കൊച്ചി: എറണാകുളം നിയമസഭ മണ്ഡലത്തിൽ വരാൻ പോകുന്ന ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ സംബന്ധിച്ചുള്ള ചർച്ച സജീവമാക്കി മുന്നണികൾ. എറണാകുളം എംഎൽഎ ഹൈബി ഈഡൻ ലോക്സഭ തെരഞ്ഞെടുപ്പിൽ ജയിച്ചതോടെ ഒഴിവുവന്ന സീറ്റിൽ സ്ഥാനാർഥിയായി ആരെ പരിഗണിക്കണമെന്ന ചർച്ച പാർട്ടി തലങ്ങളിൽ അനൗദ്യോഗികമായി ആരംഭിച്ചു കഴിഞ്ഞു.
കോണ്‍ഗ്രസിന്റെ കുത്തക മണ്ഡലമാണ് എറണാകുളം. മണ്ഡലം നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ടതു കോൺഗ്രസിന്റെ അഭിമാന പ്രശ്നമാണ്. അതുകൊണ്ടുതന്നെ ജയസാധ്യതയുള്ള സ്ഥാനാർഥിയെ മത്സരിപ്പിക്കാനാകും കോൺഗ്രസ് നേതൃത്വം തീരുമാനിക്കുക. ഗ്രൂപ്പ്-സമുദായിക ഘടകങ്ങൾ കോൺഗ്രസിനു പരിഗണിക്കേണ്ടിവരും. അതേസമയം സീറ്റ് തരപ്പെടുത്താൻ കോണ്‍ഗ്രസിൽ പിടിവലി തുടങ്ങിയതായാണു സൂചന. അരങ്ങിലും അണിയറയിലും സ്ഥാനാർഥിമോഹികൾ നിരന്നിട്ടുണ്ട്.
ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച ഹൈബി ഈഡന് എറണാകുളം നിയോജകമണ്ഡലത്തിൽ മാത്രം ലഭിച്ച ഭൂരിപക്ഷം 31,000 വോട്ടാണ്. കഴിഞ്ഞതവണ നിയമസഭയിലേക്കു മത്സരിച്ചപ്പോൾ ലഭിച്ച ഭൂരിപക്ഷമാകട്ടെ 21,949 വോട്ടും. ഹൈബി ഈഡൻ 57,819, സിപിഎം സ്ഥാനാർഥി എം. അനിൽകുമാർ 35,870, ബിജെപി സ്ഥാനാർഥി എൻ.കെ. മോഹൻദാസ് 14,876 എന്നിങ്ങനെയാണു ലഭിച്ച വോട്ടുകൾ.
ഡിസിസി പ്രസിഡന്റ് ടി.ജെ. വിനോദ്, മുൻ എംപി കെ.വി. തോമസ്, മുൻ കൊച്ചി മേയർ ടോണി ചമ്മണി എന്നിവരുടെ പേരുകൾക്കാണു കോൺഗ്രസിൽ മുൻതൂക്കമെന്ന് അറിയുന്നു. ഇവർക്കു പുറമെ മുൻ എംൽഎമാരടക്കമുള്ള നേതാക്കളും ലിസ്റ്റ് ഇടം തേടാൻ ശ്രമിക്കുന്നുണ്ട്. ഡിസിസി പ്രസിഡന്റ് എന്നനിലയിൽ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന ടി.ജെ. വിനോദിനു പാർട്ടിയിലും ജനങ്ങൾക്കിടയിലും നല്ല സ്വാധീനമുണ്ട്.
ഹൈബി ഈഡനുവേണ്ടി ലോക്സഭ സിറ്റിംഗ് സീറ്റ് ഒഴിയേണ്ടിവന്ന കെ.വി. തോമസിനു യുഡിഎഫ് കൺവീനർ സ്ഥാനമോ മറ്റോ നൽകിയില്ലെങ്കിൽ അദ്ദേഹത്തെ ഉപതെരഞ്ഞെടുപ്പിൽ പരിഗണിക്കേണ്ടി വന്നേക്കാം. മണ്ഡലത്തിൽ നല്ല സ്വാധീനമുള്ള മുൻ മേയർ ടോണി ചമ്മണിയെയും അവഗണിക്കാനാവില്ല.
എൽഡിഎഫിൽ സിപിഎം പാർട്ടി ചിഹ്നത്തിൽ മത്സരിക്കാൻ തീരുമാനിച്ചാൽ കഴിഞ്ഞതവണ മത്സരിച്ച സ്ഥാനാർഥി എം. അനിൽകുമാറിനെ തന്നെയാകും പ്രധാനമായും പരിഗണിക്കുകയെന്നാണു സൂചന. സ്വതന്ത്ര ചിഹ്നത്തിലാണെങ്കിൽ പൊതുസമ്മതരെയാകും ഇറക്കുക. മുൻകാലതെരഞ്ഞെടുപ്പുകളിൽനിന്നു വ്യത്യസ്തമായി ബിജെപി ശക്തനായ സ്ഥാനാർഥിയെതന്നെ കളത്തിലിറക്കിയേക്കും.
ഓരോ തെരഞ്ഞെടുപ്പു കഴിയുംതോറും എൻഡിഎയ്ക്കു മണ്ഡലത്തിൽ വോട്ട് വർധിച്ചുവരുന്നുണ്ട്. എ.എൽ. രാധാകൃഷ്ണനെ പോലുള്ള സംസ്ഥാന നേതാക്കളെ പരിഗണിക്കുന്നതിനൊപ്പം ക്രിക്കറ്റ് താരം ശ്രീശാന്തിനെ പോലുള്ള സെലിബ്രറ്റികളെ പരീക്ഷിക്കാനും ശ്രമമുണ്ടാകും.