ന്യൂഡൽഹി: കോണ്‍ഗ്രസിന്റെ നാലു മണ്ഡലങ്ങളിലെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തുവിടും. തർക്കവും പ്രതിസന്ധിയും വയനാട്ടിൽനിന്നു വടകരയിലേക്കു മാറിയതോടെയാണു പ്രഖ്യാപനം വീണ്ടും നീണ്ടത്. സിപിഎം സ്ഥാനാർഥി പി. ജയരാജനെതിരേ മത്സരിക്കാൻ കോണ്‍ഗ്രസിന്റെ തലയെടുപ്പുള്ള ഒരു നേതാവ് വടകരയിൽ ഇറങ്ങണമെന്നതാണ് പാർട്ടിയിലെ പൊതുവികാരം. അതുകൊണ്ടുതന്നെ മത്സരരംഗത്തേക്കിറങ്ങാൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനുമേൽ കടുത്ത സമ്മർദമാണ്.
എന്നാൽ, ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കിനെ അറിയിച്ചു. ടി. സിദ്ദിക്ക് വയനാടും ഷാനിമോൾ ഉസ്മാൻ ആലപ്പുഴയിലും അടൂർ പ്രകാശ് ആറ്റിങ്ങലും മത്സരിക്കും എന്നതാണു നിലവിലെ നില.
ശനിയാഴ്ച രാത്രി ആദ്യം പതിമ്മൂന്നു പേരുമായി തയാറാക്കിയ പട്ടിക വടകരയിലെ സ്ഥാനാർഥിയെ ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്നാണ് പന്ത്രണ്ട് പേരുകളിൽ ഒതുങ്ങിയത്. പിന്നീട് ഞായറാഴ്ച നടന്ന ചർച്ചയിൽ വയനാട് സീറ്റിലായിരുന്നു കൃത്യമായ ഉറപ്പു കണ്ടെത്താനാകാതെ തീരുമാനം നീണ്ടത്. വയനാട്ടിലെ സീറ്റിൽ ഉമ്മൻ ചാണ്ടി ഡൽഹിയിലെത്തി നേരിട്ടു ചർച്ച ചെയ്തിട്ടു മാത്രം തീരുമാനം എടുക്കാമെന്ന നിലപാടായിരുന്നു കെപിസിസി നേതൃത്വത്തിന്. ഇന്നലെ ഉമ്മൻ ചാണ്ടി ഡൽഹിയിലെത്തിയതോടെ വയനാട് സംബന്ധിച്ച് ഏകദേശ ധാരണ ആയി.
എന്നാൽ, അനിശ്ചിതത്വം വടകരയിലേക്കു നീങ്ങുകയായിരുന്നു. വടകരയിൽ ശക്തനായ ഒരാൾ മത്സരിച്ചില്ലെങ്കിൽ കോണ്‍ഗ്രസിന്റെ പ്രതിച്ഛായ പാടേ തകരും എന്ന നിലയിലുള്ള സന്ദേശങ്ങൾ ഹൈക്കമാൻഡിലേക്കും എത്തി. വടകരയിലേക്കു മൂന്നു പേരുകൾ ഉൾപ്പെട്ട ഒരു പട്ടിക കെപിസിസി അധ്യക്ഷൻ ഇന്നലെ രാഹുൽ ഗാന്ധിയുടെ പരിഗണനയ്ക്കു നൽകിയിട്ടുണ്ടെന്നാണ് വിവരം. ഇതിൽ സംസ്ഥാനത്തെ തലയെടുപ്പുള്ള നേതാവും പുതുമുഖങ്ങളും ഉൾപ്പെട്ടിട്ടുണ്ട്.
രാഹുൽ ഗാന്ധി കർണാടകത്തിൽ ആയതിനാൽ ഇക്കാര്യത്തിൽ ചർച്ചയോ തീരുമാനമോ ഉണ്ടായില്ല. രാത്രി പത്തരയോടെ മാത്രമാണ് രാഹുൽ തിരിച്ചു ഡൽഹിയിൽ എത്തിയത്. ആലപ്പുഴയിൽ ഉറപ്പെന്ന സൂചന ലഭിച്ചതോടെ ഷാനിമോൾ ഉസ്മാനും കഴിഞ്ഞ ദിവസം ഡൽഹി വിട്ടു.