ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ടം പുരോഗമിക്കുന്നു. രാജസ്ഥാനും മധ്യപ്രദേശും ആദ്യമായി ഇന്ന് പോളിംഗ് ബൂത്തിലെത്തും. മഹാരാഷ്ട്രയിലും ഒഡീഷയിലും അവസാനഘട്ട വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. പലയിടങ്ങളിലും വോട്ടിംഗ് യന്ത്രങ്ങൾ തകരാറിലാണ്. അതിനാൽ വൈകിയാണ് വോട്ടിംഗ് തുടങ്ങിയത്.
ഒന്‍പതു സംസ്ഥാനങ്ങളിലായി 72 മണ്ഡലങ്ങളിലെ 12 കോടി 79 ലക്ഷം വോട്ടർമാരാണ് വിധിയെഴുതുന്നത്. മഹാരാഷ്ട്ര(17), രാജസ്ഥാൻ(13), യുപി(13), ബംഗാൾ(എട്ട്), ഒഡീഷ(ആറ്), മധ്യപ്രദേശ്(ആറ്), ബിഹാർ(അഞ്ച്), ജാർഖണ്ഡ്(മൂന്ന്) ജമ്മുകാഷ്മീർ (ഒന്ന്) എന്നീ സംസ്ഥാനങ്ങളിലാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുക.
രാജസ്ഥാൻ, മധ്യപ്രദേശ് തെരഞ്ഞെടുപ്പ് ബിജെപിക്ക് നിർണായകമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് വൻ തിരിച്ചുവരവ് നടത്തിയ സംസ്ഥാനങ്ങളാണിവ. സിപിഐയുടെ കനയ്യ കുമാർ, കോണ്‍ഗ്രസിൻറെ ഉൗർമിള മതോണ്ട്കർ, എസ്പിയുടെ ഡിംപിൾ യാദവ്, കോണ്‍ഗ്രസ് നേതാവ് സൽമാൻ ഖുർഷിദ്, കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോ, ആർഎൽസ്പി മേധാവി ഉപേന്ദ്ര കുശ്വഹ എന്നിവരാണ് നാലാംഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖർ.
രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗഹ്ലോട്ടിൻറെ മകൻ വൈഭവ് ഗഹ്ലോട്ടും നാലാംഘട്ടത്തിൽ ജോദ്പൂരിൽ നിന്ന് ജനവിധി തേടുന്നു. 72 മണ്ഡലങ്ങളിലായി ആകെ 945 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്.
രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പു സമയം. വോട്ടെടുപ്പിനിടെ അക്രമസംഭവങ്ങൾ പതിവായതോടെ ബംഗാളിൽ ഇത്തവണ കനത്ത സുരക്ഷയാണ്. 580 കന്പനി കേന്ദ്രസേനയെയാണു നിയോഗിച്ചിരിക്കുന്നത്.