എരുമേലി: കഴിഞ്ഞ തവണ 77.59 ശതമാനം പോളിംഗ് നടന്ന എരുമേലി പഞ്ചായത്തിൽ ഇത്തവണ ആറ് ശതമാനം കുറഞ്ഞ് 71.15 ശതമാനമായത് ജയ പരാജയങ്ങളിൽ നിർണായകമായി മാറിയേക്കും. കഴിഞ്ഞ പ്രാവശ്യത്തെക്കാൾ വോട്ടർമാർ ഇത്തവണ വർധിച്ചിട്ടും വോട്ടിംഗിൽ വർധനവ് പ്രകടമായില്ല.
പുതിയ വോട്ടർമാരിൽ പലർക്കും വോട്ടർ പട്ടികയിൽ പേര് ഇല്ലായിരുന്നെന്ന് ആക്ഷേപമുണ്ട്. ചിലരുടെ വോട്ടുകൾ മറ്റ് ബൂത്തുകളിലേക്ക് മാറ്റിയെന്ന് പരാതിയും ഉയർന്നിരുന്നു.
ഉമ്മിക്കുപ്പ വാർഡിൽ പാണപിലാവ് പ്രദേശവാസികൾക്ക് ദൂരെയുള്ള ഇടകടത്തി ബൂത്തിലേക്കും ഇടകടത്തിയിലെ കുറെയേറെ വോട്ടർമാരെ പാണപിലാവിലേക്കും മാറ്റിയത് പരാതി സൃഷ്ടിച്ചിരുന്നു.
മുക്കൂട്ടുതറ വാർഡിൽ പോളിംഗ് ബൂത്ത് ആയ പനയ്ക്കവയൽ സ്കൂളിന്റെ സമീപമുള്ള വോട്ടർമാരെ ദൂരെ മുട്ടപ്പള്ളി സ്കൂളിലെ ബൂത്തിലേക്ക് മാറ്റിയെന്നും പരാതി ഉയർന്നിരുന്നു.
പല വീടുകളിലും വോട്ടേഴ്സ് സ്ലിപ്പുകൾ കിട്ടിയില്ല. പലരും എവിടെയാണ് വോട്ട് എന്നറിയാതെ വിഷമിച്ചു. ഇതെല്ലാം പോളിംഗ് ശതമാനം ഇത്തവണ താഴാൻ കാരണമായിട്ടുണ്ട്.
പോളിംഗ് ഉയർന്ന കഴിഞ്ഞ തെരഞ്ഞെടുപ്പ് എൽഡിഎഫിനാണ് മികച്ച വിജയം സമ്മാനിച്ചത്. ഇത്തവണ പോളിംഗ് കുറഞ്ഞത് ആർക്ക് നേട്ടമാകുമെന്ന് ഫലം വരുന്നതോടെ വ്യക്തമാകും.