ഇരിങ്ങാലക്കുട: തെരഞ്ഞെടുപ്പ് മുന്നിലെത്തിയതോടെ തദ്ദേശ ഭരണസ്ഥാപനങ്ങളിൽ ഉദ്ഘാടന മാമാങ്കൾക്ക് അരങ്ങൊരുങ്ങി. ഭരണകക്ഷിയുടെ പ്രകടന പത്രികയിലെ വികസന വാഗ്ദാനങ്ങളാണ് തെരഞ്ഞെടുപ്പ് അടുത്തെത്തിയതോടെ ധൃതി പിടിച്ച് ഉദ്ഘാടനം നടത്തി ജനങ്ങളെ പ്രീണിപ്പിക്കാൻ ശ്രമിക്കുന്നത്.
കോവിഡ് പശ്ചാത്തലവും നിയന്ത്രണങ്ങളുടെയും നടുവിൽ തങ്ങളുടെ ഭരണനേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ എല്ലാ അടവും പയറ്റുകയാണ് നേതാക്കൾ.
കോവിഡ് പ്രോട്ടോക്കോൾ ഉള്ളതിനാലും ആളെ കൂട്ടാൻ സാധിക്കാത്തതിനാലും തെരഞ്ഞെടുപ്പ് നിയന്ത്രണങ്ങൾ നടപ്പിൽ വരുന്നതിനുമുന്പ് കിട്ടിയ നേതാക്കളെ ഉപയോഗിച്ച് പരമാവധി ഉദ്ഘാടനം നടത്തി നേട്ടങ്ങളുടെ പട്ടിക വലുതാക്കാനാണ് ഭരണകക്ഷികളും പ്രതിനിധികളും കിണഞ്ഞു പരിശ്രമിക്കുന്നത്.
കോവിഡ് പ്രതിസന്ധിയും ലോക് ഡൗണും അനിശ്ചിതത്തിലാക്കിയ നിർമാണങ്ങളാണ് അടിയന്തര പ്രധാന്യത്തോടെ പൂർത്തിയാക്കി ഉദ്ഘാടനങ്ങൾ നടത്തുന്നത്. പടിയൂർ, പൂമംഗലം, ആളൂർ, മുരിയാട്, വേളൂക്കര, കാട്ടൂർ, കാറളം പഞ്ചായത്തുകളിൽ നിരവധി പദ്ധതികളാണ് ഉദ്ഘാടന ചടങ്ങുകളായി ഇപ്പോൾ നടക്കുന്നത്.
എല്ലാ വാർഡുകളിലും എന്തെങ്കിലും ഉദ്ഘാടനം പ്രതീക്ഷിക്കാമെന്നാണ് പഞ്ചായത്ത് പ്രസിഡന്റുമാർ പറയുന്നത്. എംഎൽഎ യുടെയും ജില്ലാ പഞ്ചായത്തിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും സഹകരണത്തോടെ ഫണ്ടുകൾ വിനിയോഗിച്ചാണ് ഇത്തരം പദ്ധതികൾ പൂർത്തീകരിച്ചിരിക്കുന്നത്.
പല പദ്ധതികളും തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി തറക്കല്ലിടലാണ് ഇപ്പോൾ നടക്കുന്നത്. തങ്ങളിലേൽപ്പിച്ച പ്രതീക്ഷകൾ യാഥാർഥ്യമാക്കിയെന്നു വരുത്തീർക്കാനുള്ള ജനപ്രതിനിധികളുടെ ശ്രമങ്ങളാണിതിനു പിന്നിൽ. പലയിടത്തും ഉദ്ഘാടന പ്രഹസനത്തെ തുറന്നുകാട്ടി പ്രതിപക്ഷവും രംഗത്തുണ്ട്.
റോഡ്, ഹൈമാസ്റ്റ്, അങ്കണവാടി…
നടപ്പാത മുതൽ ഗ്രാമീണ – നഗര റോഡുകളുടെ നവീകരണം, നിർമാണം തുടങ്ങിയ വൻ പദ്ധതികളാണ് തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ഒരുങ്ങുന്നത്.നവീകരിച്ച ഫ്രണ്ട് ഓഫീസ്, മത്സ്യകൃഷി, സാംസ്കാരിക നിലയങ്ങളുടെ ഉദ്ഘാടനം, തറക്കല്ലിടൽ, ഹൈമാസ്റ്റ് ലൈറ്റ് എന്നിവയുടെ ഉദ്ഘാടനങ്ങൾ അടുത്ത ദിവസങ്ങളിൽ നടക്കും.
ജനങ്ങളില്ലാതെ എന്ത് ആഘോഷം
ഉദ്ഘാട ചടങ്ങുകളിൽ ജനപങ്കാളിത്തത്തിൽ നിയന്ത്രണമുള്ളതിനാൽ എങ്ങനെ കാര്യങ്ങൾ ജനങ്ങളിലെത്തിക്കുമെന്ന ചിന്തയും ജനപ്രതിനിധികളുടെ മുന്നിലുണ്ട്. ഇനി നാട്ടുകാരെ വിളിച്ചുകൂട്ടിയാൽ എങ്ങനെ ഇതു തടയുമെന്ന് പോലീസും ആരോഗ്യവകുപ്പും ചിന്തിക്കുന്നുണ്ട്.
പൊതു പരിപാടികളിലെ പങ്കാളിത്തം നൂറു പേർക്കാക്കിയത് പ്രയോജനപ്പെടുത്താനാണ് സംഘാടകരുടെ നീക്കം. ഈമാസം പകുതിയോടെ സംവരണവാർഡുകളുടെ തെരഞ്ഞെടുപ്പും തുടർന്ന് ഈ മാസം തന്നെ വിജ്ഞാപനവും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഉദ്ഘാടനങ്ങൾ സംഘടിപ്പിക്കുന്നത്.
സാധാരണ നിലയിൽ മന്ത്രിമാർവരെ പങ്കെടുക്കേണ്ട പരിപാടികളാണെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ കിട്ടിയവരെവച്ചാണ് ഉദ്ഘാടനം.