മുണ്ടക്കയം/വടക്കാഞ്ചരി: കോട്ടയത്തും തൃശൂരും നേരത്തെ പോളിംഗ് തുടങ്ങി. മന്ത്രി എ.സി. മൊയ്തീൻ 6.56 ന് വോട്ട് രേഖപ്പെടുത്തിയതായി പരാതി.
മന്ത്രി എ.സി. മൊയ്തീൻ തെരഞ്ഞെടുപ്പ് ചട്ടം ലഘിച്ചതായി അനിൽ അക്കര എംഎൽഎയാണ് പരാതി നൽകിയത്. കേരളത്തിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് സമയം.
എന്നാൽ മന്ത്രി എ.സി.മൊയ്തീൻ ഇന്നുരാവിലെ പനങ്ങാട്ടുകര കല്ലംപാറ എംഎൻഡി സ്കുളിലെ ഒന്നാം നന്പർ ബൂത്തിൽ എത്തി രാവിലെ 6.56 നു തന്നെ വോട്ട് രേഖപ്പെടുത്തിയതായാണ് എംഎൽഎ ഇലക്ഷൻ കമ്മീഷന് നൽകിയ പരാതിയിൽ പറയുന്നത്.
മന്ത്രി വോട്ട് ചെയ്യാൻ എത്തിയ സമയത്ത് ബൂത്തിൽ ഇരുന്നിരുന്ന യുഡിഎഫിന്റെ ഏജന്റ് പോളിംഗ് ഓഫീസറോട് വിളിച്ചു പറഞ്ഞെങ്കിലും അത് ചെവിക്കൊള്ളാൻ ഓഫീസർ തയാറായില്ലെന്ന് ബൂത്ത് ഏജന്റ് പറഞ്ഞു.
എന്നാൽ താൻ രാവിലെതന്നെ ആദ്യ വോട്ട് ചെയ്യാൻ സ്കൂളിലെത്തി ക്യൂവിൽ നിൽക്കുന്നതിനിടെ സമയമായെന്നും പോളിംഗ് ആരംഭിക്കുകയാണെന്നും ഓഫീസർ വിളിച്ച് പറഞ്ഞതിനു ശേഷം വോട്ട് രേഖപ്പെടുത്താൻ തന്നെ വിളിക്കുകയാണ് ഉണ്ടായതെന്നു മന്ത്രി എ.സി.മൊയ്തീൻ രാഷ്ട്രദീപികയോട് പറഞ്ഞു.
6.56 വരെ നിന്ന തനിക്ക് ഏഴുമണിവരെ നിൽക്കാൻ ഒരു ബുദ്ധിമുട്ടും ഇല്ലെന്നും മന്ത്രി പറഞ്ഞു.
കോട്ടയം ജില്ലയിലെ കുട്ടിക്കൽ പഞ്ചായത്തിലെ ഇളങ്കാട് അഞ്ചാം വാർഡിൽ രാവിലെ ആറിനു പോളിംഗ് ആരംഭിച്ചു. 19 പേർ വോട്ട് ചെയ്തതോടെയാണ് സമയം തെറ്റിയാണ് പോളിംഗ് ആരംഭിച്ചതെന്ന് മനസിലായത്.
കോട്ടയം ജില്ലയിൽ ആദ്യ മണിക്കൂറുകളിൽ കനത്ത പോളിംഗ്
കോട്ടയം: കോട്ടയം ജില്ലയിൽ ആദ്യമണിക്കുറുകളിൽ കനത്ത പോളിംഗ്.
എല്ലാ ബൂത്തുകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ആദ്യ മണിക്കൂറുകളിൽ 25.82 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 4,16,636 പേരാണ് വോട്ട് ചെയ്തത്. 2,21,360 പുരുഷൻമാരും 1,95,276 സ്ത്രീകളും വോട്ട് ചെയ്തതായാണ് ഒൗദ്യോഗിക കണക്ക്.
പോളിംഗ് തുടങ്ങിയ ആദ്യമണിക്കൂറുകളിൽ വിവിധ ബൂത്തുകളിൽ വോട്ടിംഗ് മെഷീനുകൾ പണിമുടക്കി. കോട്ടയം നഗരസഭയിലെ 52-ാം വാർഡിലെ രണ്ടാം നന്പർ ബൂത്തിലും എലിക്കുളം പഞ്ചായത്തിലെ 15-ാം നന്പർ ബൂത്തിലുമാണ് മെഷീനുകൾക്കു തകരാറുണ്ടായത്.
