സ്വന്തം ലേഖകന്‍
കോഴിക്കോട്: തെരഞ്ഞെടുപ്പുകാലത്തെ പ്രവര്‍ത്തന രീതികളെ കുറിച്ച്സര്ക്കാര് ജീവനക്കാര്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ നിലനില്‍ക്കേ അതെല്ലാം കാറ്റില്‍ പറത്തി ഒരുവിഭാഗം സര്‍ക്കാര്‍ ജീവനക്കാര്‍ . ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുപ്പുകാലത്ത് രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഏര്പ്പെടരുതെന്നപ്രിന്സിപ്പല് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയുടെ ഉത്തരവാണ് കാറ്റില്‍ പറക്കുന്നത്.
പോലീസ് സേനയില്‍ ഉള്‍പ്പെടെ ഗ്രൂപ്പ് തിരിഞ്ഞുള്ള രാഷ്ട്രീയ ചര്‍ച്ചകളും തങ്ങളുടെ സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടിയുള്ള വോട്ടു പിടിത്തവും വ്യാപകമാണ്. പലരും സോഷ്യല്‍ മീഡിയവഴിയും വാട്ട്സ് ആപ്പ് ഗ്രൂപ്പുകള്‍ വഴിയുമാണ് പ്രചാരണം നടത്തുന്നത്. സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും ഉണ്ടാക്കുന്ന പ്രചരണ ഗ്രൂപ്പുകളിലും പല ഉന്നത ഉദ്യോഗസഥരും അംഗങ്ങളാണ്.
സംസ്ഥാന ഭരണസംവിധാനത്തിന്റെ മൗനാനുവാദത്തോടുകൂടി നടക്കുന്ന ഇത്തരം പ്രചരണത്തിനെതിരേ യുഡിഎഫ് പലയിടത്തും ഇലക്ഷന് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വോട്ടുപിടിക്കാനുള്ള ഉപകരണങ്ങളാക്കുന്നുവെന്നാണ് ആക്ഷേപം. നേരത്തെ പിആര്‍ഡി ഉദ്യോഗസ്ഥരെയും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു.
പ്രചാരണം കൊഴുത്തതോടെ ഏതുവഴിയും വോട്ടുറപ്പിക്കാനുള്ള ശ്രമമാണ് രാഷ്ട്രീയപാര്‍ട്ടികള്‍ നടത്തുന്നത്. ഇതിനിടയില്‍ ഉത്തരവിന് പുല്ലുവില പോലും കല്‍പ്പിക്കാത്ത അവസ്ഥയാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ പ്രത്യക്ഷത്തിലോ, പരോക്ഷമായോ തെരഞ്ഞെടുപ്പു പ്രചരണത്തിന്റെ ഭാഗമാകരുതെന്ന് തിരുവനന്തപുരം ജനറല്‍ അഡ്മിനിസ്ട്രേഷന് (കോ-ഓഡിനേഷന്‍) വകുപ്പ് മാര്‍ച്ച് 16ന് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
പോലീസ് സേനയില്‍ ഉള്‍പ്പെടെ വാട്ട്സ് ആപ്പ് ഗ്രൂപ്പുകള്‍ ഉണ്ടാക്കി ചേരിതിരിഞ്ഞ് രാഷ്ട്രീയം ചര്‍ച്ച ചെയ്യുകയും സ്ഥാനാര്‍ഥികള്‍ക്കായി വോട്ടഭ്യര്‍ഥന നടത്തുകയും ചെയ്യുന്ന പ്രവണത ഏറിവരുന്ന പശ്ചാത്തലത്തിലായിരുന്നു കര്‍ശന നിര്‍ദേശവുമായി അധികൃതര്‍ രംഗത്തെത്തിയത്. മുന്‍പും ഇത്തരം സര്‍ക്കുലറുകള്‍ ഇറക്കാറുണ്ടായിരുന്നുവെങ്കിലും സമീപകാലത്തായി ഇത്തരം സംഭവങ്ങള്‍ എറിവരുന്നതായാണ് കണക്ക്.
വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ക്കു കീഴിലെ യൂണിയനുകളില്‍ അംഗത്വമുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ ഓഫീസുകളില്‍ ഉള്‍പ്പെടെ രാഷ്ട്രീയ ചര്‍ച്ചകളില്‍ മുഴുകുന്നതും സോഷ്യല്‍ മീഡിയവഴി പ്രചാരണത്തില്‍ പങ്കാളികളാകുന്നതും വ്യാപകമായിരിക്കുകയാണ്. ഇത്തരത്തിലുള്ള എന്തെങ്കിലും സ്വാധീനത്തിന് വഴങ്ങി “രാഷ്ട്രീയം’ കളിച്ചാല്‍ ക്രിമിനല്‍ പ്രൊസീഡ്യര്‍ കോഡ് ആക്ട് 1951 പ്രകാരം നടപടികള്‍ സ്വീകരിക്കുമെന്ന് ഉത്തരവില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
എല്ലാരാഷ്ട്രീയപാര്ട്ടികളെയും തങ്ങളുടെ ജോലിയുടെ ഭാഗമായി ഒരുപോലെ കാണണം. സ്ഥാനമാനങ്ങളോ പേരോ ഉപയോഗിച്ച് സ്ഥാനാര്‍ഥികള്‍ക്ക് നേട്ടമുണ്ടാക്കി കൊടുക്കാനോ മറ്റൊരാളെ മോശമായി ചിത്രീകരിക്കാനോ വഴിയൊരുക്കരുത്.
ഇത്തരത്തിലുള്ള പരാതികള്‍ ഗൗരവമായി കണക്കാക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. എതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള ഗ്രൂപ്പുകളിലോ അസോസിയേഷനുകളിലോ ജീവനക്കാര്‍ അംഗത്വമെടുക്കരുത്. സ്വന്തം സ്ഥാനമാനങ്ങള്‍ വച്ച് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും നിര്‍ദേശത്തിലുണ്ട്.