കണ്ണൂര്: തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ച് ട്രഷറി വകുപ്പിൽ സ്ഥാനക്കയറ്റവും സ്ഥലം മാറ്റവും നടപ്പാക്കിക്കൊണ്ട് വീണ്ടും ട്രഷറി ഡയറക്ടറുടെ ഉത്തരവ്. സംഭവം വിവാദമായതോടെ മണിക്കൂറുകൾക്കം പിൻവലിച്ചു. 6/105/14/10/2019 പ്രകാരമുള്ള ഉത്തരവാണ് ട്രഷറി വകുപ്പിന്റെ ആഭ്യന്തര ഇന്റർനെറ്റ് മെയിൽ സംവിധാനമായ ട്രഷറി മെയിലിൽ പ്രസിദ്ധീകരിക്കുകയും പിൻവലിക്കുകയും ചെയ്തത്. നേരത്തെ 20 സീനിയർ അക്കൗണ്ടന്റുമാർക്ക് സെലക്ഷൻ ഗ്രേഡ് അക്കൗണ്ടന്റുമാരാക്കി ഉദ്യോഗക്കയറ്റം നൽകിയിരുന്നു.
ഇതേ തുടർന്ന് ഒഴിവു വന്നതുൾപ്പെടെയുള്ള സീനിയർ അക്കൗണ്ടന്റ് തസ്തികളിലേക്ക് ജൂണിയർ അക്കൗണ്ടന്റ്മാർക്ക് ഉദ്യോഗക്കയറ്റം നൽകി കൊണ്ടും വിവിധ തസ്തികളിലുള്ള 32 പേരെ സ്ഥലം മാറ്റിക്കൊണ്ടുമായിരുന്നു ഇക്കഴിഞ്ഞ 14ന് വൈകുന്നേരം ട്രഷറിയുടെ സൈറ്റിൽ ഉത്തരവ് പ്രസിദ്ധീകരിച്ചത്. ഉത്തരവ് വിവാദമാകുമെന്നായതോടെ രാത്രി സൈറ്റിൽ നിന്നും ഉത്തരവ് പിൻവലിക്കുകയായിരുന്നു. ഇതോടെ ഉത്തരവ് സംബന്ധിച്ച് ജീവനക്കാർക്ക് ഇടയിലും ആശയക്കുഴപ്പങ്ങളുണ്ടായി.
ഇതു സംബന്ധിച്ച് ട്രഷറി വകുപ്പിലെ ഉന്നതോദ്യഗസ്ഥനുമായി ഫോണിൽ ബന്ധപ്പെട്ടപ്പോൾ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടമുള്ള സാഹചര്യത്തിൽ ഉത്തരവ് റദ്ദാക്കിയെന്നുള്ള വിശദീകരണമാണ് ഒടുവിൽ ലഭിച്ചത്. അതേ സമയം ഉത്തരവ് സൈറ്റിൽ നിന്നും പിൻവലിച്ചതല്ലാതെ റദ്ദാക്കിയതായുള്ള വിവരങ്ങൾ ഒന്നും തന്നെ പ്രസിദ്ധീകരിച്ചിട്ടുമില്ല.
തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചു കൊണ്ട് ഈ വർഷം രണ്ടാം തവണയാണ് ട്രഷറി വകുപ്പ് ഡയറക്ടർ ഉദ്യോഗക്കയറ്റം, സ്ഥലം മാറ്റം എന്നിവ സംബന്ധിച്ചുള്ള ഉത്തരവിറക്കുന്നത്. മാർച്ച് മാസത്തിലായിരുന്നു ആദ്യം ചട്ടം ലംഘിച്ച് ഉത്തരവിറക്കിയത്. ലോക്സഭാ തെരഞ്ഞെടുപ്പ് വേളയിൽ മാർച്ച് 11നായിരുന്നു ഉദ്യോഗക്കയറ്റം, സ്ഥലം മാറ്റം എന്നിവ സംബന്ധിച്ചുള്ള ഉത്തരവ് പ്രസിദ്ധീകരിച്ചത്.
തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടമെന്ന കടന്പ ഒഴിവാക്കാൻ ചട്ടം പ്രാബല്യത്തിൽ വരുന്ന തീയതിക്കു മുന്പുള്ള മാർച്ച് എട്ട് എന്ന തീയതി രേഖപ്പെടുത്തിയായിരുന്നു ഉത്തരവിറക്കിയത്. ഈ ഉത്തരവ് ട്രഷറി മേധാവികൾ ബന്ധപ്പെട്ട ജീവനക്കാർക്ക് നൽകിയത് രണ്ടു ദിവസം കഴിഞ്ഞ് മാർച്ച് 13നായിരുന്നു.
ഇതു പ്രകാരം നേരത്തെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട പലരും സ്ഥലം മാറ്റപ്പെട്ടിരുന്നു. ഇതേ തുടർന്ന് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ പുതിയ പട്ടിക തയാറാക്കേണ്ടി വരികയും ചെയ്തിരുന്നു.
കൂടെത സ്ഥലം മാറ്റപ്പെട്ട ചിലർ നേരത്തെയുള്ള പട്ടിക പ്രകാരം അതാത് സ്ഥലത്ത് തെരഞ്ഞെടുപ്പ് ഡ്യൂട്ടി എടുക്കേണ്ടിയും വന്നിരുന്നു. ഇക്കാര്യങ്ങൾ സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷണം നടത്തുന്നതിനിടെയാണ് വീണ്ടും വിവാദമായ ഉത്തരവ് പുറപ്പെടുവിച്ചതും റദ്ദാക്കിയതും