നിയാസ് മുസ്തഫ
ഉത്തർപ്രദേശിലെ ശ്രദ്ധേയ മണ്ഡലങ്ങളിലൊന്നായി രാംപുർ മാറിക്കഴിഞ്ഞു. തെന്നിന്ത്യൻ നടിയും മുൻ എംപിയുമായ ജയപ്രദ മത്സരരംഗത്തേക്കു വന്നതോടെയാണ് രാംപുരിനു താരത്തിളക്കം ലഭിച്ചത്. മോഹൻലാൽ നായകനായ പ്രണയം, ദേവദൂതൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച ജയപ്രദയെ മലയാളിക്കും മറക്കാനാകില്ല.
2004ലും 2009ലും രാംപുരിൽനിന്ന് എംപിയായ ജയപ്രദ 2019ലും ഇവിടെ നിന്ന് ജനവിധി തേടുന്പോൾ വിജയം അവർക്കൊപ്പമാകുമോയെന്ന് നിശ്ചയിക്കാനാകാത്ത നിലയിലാണ് കാര്യങ്ങൾ. 2004ലും 2009ലും ജയപ്രദ ഇവിടെനിന്ന് എംപിയായത് സമാജ് വാദി പാർട്ടിയുടെ ലേബലിൽ ആയിരുന്നു.
പക്ഷേ 2019ൽ അവർ മണ്ഡലത്തിലെത്തുന്നത് ബിജെപിയുടെ സ്ഥാനാർഥി ആയിട്ടാണെന്നതാണ് ശ്രദ്ധേയം. വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ജയപ്രദയുടെ പോക്ക്. മണ്ഡലത്തിലെ മുൻ എംപി എന്ന നിലയിൽ താൻ നടത്തിയ വികസനപ്രവർത്തനങ്ങൾ വോട്ടായി മാറുമെന്ന് ജയപ്രദ പ്രതീക്ഷിക്കുന്നു.
മണ്ഡലത്തിൽ ഹിന്ദു-മുസ്ലിം വോട്ടുകൾ നിർണായകമാണ്. ഇത്തവണ മുസ്ലിം വോട്ടുകൾ ജയപ്രദയ്ക്കു ലഭിക്കില്ലായെന്നതാണ് അവർ തോൽക്കുമെന്ന് വിലയിരുത്താൻ എതിർപക്ഷമായ സമാജ് വാദി പാർട്ടിയെ പ്രേരിപ്പിക്കുന്നത്. സമാജ് വാദി പാർട്ടിയിലെ പ്രമുഖ നേതാവായ അസംഖാനാണ് ജയപ്രദയുടെ ഇവിടുത്തെ എതിരാളി. രാംപുർ നിയമസഭാ മണ്ഡലത്തിൽനിന്ന് തുടർച്ച യായി വിജയിക്കുന്ന നേതാവാണ് അസംഖാൻ. പല തവണ യുപി യിലെ മന്ത്രിയുമായിരുന്നു.
എസ്പിക്ക് ഇവിടെ മുസ്ലിം വോട്ടുകളിൽ നിർണായക സ്വാധീനമുണ്ട്. പക്ഷേ രാംപുരിനെ സംബന്ധിച്ച് ഹിന്ദു-മുസ്ലിം വേർതിരിവില്ലെന്ന നിലപാടാണ് ജയപ്രദയ്ക്കുള്ളത്. കോൺഗ്രസിനു വേണ്ടി ബോളിവുഡ് നടനും നിർമാതാവുമായ സഞ്ജയ് കപൂർ മത്സരിക്കും. രാംപുർ ശരിക്കും കോൺഗ്രസ് മണ്ഡലമായിരുന്നു. പക്ഷേ പിന്നീട് ഈ മണ്ഡലം കോൺഗ്രസിനു നഷ്ടപ്പെട്ടു. 2004ലും 2009ലും മാത്രമാണ് സമാജ് വാദി പാർട്ടി ഇവിടെ വിജയിച്ചത്. അതും ജയപ്രദ സ്ഥാനാർഥി ആയതിനാൽ.
2014ൽ നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിയാണ് ഇവിടെ ജയിച്ചത്. ബിജെപിയുടെ ഡോ. നേപാൾ സിംഗ് 3,58,616 വോട്ട് നേടി. സമാജ് വാദി പാർട്ടിയിലെ നസീർ അഹമ്മദ് ഖാൻ 3,35,181 വോട്ട് നേടി. 23,435വോട്ടിന്റെ ഭൂരിപക്ഷത്തിൽ ബിജെപി വിജയിച്ചു. കഴിഞ്ഞ തവണ എസ്പിയും ബിഎസ്പിയും കോണ്ഗ്രസും വേറിട്ടായിരുന്നു ഇവിടെ മത്സരിച്ചിരുന്നത്. കോണ്ഗ്രസിലെ നവാബ് കാസിം അലിഖാൻ 1,56,466 വോട്ട് നേടിയപ്പോൾ ബിഎസ്പിയുടെ അക്ബർ ഹുസൈൻ 81,006വോട്ടും നേടി.
