ന്യൂഡൽഹി: അഞ്ചു സംസ്ഥാനങ്ങളിലേക്കു നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പുറത്തുവന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ രാജ്യത്തെ പ്രധാനകക്ഷികളായ ബിജെപിയെയോ കോൺഗ്രസിനെയോ സന്തോഷിപ്പിക്കുന്നതോ തൃപ്തിപ്പെടുത്തുന്നതോ അല്ല. ലോക്സഭാ തെരഞ്ഞെടുപ്പ് തൊട്ടടുത്തെത്തി നിൽക്കെ പ്രത്യേകിച്ചും.
ഛത്തീസ്ഗഡിലും തെലുങ്കാനയിലും കോൺഗ്രസിന് മുൻതൂക്കം പ്രവചിക്കുന്ന എക്സിറ്റ് പോള്‍, രാജസ്ഥാനിനും മധ്യപ്രദേശിലും ബിജെപിക്കാണ് സാധ്യത കാണുന്നത്.
മിസോറമിലാകട്ടെ ആർക്കും ഭൂരിപക്ഷമില്ലെന്നും ഫലം പറയുന്നു. യാഥാർഥ്യമറിയാൻ ഫലപ്രഖ്യാപനം വരുന്ന ഞായറാഴ്ച വരെ കാത്തിരുന്നേ പറ്റൂ. രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോൺഗ്രസും മധ്യപ്രദേശിൽ ബിജെപിയും തെലുങ്കാനയിൽ ബിആർഎസും മിസോറമിൽ എംഎൻഎഫുമാണു ഭരണം നടത്തുന്നത്.
തെലുങ്കാനയിൽ അധികാരം പിടിച്ചാലും രാജസ്ഥാൻ കൈവിട്ടുപോയാൽ കോൺഗ്രസിനു സന്തോഷിക്കാനാവില്ല. മധ്യപ്രദേശിൽ ഭരണം നിലനിർത്തുകയും രാജസ്ഥാനിൽ തിരിച്ചുവരികയും ചെയ്താലും മറ്റു മൂന്നു സംസ്ഥാനങ്ങളിൽ പ്രകടനം മോശമായാൽ കേന്ദ്രത്തിൽ മൂന്നാം തവണയും അധികാരം പിടിക്കാനൊരുങ്ങുന്ന ബിജെപിക്കും ക്ഷീണംതന്നെയാണ്.
മധ്യപ്രദേശില്‍ 140 മുതല്‍ 162 സീറ്റുവരെ ബിജെപി നേടുമെന്ന് ഇന്ത്യ ടുഡെ ആക്സിസ് മൈ ഇന്ത്യ പോള്‍ പ്രവചിക്കുന്നു. കോണ്‍ഗ്രസിന് 68 മുതല്‍ 90 സീറ്റു വരെ കിട്ടാം. അതേസമയം, ടി വി നയന്‍ ഭാരത് വര്‍ഷ് പോള്‍ സ്ട്രാറ്റ് എക്സിറ്റ്പോൾ കോണ്‍ഗ്രസ് ഭരണം തിരിച്ചുപിടിക്കുമെന്ന് പ്രവചിക്കുന്നു.111 മുതല്‍ 128 സീറ്റ് വരെ കിട്ടാം. ദൈനിക് ഭാസ്കറിന്റെ പ്രവചനവും കോണ്‍ഗ്രസിന് അനുകൂലമാണ്.
രാജസ്ഥാനില്‍ എബിപി സി വോട്ടര്‍, ജന്‍ കി ബാത്തടക്കം ഭൂരിപക്ഷം പ്രവചനങ്ങളും ബിജെപിക്ക് മുന്‍തൂക്കം നല്കുമ്പോള് ഇന്ത്യ ടു ഡെ ആക്സിസ് മൈ ഇന്ത്യ 86 മുതല്‍ 106 വരെ സീറ്റുകള്‍ കോണ്‍ഗ്രസിനും, 80 മുതല്‍ 100 വരെ സീറ്റുകള്‍ ബിജെപിക്കും പ്രവചിക്കുന്നു. ഛത്തീസ്ഗഡില്‍ ഭൂരിപക്ഷം സര്‍വേകളും കോണ്‍ഗ്രസിന് മുന്‍ തൂക്കം നല്കുന്നു.
തെലങ്കാനയില്‍ കോണ്‍ഗ്രസിന്റെ മുന്നേറ്റമാണ് പ്രവചിക്കുന്നത്. കോണ്‍ഗ്രസ് 70 സീറ്റുകള്‍ വരെ നേടി അധികാരത്തിലെത്താനുള്ള സാധ്യയാണ് പല സര്‍വേകളും നല്‍കിയിരിക്കുന്നത്. മിസോറമില്‍ ചെറുപാര്‍ട്ടികളും കോണ്‍ഗ്രസിനും ഒപ്പം ചേര്‍ന്ന് സൊറാം പീപ്പിള്‍സ് മൂവ്മെന്റ് സര്‍ക്കാരുണ്ടാക്കാനുള്ള സാധ്യതയാണ് പ്രവചിക്കുന്നത്.