ഏറ്റുമാനൂർ: പത്രിക സമർപ്പണത്തുള്ള സമയം അവസാനിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കുന്പോഴും സംഘർഷഭരിതമാണ് ഏറ്റുമാനൂരിലെ രാഷ്ട്രീയ ചുറ്റുപാട്.
സ്ഥാനാർഥി നിർണയം ബിജെപിയെ വലയ്ക്കുന്പോൾ ലതിക സുഭാഷ് തെരഞ്ഞെടുപ്പ് ഗോദയിൽ നിന്നു പിന്തിരിയാത്തത് യുഡിഎഫിനെ വെട്ടിലാക്കുന്നു.
ഏറ്റുമാനൂർ സീറ്റിനെച്ചൊല്ലി ബിജെപി -ബിഡിജെഎസ് കലഹം അവസാന നിമിഷമെങ്കിലും സമവായത്തിലെത്തുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ. സ്ഥാനാർഥിയായി ബിഡിജഐസ് പ്രഖ്യാപിച്ച ജില്ലാ വൈസ് പ്രസിഡന്റ് എൻ. ശ്രീനിവാസനെ അംഗീകരിക്കില്ലെന്ന നിലപാടിലാണു ബിജെപി നേതൃത്വം.
നേരത്തേ, ഭരത് കൈപ്പാറേടനെ പ്രഖ്യാപിച്ചെങ്കിലും ബിജെപിയുടെ എതിർപ്പിനെത്തുടർന്നു പിൻവലിച്ചിരുന്നു. സ്ഥാനാർഥിയെ ഇനി മാറ്റില്ലെന്നാണ് ബിഡിജഐസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയുടെ നിലപാട്.
ഏറ്റുമാനൂരിലെ എൽഡിഎഫ് സ്ഥാനാർഥി വി.എൻ. വാസവൻ ഇന്നലെയും യുഡിഎഫ് സ്ഥാനാർഥി പ്രിൻസ് ലൂക്കോസ് ഇന്നു രാവിലെയും നാമനിർദേശ പത്രിക സമർപ്പിച്ചു.
എൽഡിഎഫും യുഡിഎഫും പ്രചരണ രംഗത്തു മുന്നേറുന്പോൾ കോണ്‍ഗ്രസ് വിട്ടുവന്ന ലതിക സുഭാഷും ഒപ്പമുണ്ട്. മണ്ഡലത്തിൽ മിക്കയിടത്തും ലതിക സുഭാഷിന്റെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു.
കോണ്‍ഗ്രസിന്റെ മുതിർന്ന നേതാക്കൾ പിന്തിരിപ്പിക്കുന്നതിനായി ലതികയെ സമീപിച്ചിരുന്നു എന്നാണ് സൂചന. ലതികയുടെ പ്രവർത്തിയെ കഴിഞ്ഞ ദിവസം ഉമ്മൻ ചാണ്ടിയും തള്ളിപ്പറഞ്ഞിരുന്നു. കെപിസിസി ഓഫീസിനു മുന്നിൽ ലതിക കാട്ടിയ നടപടി ന്യായീകരിക്കാനാകാത്തതെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ ഭാഷ്യം.
അതേസമയം തെരഞ്ഞെടുപ്പിൽ മുന്നോട്ടു നീങ്ങുകയാണ് ലതിക സുഭാഷ്. കേരള കോണ്‍ഗ്രസിന്റെ പ്രിൻസ് ജേക്കബിനു ലതിക സുഭാഷ് വെല്ലുവിളി സൃഷ്ടിക്കുന്നതുകൊണ്ടു പ്രശ്നപരിഹാരത്തിനു പി.ജെ. ജോസഫിനെ ഇടപെടുത്താനും ശ്രമം നടക്കുന്നുണ്ട്.