യാതൊരു പ്രതീക്ഷയുമില്ലാതെ എൽഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടിട്ടുള്ള ലോക്സഭാമണ്ഡലമാണ് എറണാകുളം. എന്നാൽ, ഭാഗ്യക്കുറി അടിച്ചവന്റെ സന്തോഷം പലപ്പോഴും തെരഞ്ഞെടുപ്പു കഴിയുന്പോൾ ഇവർ അനുഭവിച്ചിട്ടുണ്ട്. വല്ലപ്പോഴും വീണു കിട്ടുന്ന അട്ടിമറി പലപ്പോഴും പാർട്ടി പോലും പ്രതീക്ഷിക്കാതെ വരുന്നതാണ്.
1967ൽ വി. വിശ്വനാഥമേനോൻ വിജയിച്ചശേഷം പാർട്ടി ചിഹ്നത്തിൽ ഒരാളെ വിജയിക്കാൻ സിപിഎമ്മിന് ഇന്നുവരെ സാധിച്ചിട്ടില്ലെന്നതു ചരിത്രം. സ്വതന്ത്രനെ പരീക്ഷിച്ചു വിജയിക്കുന്ന തന്ത്രമാണ് സിപിഎം പയറ്റുന്നത്. കോണ്ഗ്രസ് നേതാവായിരുന്ന സേവ്യർ അറയ്ക്കലിനെയും സെബാസ്റ്റ്യൻ പോളിനെയും പരീക്ഷിച്ച് സിപിഎം വിജയിച്ചു.
അട്ടിമറികൾക്കു സാധ്യത കുറവാണെങ്കിലും കഴിഞ്ഞ തവണ വോട്ട് വിഹിതത്തിലുണ്ടായ വർധനയിൽ കണ്ണുവച്ചാണ് ബിജെപി എറണാകുളത്ത് അങ്കത്തിനിറങ്ങുന്നത്. കളമശേരി, പറവൂർ, വൈപ്പിൻ, കൊച്ചി, തൃപ്പൂണിത്തുറ, എറണാകുളം, തൃക്കാക്കര എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് എറണാകുളം ലോക്സഭാ മണ്ഡലം. നാലിടത്തു യുഡിഎഫും മൂന്നിടത്ത് എൽഡിഎഫുമാണ് നിയമസഭയിലേക്കു ജയിച്ചത്.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മറ്റു കോർപറേഷനുകളിൽനിന്നു കോണ്ഗ്രസ് തൂത്തെറിയപ്പെട്ടപ്പോൾ കൊച്ചിൻ കോർപറേഷനിൽ കൂടുതൽ സീറ്റ് നേടി യുഡിഎഫ് ശക്തി തെളിയിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് ചരിത്രവും യു.ഡി.എഫിനാണ് മുതൽക്കൂട്ടാകുന്നത്. ഉപതെരഞ്ഞെടുപ്പുകളടക്കം 17 തവണ തെരഞ്ഞെടുപ്പു നടന്നപ്പോൾ അഞ്ച് തവണ മാത്രമാണ് എൽഡിഎഫിനൊപ്പം മണ്ഡലം നിന്നത്.
കഴിഞ്ഞ തവണ കെ.വി. തോമസിനെ നേരിടാൻ എൽഡിഎഫ് രംഗത്തിറക്കിയതു മുൻ ഐഎഎസ് ഉദ്യോഗസ്ഥനായ ക്രിസ്റ്റി ഫെർണാണ്ടസിനെയായിരുന്നു. ഇക്കാര്യത്തിൽ സിപിഎമ്മിൽ ചിലർക്ക് അമർഷമുണ്ടായിരുന്നു. ഫലം വന്നപ്പോൾ 87,047 വോട്ടു ഭൂരിപക്ഷത്തോടെ കെ.വി തോമസ് ഡൽഹിക്കു പറന്നു.
അഞ്ചു വട്ടമാണ് കെ.വി. തോമസ് എറണാകുളത്തെ പ്രതിനിധീകരിച്ചിട്ടുള്ളത്. 1984 മുതൽ മത്സരരംഗത്തുള്ള കെ.വി തോമസ് 1996ൽ ഇടതിന്റെ സേവ്യർ അറയ്ക്കലിനു മുന്നിൽ തോൽവി സമ്മതിച്ചു. പിന്നീട് 2009ൽ മടങ്ങിയെത്തി തുടർച്ചയായ രണ്ട് വട്ടം യുഡിഎഫ് മേൽക്കൈ അരക്കിട്ട് ഉറപ്പിച്ചു. യുപിഎ സർക്കാരിൽ ഭക്ഷ്യവകുപ്പിന്റെ ചുമതലയുള്ള മന്ത്രിയായും തോമസ് തിളങ്ങി. ഇക്കുറി യുവാക്കൾക്ക് പ്രാമുഖ്യം നൽകണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്ഗ്രസ് രംഗത്ത് വന്നിട്ടുണ്ട്.
