സെബി മാത്യു
ന്യൂഡൽഹി: തെരഞ്ഞെടുപ്പുകാലത്ത് രാഷ്ട്രീയ പാർട്ടികൾ വോട്ടർമാർക്ക് യുക്തിരഹിതമായ സൗജന്യങ്ങൾ നൽകുന്നത് ഗുരുതര സാന്പത്തിക പ്രശ്നമാണെന്നും ഇത് പരിശോധിക്കാൻ നിഷ്പക്ഷ സമിതിയെ നിയോഗിക്കണമെന്നും സുപ്രീംകോടതി.
നീതി ആയോഗ്, ധനകാര്യ കമ്മീഷൻ, ലോ കമ്മീഷൻ, റിസർവ് ബാങ്ക്, ഭരണ-പ്രതിപക്ഷ പാർട്ടികളുടെ പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി ഉന്നത സമിതി രൂപീകരിക്കണമെന്നും നിർദേശിച്ചു.
സമിതിയുടെ രൂപീകരണം സംബന്ധിച്ചു പരാതിക്കാരനും കേന്ദ്രസർക്കാരും തെരഞ്ഞെടുപ്പു കമ്മീഷനും ഏഴു ദിവസത്തിനുള്ളിൽ നിർദേശങ്ങൾ സമർപ്പിക്കണം.
തെരഞ്ഞെടുപ്പു കാലത്തെ സൗജന്യങ്ങൾ നിർത്തലാക്കുന്നതു സംബന്ധിച്ച് പാർലമെന്റിൽ ഫലപ്രദമായ ചർച്ച നടക്കുമെന്ന കാര്യത്തിൽ സംശയമുണ്ട്.
ഒറ്റ രാഷ്ട്രീയ പാർട്ടി പോലും ഈ സൗജന്യങ്ങൾ നിർത്തലാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ചീഫ് ജസ്റ്റീസ് എൻ.വി. രമണ വാക്കാൽ നിരീക്ഷിച്ചു.
തെരഞ്ഞെടുപ്പുകാലത്ത് രാഷ്ട്രീയ പാർട്ടികൾ വോട്ടർമാർക്കു നൽകുന്ന സൗജന്യങ്ങൾ വലിയ സാന്പത്തിക ദുരന്തത്തിനു വഴിയൊരുക്കുമെന്നാണ് കേന്ദ്ര സർക്കാർ ചൊവ്വാഴ്ച കോടതിയിൽ വ്യക്തമാക്കിയത്.
സൗജന്യങ്ങൾ നൽകുന്നത് വോട്ടർമാരുടെ തീരുമാനത്തെ സ്വാധീനിക്കുമെന്നും സർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വ്യക്തമാക്കി.
വോട്ടർമാർക്ക് സൗജന്യങ്ങൾ നൽകുന്ന പ്രവണത അവസാനി പ്പിക്കുന്നതിനെ കേന്ദ്രസർക്കാർ ശക്തമായും തത്വത്തിലും പിന്തുണയ്ക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
ഇക്കാര്യത്തിൽ മനസു വയ്ക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനെ അനുവദിക്കണമെന്നും സോളിസിറ്റർ ജനറൽ ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പുകാലത്തെ സൗജന്യ വാഗ്ദാനങ്ങൾ നിർത്തലാക്കണം എന്നു ചൂണ്ടിക്കാട്ടി അഭിഭാഷകനായ അശ്വിനി ഉപാധ്യായ നൽകിയ പൊതുതാത്പര്യ ഹർജിയാണു സുപ്രീംകോടതി പരിഗണിച്ചത്.
സൗജന്യ വാഗ്ദാനങ്ങൾ നൽകുന്നതു കാരണം പല സംസ്ഥാന സർക്കാരുകളും കടത്തിൽ മുങ്ങുകയാണെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ വികാസ് സിംഗ് ചൂണ്ടിക്കാട്ടി.