കൊച്ചി: എറണാകുളം ലോക്സഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി ഹൈബി ഈഡന്റെ വരവ് ഒരു വരിയിൽ ഇങ്ങനെ വിശേഷിപ്പിക്കാം -അന്ന് മോഹിച്ചു, ഇത്തവണ നേടിയെന്ന്. ഇൗ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി ആദ്യം മുതൽക്കേ ഹൈബിയുടെ പേര് ഉയർന്നുവന്നിരുന്നെങ്കിലും സ്ഥലം എംപിയായ കെ.വി. തോമസിനെ മാറ്റി മറ്റൊരു സ്ഥാനാർഥിയെന്നത് ദുഷ്കരമാണെന്ന് പലരും കരുതി.
സിറ്റിംഗ് എംപിമാർക്ക് വീണ്ടും അവസരം നൽകുമെന്ന ഹൈക്കമാൻഡ് അറിയിപ്പും പലയിടങ്ങളിലും കെ.വി. തോമസിന്റെ പേരിൽ ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടതും യുഡിഎഫ് സ്ഥാനാർഥി കെ.വി. തോമസ് തന്നെയാണെന്ന പ്രചാരണങ്ങൾക്ക് ആക്കംകൂട്ടി.
എന്നാൽ, ഹൈക്കമാൻഡ് സ്ഥാനാർഥിപ്പട്ടിക പുറത്തുവിട്ടപ്പോഴാകട്ടെ ഹൈബി ഈഡൻ സ്ഥാനാർഥി. ലോക്സഭാ സീറ്റിലേക്ക് മത്സരിക്കാൻ നിശ്ചയിക്കപ്പെട്ടത് അപ്രതീക്ഷിതമായിട്ടാണെങ്കിലും അതിലേക്കുള്ള ഓർമകൾക്ക് ഹൈബി ഈഡന് വർഷങ്ങളുടെ പഴക്കമുണ്ട്. കൃത്യം പറഞ്ഞാൽ പത്ത് വർഷംമുന്പ് 2009 മുതൽക്കേ സീറ്റിനു വേണ്ടി അന്നും മത്സരമുണ്ടായിരുന്നു.
അന്നാകട്ടെ കെ.വി. തോമസ് എംഎൽഎയും ഹൈബി ഈഡൻ എൻഎസ് യു പ്രസിഡന്റ് എന്ന നിലയിൽ ഡൽഹിയിൽ പ്രവർത്തിച്ചുവരികയുമായിരുന്നു. സിറ്റിങ് എംഎൽഎമാർ മൽസരിക്കേണ്ടെന്നായിരുന്നു അന്നു കെപിസിസി തീരുമാനം. അതിനാൽതന്നെ, ജില്ലാ കോണ്ഗ്രസ് കമ്മിറ്റി നൽകിയ ലിസ്റ്റിൽ കെ.വി. തോമസ് എംഎൽഎയുടെ പേരുണ്ടായിരുന്നില്ല.
എൻഎസ് യു പ്രസിഡന്റ് എന്ന നിലയിൽ രാഹുൽ ഗാന്ധിയുമായി ഏറെ അടുപ്പമുള്ള ഹൈബി സ്ഥാനാർഥിയായി വരുമെന്ന പ്രതീക്ഷയായിരുന്നു ഏവരിലും ഉണ്ടായിരുന്നത്. പക്ഷെ സ്ഥാനാർഥിപ്പട്ടിക പുറത്തുവന്നപ്പോഴാകട്ടെ കെ.വി. തോമസ് അകത്തും ഹൈബി പുറത്തും. ഹൈബിയേക്കാൾ കൂടുതൽ ബന്ധം ഹൈക്കമാൻഡിൽ തോമസിനുണ്ടായിരുന്നു.
സീറ്റിന്റെ കാര്യത്തിലും തെരഞ്ഞെടുപ്പിലും അന്നു വിജയിച്ച കെ.വി. തോമസിന് പക്ഷെ ഇക്കുറി പിഴച്ചു. സിറ്റിംഗ് എംപിയുടെ സീറ്റിൽ ഹൈബി ഈഡൻ എംഎൽഎ മത്സരിക്കുന്നു.