ആലുവ: ലോക് സഭ തെരഞ്ഞെടുപ്പിൽ ചാലക്കുടി മണ്ഡലത്തിൽ ഇടത് മുന്നണിക്കായി രണ്ടാം വട്ടം മത്സരിക്കുന്ന ഇന്നസെന്റ് എംപി ആലുവ നിയോജക മണ്ഡലത്തിൽ പ്രചരണ പരിപാടികൾ ആരംഭിച്ചു. വോട്ടർമാരെ നേരിൽ കാണാനായി ഉത്സവാഘോഷങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് സമയം ചെലവഴിച്ചത്.
എടയപ്പുറം കോലാട്ടുകാവ് ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി താലപ്പൊലി മഹോത്സവത്തിന്റെ സമാപന ദിവസമായ ഇന്നലെ എൽഡിഎഫ് സ്ഥാനാർഥി ഇന്നസെന്റും നേരിട്ടെത്തി. വൈകിട്ട് പകൽപ്പൂരം ക്ഷേത്രത്തിലെത്തിയപ്പോൾ ഇന്നസെന്റ് എംപി നേരിട്ടെത്തി ഉത്സവത്തിൽ പങ്കാളികളായി. ജിസിഡിഎ ചെയർമാൻ വി. സലീമടക്കം നേതാക്കന്മാരും ഒപ്പമുണ്ടായിരുന്നു.
ഇതോടെ മറ്റു കക്ഷികളും ഉത്സവ പറമ്പിലെത്തി. ഉച്ചയ്ക്ക് പ്രസാദ ഊട്ടിൽ പങ്കെടുക്കാൻ അൻവർ സാദത്ത് എംഎൽഎയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കളാണ് ആദ്യമെത്തിയത്. ബിജെപി ജില്ലാ സെക്രട്ടറി എം.എൻ. ഗോപിയുടെ നേതൃത്വത്തിൽ എൻഡിഎ സംഘവും രാത്രി ക്ഷേത്രത്തിലെത്തി.