നവാസ് മേത്തർ
തലശേരി: ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി പ്രസിഡന്റായി സുധാകര വിഭാഗത്തിലെ കരുത്തനും ഡിസിസി സെക്രട്ടറിയുമായ കടവത്തൂർ സ്വദേശി കെ.പി.സാജു തെരഞ്ഞെടുക്കപ്പെടും.മറ്റൊരു ഡിസിസി സെക്രട്ടറിയായ കണ്ടോത്ത് ഗോപി വൈസ് പ്രസിഡന്റാകുമെന്നാണ് സൂചന.
അഡ്വ. ഷുഹൈബ് ഉൾപ്പെടെ മൂന്ന് ഡിസിസി സെക്രട്ടറിമാരാണ് ബോർഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. മുസ്ലിംലീഗ് കൂത്തുപറമ്പ് നിയോജക മണ്ഡലം പ്രസിഡന്റും വ്യവസായ പ്രമുഖനുമായ പൊട്ടക്കണ്ടി അബ്ദുള്ള നോമിനേറ്റഡ് പ്രതിനിധിയായി ഡയറക്ടർ ബോർഡിൽ എത്തുമെന്നും റിപ്പോർട്ടുണ്ട്.
സഹകരണ രംഗത്തെ വിദഗ്ദരായ ഒരാളെ നോമിനേറ്റഡ് പ്രതിനിധിയായി ബോർഡിലെത്തിക്കാനും ശ്രമമുണ്ട്. ഇന്ന് രാവിലെ തലശേരിയിൽ നടക്കുന്ന യുഡിഎഫ് യോഗത്തിൽ ഇക്കാര്യങ്ങൾ അന്തിമ തീരുമാനമാകും. യുഡിഎഫ് യോഗത്തിനു ശേഷം പൊതു സമ്മേളനവും നടക്കും.
കെ പിസിസി പ്രസിഡന്റ് കെ.സുധാകരൻ പരിപാടിയിൽ പങ്കെടുക്കും. അട്ടിമറി വിജയം കരസ്ഥമാക്കിയതോടെ കടുത്ത ആവേശത്തിലാണ് യു ഡി എഫ് പ്രവർത്തകർ.ജില്ലാ കോൺഗ്രസ് നേതൃത്വം നടത്തിയ ഒത്തു തീർപ്പ് ശ്രമങ്ങളോട് പൂർണമായും മുഖം തിരിച്ച മമ്പറം ദിവാകരന്റെ നേതൃത്വത്തിലുള്ള പാനൽ പൂർണമായും പരാജയപ്പെട്ടത് സുധാകര വിരുദ്ധരിൽ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.
ഇന്നലെ മമ്പറം ഇന്ദിരാഗാന്ധി പബ്ലിക് സ്കൂളിൽ നടന്ന തെരഞ്ഞെടുപ്പിൽ ആദ്യ ഘട്ടം മുതൽ അവസാന ഘട്ടം വരെ ഔദ്യാഗിക പാനലിന് അനുകൂലമായ തരംഗം തന്നെയാണുണ്ടായത്. ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, മുൻ പ്രസിഡന്റ് സതീശൻ പാച്ചേനി എന്നിവരുടെ നേതൃത്വത്തിൽ യു ഡി എഫ് നേതൃത്വം ഒറ്റക്കെട്ടായി നടത്തിയ പോരാട്ടത്തി മൂന്ന് പതിറ്റാണ്ട് കാലമായി കാലമായി ആശുപത്രിയെ നയിച്ച മമ്പറം ദിവാകരൻ കടപുഴകുകയായിരുന്നു.
യുഡിഎഫ് സ്ഥാനാർഥികളായ കെ.പി സാജു, അഡ്വ സി.ജി അരുൺ, കണ്ടോത്ത് ഗോപി, സി.കെ ദിലീപൻ, മിഥുൻ മാറോളി , എൻ. മുഹമ്മദ്, അഡ്വ.കെ. ഷുഹൈബ്, സുശീൽ ചന്ദ്രോത്ത്, മീറാ സുരേന്ദ്രൻ, ടി.പി. വസന്ത , എ.വി ശൈലജ, മനോജ് അണിയാറത്ത് എന്നിവരാണ് വിജയിച്ചത്. തോൽവി ഏറ്റുവാങ്ങിയ മമ്പറം ദിവാകരന്റെ പാനലിൽ വ്യവസായ പ്രമുഖരും ഉൾപ്പെടുന്നുണ്ട്.