കോട്ടയം: വോട്ടിംഗ് മെഷീൻ മൂന്നു തവണ കേടായപ്പോൾ ക്യൂ നിന്ന വോട്ടർമാർ വീട്ടിൽ പോയി. പരുത്തുംപാറയിലാണ് സംഭവം. പരുത്തുംപാറ എൽപി സ്കൂളിലെ ഒരു ബൂത്തിൽ തുടക്കത്തിൽ തന്നെ വോട്ടിംഗ് മെഷീൻ തകരാറിലായി.
ഉടനെ പകരം മെഷീൻ എത്തിച്ച് വോട്ടെടുപ്പ് പുനരാരംഭിച്ചു. അൽപ്പനേരം കഴിഞ്ഞപ്പോൾ രണ്ടാമത് കൊണ്ടുവന്ന മെഷീനും തകരാറിലായി. പകരം വീണ്ടും മെഷീൻ എത്തിച്ചു. അൽപ്പനേരം കഴിഞ്ഞപ്പോൾ മൂന്നാമത്തെ മെഷീനും തകരാറിലായതോടെ ക്യൂ നിന്ന വോട്ടർമാരിൽ ചിലർ സ്ഥലം വിട്ടു.
ഏറ്റുമാനൂർ മണ്ഡലത്തിലും വോട്ടിംഗ് മെഷീൻ ‘പണിയായി’
ഏറ്റൂമാനൂർ: ഏറ്റുമാനൂർ മണ്ഡലത്തിലും വോട്ടിംഗ് മെഷീൻ വ്യാപകമായി തകരാറിലായി. അതിരന്പുഴ കോട്ടയ്ക്കുപുറം യു പി സ്കൂളിൽ വോട്ടിംഗ് മെഷിൻ തകരാറിലായി. ശ്രീകണ്ഠമംഗലം, കാട്ടാത്തി എൽ പി സ് കൂളിൽ ബൂത്ത് നന്പർ 26 എന്നിവിടങ്ങളിൽ മെഷീൻ തകരാറിലായി.
ചെറിയ തോതിലുള്ള ലിങ്ക് എറർ മൂലമാണ് താല്കാലികമായി മെഷീൻ തകരാറിലായത്. തുടർന്ന് 15 മിനിറ്റിനുള്ളിൽ തകരാർ പരിഹരിച്ച് പോളിംഗ് തുടർന്നു. പേരൂർ, ഏറ്റൂമാനൂർ വില്ലേജുകളിൽ ചില ബൂത്തുകളിൽ തുടക്കത്തിൽ വോട്ടിംഗ് മെഷീനുകളിൽ ചെറിയ പ്രശ്നങ്ങൾ കണ്ടെത്തിയെങ്കിലും പിന്നീട് പരിഹരിച്ചു.
വോട്ടിംഗ് മെഷീൻ തകരാറിലായി, വോട്ടിംഗ് അര മണിക്കൂർ വൈകി
ഈരാറ്റുപേട്ട: തിടനാട് പഞ്ചായത്ത് രണ്ടാം വാർഡിൽ 56-ാം നന്പർ ബൂത്തിൽ വോട്ടിംഗ് മെഷീൻ തകരാറിലായതിനാൽ അര മണിക്കൂർ വൈകിയാണ് വോട്ടിംഗ് ആരംഭിച്ചത്. പാലാ നിയോജക മണ്ഡത്തിലെ തലപ്പലം പഞ്ചായത്തിൽ 67-ാം നന്പർ ബൂത്തിലും വോട്ടിംഗ് വൈകി.