കെപിസിസി ജനറൽ സെക്രട്ടറിയാണ് ഇവർക്ക് പിന്നിലെന്നും ചില നേതാക്കൾ സൂചിപ്പിച്ചു. മറിച്ച് നാലാം ഗ്രൂപ്പുകാർ നേരത്തെ ആറു പേരുടെ ലിസ്റ്റ് സ്റ്റിയറിംഗ് കമ്മിറ്റിക്ക് നൽകിയിരുന്നെങ്കിലും ആരെയും പരിഗണിച്ചില്ലെന്ന ആക്ഷേപമുണ്ട്. ഇന്നു വൈകുന്നേരമാണ് നോമിനേഷൻ പിൻവലിക്കാനുള്ള അവസാനതിയതി. 29 നാണ് തെരഞ്ഞെടുപ്പ്.