മല്ലപ്പള്ളി: തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ആവശ്യപ്പെട്ട പണം നൽകിയില്ലെന്ന പേരിൽ സിപിഎം അനുഭാവിയായ കരാറുകാരനെ പ്രാദേശിക നേതാക്കളുടെ നേതൃത്വത്തിൽ മർദിച്ചെന്ന് പരാതി.
മല്ലപ്പള്ളി ചുഴനയിൽ ജിൻസ് ചാക്കോയാണ് കീഴ്വായ്പൂര് എസ്എച്ച്ഒയ്ക്ക് പരാതി നൽകിയത്. തെരഞ്ഞെടുപ്പ് കൊട്ടിക്കലാശ ദിവസം മല്ലപ്പള്ളിയിൽ പോലീസിന്റെ കൺമുന്പിലാണ് തനിക്ക് മർദനം ഏൽക്കേണ്ടിവന്നതെന്നും ജിൻസിന്റെ പരാതിയിൽ പറയുന്നു.
അജയരാജ്, സന്തോഷ് തോമസ്, ജോയേഷ് പോത്തൻ എന്നിവർക്കെതിരേയാണ് പരാതി. സിപിഎം പ്രാദേശിക നേതാക്കളും വിവിധ തലങ്ങളിൽ പാർട്ടിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരുമാണ് മൂവരും. ഇവർ ആവശ്യപ്പെട്ടതനുസരിച്ച് 5,000 രൂപ താൻ നൽകിയില്ലെന്ന പേരിൽ മദ്യലഹരിയിൽ തന്നെ മർദിച്ചുവെന്നാണ് ജിൻസിന്റെ പരാതി.
തന്റെ വീട്ടിൽ വ്യാജമദ്യ വില്പന നടക്കുന്നുവെന്ന പേരിൽ എക്സൈസ് സംഘത്തെക്കൊണ്ട് വീട് റെയ്ഡ് ചെയ്യിപ്പിച്ചെന്നും ഭാര്യയും മൂന്നു മക്കളുമായി കഴിയുന്ന തനിക്ക് ഇത്തരം നടപടികൾ ഏറെ മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്നും ജിൻസിന്റെ പരാതിയിൽ പറയുന്നു.