ന്യൂഡൽഹി: ഹരിയാനയിലെയും ജമ്മു കാഷ്മീരിലെയും നിയമസഭാ തെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ നാളെ നടക്കും. ലോക്സഭാ തെരഞ്ഞെടുപ്പിലെ തിളക്കമാർന്ന പ്രകടനം നിയമസഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസ് ആവർത്തിക്കുമെന്നാണു എക്സിറ്റ്പോൾ ഫലങ്ങൾ.
ഹരിയാനയിൽ പത്തു വർഷമായി തുടരുന്ന ബിജെപി ഭരണം അവസാനിപ്പിച്ച് കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തുമെന്നു ഭൂരിഭാഗം സർവേകളും പറയുന്നു. ജമ്മു കാഷ്മീരിൽ ആർക്കും ഭൂരിപക്ഷമില്ലാത്ത ജനവിധിയാണു പ്രവചിക്കുന്നതെങ്കിലും കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യം മോശമില്ലാത്ത പ്രകടനം നടത്തുമെന്നാണ് അനുമാനം.
ജമ്മു കാഷ്മീരിൽ തൂക്കുസഭ പ്രവചിക്കുന്പോഴും ബിജെപിയുടെ മുൻസഖ്യമായ മെഹ്ബുബ മുഫ്തിയുടെ പിഡിപിക്ക് എട്ട് സീറ്റുകൾവരെ ലഭിച്ചേക്കാമെന്നും പറയുന്നു.
സർക്കാർ രൂപീകരണത്തിൽ നിർണായകശക്തിയായി മാറാൻ പിഡിപിക്കു കഴിഞ്ഞേക്കും. അതേസമയം ബിജെപിയുമായി ഒരുകാരണവശാലും സഖ്യത്തിനില്ലെന്നാണു തെരഞ്ഞെടുപ്പിനു മുന്പ് മെഹ്ബുബ മുഫ്തി പറഞ്ഞിരുന്നത്.
യുവജന പ്രതിഷേധവും കർഷകരോഷവും ബിജെപിക്കു തിരിച്ചടിയായെന്നാണു ഹരിയാനയിൽ നിന്നുള്ള സൂചനകൾ വ്യക്തമാക്കുന്നത്.
സമീപസംസ്ഥാനങ്ങളായ ഡൽഹിയിലും പഞ്ചാബിലും ഭരണത്തിലിരിക്കുന്ന അരവിന്ദ് കേജരിവാളിന്റെ ആം ആദ്മി പാർട്ടിക്ക് ഹരിയാനയിൽ അക്കൗണ്ട് തുറക്കാനാകില്ല എന്നതാണ് മറ്റൊരു പ്രവചനം.