കെ.വി. തോമസിനെപ്പോലൊരു നേതാവിനെ തോൽപ്പിക്കാൻ ചരടിൽ കെട്ടിയിറക്കിയ സ്ഥാനാർഥികളെക്കൊണ്ടാവില്ലെന്നു കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് തെളിയിച്ചതാണ്.
മുൻ രാജ്യസഭാംഗം പി. രാജീവിനാണ് ഇത്തവണ എൽഡിഎഫ് സ്ഥാനാർഥിപട്ടികയിൽ മുൻതൂക്കം.
ശബരിമല വിഷയം ആയുധമാക്കിയാണ് ബിജെപിയുടെ വരവ്. കഴിഞ്ഞ തവണമത്സരിച്ച എ.എൻ രാധാകൃഷ്ണൻ ഇക്കുറി എറണാകുളത്ത് മൽസരിക്കാൻ സാധ്യത കുറവാണ്. ക്രിക്കറ്റ് താരം ശ്രീശാന്ത്, പിഎസ്സി മുൻ ചെയർമാൻ ഡോ. കെ.എസ്. രാധാകൃഷ്ണൻ എന്നിവരുടെ പേരുകളാണ് സജീവമായിട്ടുള്ളത്.
ക്രിസ്ത്യൻ വോട്ടുകളാണ് മണ്ഡലത്തിൽ ഏറെ നിർണായകം. മധ്യകേരളത്തിൽ മുസ്ലിം ലീഗിനു സ്വന്തമായി എംഎൽഎയുള്ള കളമശേരിയും എറണാകുളം ലോക്സഭ മണ്ഡലത്തിലാണ്. ചരിത്രം എന്നും കോണ്ഗ്രസിനൊപ്പമാണ്. ഇവിടെ ഒരു അട്ടിമറി നടന്നാൽ മാത്രമേ എൽഡിഎഫിനു ഡൽഹിക്കു പറക്കാൻ സാധിക്കുകയുള്ളൂ.
ജോണ്സണ് വേങ്ങത്തടം
2014ൽ പ്രധാന സ്ഥാനാർഥികൾക്കു ലഭിച്ച വോട്ട്
പ്രഫ. കെ.വി.തോമസ് കോണ്ഗ്രസ് 3,53,841
ഡോ. ക്രിസ്റ്റി ഫെർണാണ്ടസ് ഇടത് സ്വത. 2,66,794
എ.എൻ. രാധാകൃഷ്ണൻ ബിജെപി 99,003
ഭൂരിപക്ഷം: 87,047
ലോക്സഭാ വിജയികൾ 1980 മുതൽ
എറണാകുളം ( വർഷം, വിജയി, പാർട്ടി, ഭൂരിപക്ഷം)
1980 – സേവ്യർ അറയ്ക്കൽ കോണ്ഗ്രസ് 2502
1984 – പ്രഫ. കെ.വി. തോമസ് കോണ്ഗ്രസ് 70324
1989 – പ്രഫ. കെ.വി. തോമസ് കോണ്ഗ്രസ് 36750
1991 – പ്രഫ. കെ.വി. തോമസ് കോണ്ഗ്രസ് 47144
1996 – സേവ്യർ അറയ്ക്കൽ എൽഡിഎഫ് 30385
1997 – (ഉപതെര.) സെബാസ്റ്റ്യൻ പോൾ സിപിഎം 8693
1998 – ജോർജ് ഈഡൻ കോണ്ഗ്രസ് 74508
1999 – ജോർജ് ഈഡൻ കോണ്ഗ്രസ് 111305
2003 – (ഉപതെര.) സെബാസ്റ്റ്യൻ പോൾ സിപിഎം 22132
2004 – സെബാസ്റ്റ്യൻ പോൾ സിപിഎം 70099
2009 – കെ.വി. തോമസ് കോണ്ഗ്രസ് 11790
നിയമസഭാ മണ്ഡലങ്ങളിലെ നില: 2014 ലോക്സഭാ തെരഞ്ഞെടുപ്പ്, 2016 നിയമസഭാ തെരഞ്ഞെടുപ്പ് എന്ന ക്രമത്തിൽ
2014 2016
കളമശേരി
UDF 51037 68726
LDF 42379 56608
NDA 17558 24244
പറവൂർ
UDF 55471 74985
LDF 47706 54351
NDA 15914 28097
വൈപ്പിൻ
UDF 49165 49173
LDF 39548 68526
NDA 9324 10051
കൊച്ചി
UDF 50548 46881
LDF 30186 47967
NDA 9984 15212
തൃപ്പൂണിത്തുറ
UDF 51605 58230
LDF 45034 62697
NDA 16676 29843
എറണാകുളം
UDF 43516 57819
LDF 26623 35870
NDA 14375 14878
തൃക്കാക്കര
UDF 52210 61451
LDF 34896 49455
NDA 15099 21247