കോട്ടയം നഗരസഭയിലെ 52-ാം വാർഡിൽ മെഷീൻ തകരാറിലായതോടെ ഒരു മണിക്കൂറോളമാണ് വോട്ടിംഗ് മുടങ്ങിയത്.
ആദ്യമുണ്ടായിരുന്ന മെഷീൻ തകാറിലായതോടെ രണ്ടാമത് മെഷീൻ എത്തിച്ചെങ്കിലും അതും തകരാറിലായി. തുടർന്ന് ആദ്യത്തെ മെഷീനിന്റെ തകരാർ പരിഹരിച്ചു വോട്ടിംഗ് ആരംഭിക്കുകയായിരുന്നു.
കാഞ്ഞിരപ്പള്ളി പഞ്ചായത്ത് 20-ാം വാർഡിലെ ഒന്നാം നന്പർ നെടുങ്ങാട് ബൂത്തിൽ വോട്ടിംഗ് തടസപ്പെട്ടു. മെഷീൻ തകരാറിലായതിനെ തുടർന്ന് അര മണിക്കൂറോളമാണ് വോട്ടിംഗ് തടസപ്പെട്ടിരിക്കുകയാണ്.
വൈക്കത്ത് വോട്ടിംഗ് യന്ത്രങ്ങൾ ചില സ്ഥലങ്ങളിൽ തകരാറിലായതിനെ തുടർന്നു വോട്ടിംഗ് ഏതാനും മിനിറ്റുകൾ തടസപ്പെട്ടു. വൈക്കം നഗരസഭയിൽ ശ്രീനാരായണപുരത്ത് 33 വോട്ടുകൾ ചെയ്തു കഴിഞ്ഞപ്പോഴാണ് വോട്ടിംഗ് യന്ത്രം തകരാറിലായത്.
ടിവിപുരം കൽപകശേരിയിലും വെച്ചൂർ ഇടയാഴം തോട്ടാപ്പള്ളിയിലും വോട്ടിംഗ് യന്ത്രങ്ങൾ തകരാറിലായെങ്കിലും ഉടൻ പരിഹരിച്ചു വോട്ടിംഗ് പുനരാരംഭിച്ചു.
എരുമേലി പഞ്ചായത്തിലെ ശ്രീനിപുരം വാർഡിൽ മെഷീൻ് തകരാറിലായതോടെ വോട്ടെടുപ്പ് രണ്ട് തവണ തടസപ്പെട്ടു.
ശ്രീനിപുരം കോളനി വാർഡിലെ പോളിംഗ് ബൂത്തായ നെടുങ്കാവുവയൽ ഗവണ്മെന്റ് എൽപി സ്കൂളിലെ രണ്ടാം നന്പർ ബൂത്തിലാണ് വോട്ടിംഗ് യന്ത്രം തകരാറിലായത്.
രാവിലെ ഏഴോടെ വോട്ടെടുപ്പ് ആരംഭിച്ച് 15 മിനിട്ട് സമയം പിന്നിട്ടപ്പോഴാണ് മെഷീനിൽ തകരാറിലായത്. ബട്ടണ് അമർത്തിയിട്ടും വോട്ട് രേഖപ്പെടുത്താതെ വന്നതോടെ പോളിംഗ് നിർത്തിവച്ചു. അര മണിക്കൂറോളം പോളിംഗ് തടസപ്പെട്ടു.
തുടർന്ന് പോളിംഗ് യന്ത്രം ശരിയാക്കിയ ശേഷം പുനരാരംഭിച്ചെങ്കിലും വീണ്ടും തകരാർ മൂലം നിർത്തിവെക്കേണ്ടി വന്നു.
അല്പസമയത്തിനകം ഉദ്യോഗസ്ഥർ എത്തി തകരാർ പരിഹരിച്ചു. വോട്ട് ചെയ്തത് കൃത്യമാകാതിരുന്ന രണ്ട് വോട്ടർമാരെ കൊണ്ട് വീണ്ടും വോട്ട് ചെയ്യിപ്പിച്ചു.