എന്നാൽ കാര്യങ്ങൾ ഇത്തവണ വ്യത്യസ്തമാണ്. എസ്പി-ബിഎസ്പി സഖ്യം നിലനിൽക്കുന്നതിനാൽ എസ്പി സ്ഥാനാർഥിക്ക് ശക്തി കൂടിയേക്കും. പ്രിയങ്ക ഗാന്ധി യുപിയിൽ എത്തിയതിന്റെ തരംഗത്തിലും മോദി വിരുദ്ധ തരംഗത്തിലും വിജയിച്ചുകയറാമെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. എന്നാൽ 2014ൽ ബിജെപിക്ക് ഇവിടെ വിജയിക്കാമെങ്കിൽ ഇത്തവണയും വിജയിക്കാമെന്നാണ് ജയപ്രദയുടെ പ്രതീക്ഷ
1994ൽ എൻടി രാമറാവുവിന്റെ തെലുഗു ദേശം പാർട്ടിയിലൂടെയായിരുന്നു ജയപ്രദയുടെ രാഷ്്ട്രീയ പ്രവേശം. പിന്നീട് ചന്ദ്രബാബു നായിഡുവിന്റെ വിശ്വസ്തയായി മാറിയ ജയപ്രദ ആന്ധ്രയിൽനിന്ന് രാജ്യസഭയിലുമെത്തി. ഒരു ഘട്ടത്തിൽ തെലുങ്കു ദേശത്തിന്റെ മഹിളാ സംഘടനയുടെ അധ്യക്ഷ പദവി വരെ വഹിച്ചിരുന്നു.
പിന്നീട് ചന്ദ്രബാബു നായിഡുവുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് തെലുങ്ക് ദേശം പാർട്ടി വിട്ട ജയപ്രദ യുപിയിലേക്ക് ചുവടുമാറ്റി സമാജ്വാദി പാർട്ടിയിൽ ചേരുകയായിരുന്നു. 2004ലും 2009ലും എസ്പിയുടെ എംപിയായ ജയപ്രദ അസംഖാനുമായുള്ള പ്രശ്നങ്ങളെ തുടർന്ന് എസ്പിയിൽനിന്ന് പുറത്താക്കുകയായിരുന്നു.
അസംഖാനിൽ നിന്നുള്ള പീഡനത്തെ തുടർന്നാണ് എസ്പി വിട്ടതെന്ന് ജയപ്രദ കഴിഞ്ഞ മാസം മുംബൈയിലെ സാഹിത്യമേളയിൽ തുറന്നടിച്ചിരുന്നു. അസംഖാൻ തനിക്കെതിരെ ആസിഡ് ആക്രമണത്തിനു വരെ മുതിർന്നെന്നും ജയപ്രദ ആരോപിച്ചിരുന്നു. രാഷ്്ട്രീയത്തിലെ ബദ്ധവൈരികൾ തന്നെ രാംപു രിൽ മത്സരരംഗത്തു വന്നതും ചൂടുള്ള ചർച്ചയാണ്.
സമാജ്വാദി പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട ജയപ്രദ അമർസിംഗിനൊപ്പം ആർഎൽഡിയിൽ ചേക്കേറി. 2014ൽ ബിജ്നോർ മണ്ഡലത്തിൽനിന്ന് വീണ്ടും ലോക്സഭയിലേക്ക് മത്സരിച്ച ജയപ്രദ പക്ഷേ പരാജയപ്പെട്ടു. ഇക്കുറി വീണ്ടും ബിജെപി ടിക്കറ്റിൽ രാംപുരിൽ നിന്ന് മത്സരിക്കുന്നു.
ബിജെപിയിൽ ചേർന്നതു ജീവിതത്തിലെ നിർണായക നിമിഷമെന്നു പറഞ്ഞ ജയപ്രദ ദേശീയ സുരക്ഷാ പ്രശ്നങ്ങളിൽ ഇടപെടുന്ന നേതാക്കളുള്ള പാർട്ടിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിനു കീഴിൽ പ്രവർത്തിക്കാൻ കഴിയുന്നത് അഭിമാനമാണെന്നാണ് അന്പത്താറുകാരിയായ നടി പറഞ്ഞത്.