തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിനു വോട്ടു ചെയ്യാനായി എത്തുന്ന ഭിന്നശേഷിയുള്ളവർക്കു പോളിംഗ് ബൂത്ത് വരെ വാഹന സൗകര്യവും ബൂത്തുകളിൽ വീൽചെയറുകളും ലഭ്യമാക്കും. ഭിന്നശേഷിക്കാരുടെ യാത്രാ സൗകര്യത്തിനായി ഓട്ടോറിക്ഷകൾ ഏർപ്പെടുത്തുന്നുണ്ട്.
തെരഞ്ഞെടുപ്പു ദിവസം എല്ലാ സർക്കാർ ആശുപത്രികളും തുറന്നുപ്രവർത്തിപ്പിക്കാൻ ഡിഎംഒ നിർദേശം നൽകിയിട്ടുണ്ട്. വൈദ്യസേവനവും കുടിവെള്ളവും മരുന്നുകളും ബൂത്തുകളിൽ ലഭ്യമാക്കുകയും ചെയ്യും. ആവശ്യക്കാർക്ക് ആംബുലൻസ് സംവിധാനവും സജ്ജമാണെന്നു ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ടി.വി. അനുപമ അറിയിച്ചു.
വോട്ടെടുപ്പ് ദിവസത്തേക്കായി എല്ലാ പിഎച്ച്സികളിൽനിന്നും വീൽചെയറുകൾ ശേഖരിച്ചിട്ടുണ്ട്. വ്യക്തികൾ, സംഘടനകൾ, സ്ഥാപനങ്ങൾ, സർക്കാരിതര സംഘടനകൾ, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽനിന്നായി 466 ഓളം വീൽചെയറുകളും ഇതുവരെ ലഭ്യമായിട്ടുണ്ട്. വീൽചെയറുകൾ വോളന്റിയർമാർ ഏറ്റെടുത്തു പോളിംഗ് സ്റ്റേഷനുകളിൽ എത്തിക്കുകയും പോളിംഗിനുശേഷം തിരികെ എത്തിക്കുകയും ചെയ്യും.
വോളന്റിയർ ജോലികൾക്കായി അങ്കണവാടി ജീവനക്കാർ, ആക്ട്സ് പ്രവർത്തകർ, പെയിൻ ആൻഡ് പാലിയേറ്റീവ് അംഗങ്ങൾ എന്നിവരെ നിയോഗിക്കും. ബൂത്തുകളിൽ ആരോഗ്യപ്രവർത്തകരുടെ സേവനം ഏർപ്പെടുത്തിയതിനൊപ്പം ഇതിന്റെ മേൽനോട്ടത്തിനായി ഫീൽഡ് ജീവനക്കാരേയും നിയോഗിച്ചിട്ടുണ്ട്.
വോട്ടു ചെയ്യാനെത്തുന്നവർ ഒരു കുടയും ഒരു കുപ്പി വെള്ളവും കൈയിൽ കരുതണമെന്ന് ആരോഗ്യ വകുപ്പ് നിഷ്കർഷിക്കുന്നു. വോട്ടിംഗ് ദിവസം ദീർഘനേരം ക്യുവിൽ നിൽക്കേണ്ടിവന്നാൽ വെയിലത്തുനിന്നും മാറിനിൽക്കുന്നതിനു ശ്രദ്ധിക്കണം. സൂര്യാഘാതം പോലുള്ളവയെ പ്രതിരോധിക്കാൻ വ്യക്തിപരമായ ശ്രദ്ധ വേണമെന്നും ആരോഗ്യ പ്രവർത്തകർ അറിയിച്ചു.