കൽപ്പറ്റ: ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ സ്ഥാനാർഥിയാക്കുന്നതിൽ കെ.സി. റോസക്കുട്ടിക്കും ഷാനിമോൾ ഉസ്മാനും കോണ്ഗ്രസ് കേന്ദ്ര-സംസ്ഥാന നേതൃത്വം മുന്തിയ പരിഗണന നൽകിയേക്കും. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നികിന്റെ സാന്നിധ്യത്തിൽ കൽപ്പറ്റയിൽ നടന്ന ജില്ലാ കോണ്ഗ്രസ് ലീഡേഴ്സ് മീറ്റിൽ സ്ഥാനാർഥി പരിഗണനയ്ക്കു റോസക്കുട്ടിയുടെയും ഷാനിമോൾ ഉസ്മാന്റെയും പേരുകളാണ് പ്രധാനമായും ഉയർന്നത്.
ബത്തേരി എംഎൽഎയും വനിതാ കമ്മീഷൻ അധ്യക്ഷയുമായിരുന്ന റോസക്കുട്ടി നിലവിൽ ഐഐസിസി മെംബറാണ്. പാർട്ടിയിൽ എ ഗ്രൂപ്പിനൊപ്പമാണ് ഇവർ. കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗവും എഐസിസി മുൻ സെക്രട്ടറിയുമാണ് ഐ ഗ്രൂപ്പിൽനിന്നുള്ള ഷാനിമോൾ ഉസ്മാൻ.
വയനാട്ടിലെ മാനന്തവാടി, കൽപ്പറ്റ, ബത്തേരി, മലപ്പുറം ജില്ലയിലെ നിലന്പൂർ, വണ്ടൂർ, ഏറനാട്, കോഴിക്കോട് ജില്ലയിലെ തിരുന്പാടി നിയസഭാമണ്ഡലങ്ങൾ ഉൾപ്പെടുന്ന വയനാട് മണ്ഡലത്തിൽ വയനാട്ടിൽനിന്നുള്ള പ്രാപ്തനായ കോണ്ഗ്രസ് നേതാവിനെ സ്ഥാനാർഥിയാക്കണമെന്നാണ് ലീഡേഴ്സ് മീറ്റിൽ പൊതുവെ ആവശ്യം ഉയർന്നത്. മഹിളാ കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്നമ്മ ജോസ് ഉൾപ്പെടെ ചില നേതാക്കൾ മണ്ഡലത്തിൽ വനിതയെ സ്ഥാനാർഥിയാക്കണമെന്നു നിർദേശിച്ചു.
ലീഡേഴ്സ് മീറ്റിന്റെ ഭാഗമായി മുകുൾവാസ്നികിനെ ഒറ്റയ്ക്കുകണ്ട കോണ്ഗ്രസ് നേതാക്കളിൽ എ ഗ്രൂപ്പിൽപ്പെട്ടവരിൽ ഭൂരിപക്ഷവും റോസക്കുട്ടിയെ സ്ഥാനാർഥിയാക്കുന്നതു ഗുണം ചെയ്യുമെന്നാണ് അറിയിച്ചത്. എഐസിസി മെംബറും മുൻ മന്ത്രിയുമായ പി.കെ. ജയലക്ഷ്മി, കെപിസിസി അംഗങ്ങളായ എൻ.ഡി. അപ്പച്ചൻ, പി.പി. ആലി എന്നിവരാണ് ജില്ലയിൽനിന്നുള്ള എ ഗ്രൂപ്പ് നേതാക്കളിൽ പ്രമുഖർ. മുകുൾ വാസ്നിക്കിനെ നേരിൽക്കണ്ട ഐ ഗ്രുപ്പു നേതാക്കളിൽ രണ്ടു പേർ സ്വന്തം പേരാണ് നിർദേശിച്ചത്. ഷാനിമോൾ ഉസ്മാനെ സ്ഥാനാർഥിയാക്കണമെന്നു ആവശ്യപ്പെട്ടവരുടെ എണ്ണം 20ലധികവും വരും.
കെപിസിസി നേതൃത്വം ഐ ഗ്രൂപ്പിനു വിട്ടുകൊടുത്തതാണ് വയനാട് പാർലമെന്റ് മണ്ഡലം. രൂപീകരണത്തിനുശേഷം നടന്ന രണ്ടു തെരഞ്ഞെടുപ്പുകളിലും മണ്ഡലത്തിൽ ഐ ഗ്രൂപ്പിൽനിന്നുള്ള എം.ഐ. ഷാനവാസാണ് വിജയിച്ചത്. ഷാനവാസ് ഓർമയായിരിക്കെയാണ് മൂന്നാമത്തെ തെരഞ്ഞെടുപ്പിനു കളമൊരുങ്ങുന്നത്. മണ്ഡലത്തിനുവേണ്ടി ഐ ഗ്രൂപ്പ് ശാഠ്യം പിടിച്ചാൽ റോസക്കുട്ടിയുടെ സാധ്യത മങ്ങും. അതേസമയം മണ്ഡലം പരിധിയിലെ ജനകീയ അടിത്തറയുളള നേതാവിനെ സ്ഥാനാർഥിയാക്കാനാണ് പാർട്ടി തീരുമാനമെങ്കിൽ ചിത്രം മാറും.
വണ്ടൂർ, നിലന്പൂർ, ഏറനാട്, തിരുവന്പാടി നിയോജകമണ്ഡലങ്ങളിൽനിന്നുള്ള നേതാക്കൾക്കും പരിഗണന ലഭിക്കും. ഏറനാടിനോടു ചേർന്നുകിടക്കുന്ന മലപ്പുറം മണ്ഡലത്തിൽനിന്നുള്ള കെപിസിസി സെക്രട്ടറി കെ.പി. അബ്ദുൽമജീദും വയനാട് സീറ്റിൽ നോട്ടമിട്ടിട്ടുണ്ട്.
തെരഞ്ഞെടുപ്പിനു മുന്പേ കോണ്ഗ്രസ് വിജയം ഉറപ്പാക്കിയ മണ്ഡലങ്ങളിൽ ഒന്നാണ് വയനാട്. അതിനാൽത്തന്നെ വയനാട് ടിക്കറ്റ് മോഹിക്കുന്നവരും നിരവധിയാണ്. 2009ലെ പ്രഥമ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ 1,53,439 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു ഷാനവാസിന്റെ വിജയം.
സിപിഐയെിലെ അഡ്വ.എം. റഹ്മത്തുല്ലയായിരുന്നു പ്രധാന എതിരാളി. എംപി എന്ന നിലയിൽ വിമർശനങ്ങൾ നേരിടുന്നതിടെയായിരുന്നു ഷാനവാസിന്റെ രണ്ടാം അങ്കം. തെരഞ്ഞെടുപ്പിൽ വയനാട്ടിലെ മൂന്നു അസംബ്ലി മണ്ഡലങ്ങളിലും പിന്നിലായെങ്കിലും സിപിഐയിലെ സത്യൻ മൊകേരിക്കെതിരെ 20,870 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു.
ചുരത്തിനു താഴെയുള്ള നിയോജകമണ്ഡലങ്ങളാണ് ഷാനവാസിനു തുണയായത്. മണ്ഡലത്തിൽ അടുത്ത തവണയും സിപിഐയ്ക്കായിരിക്കും എൽഡിഎഫ് ടിക്കറ്റ്. സത്യൻ മൊകേരി വീണ്ടും സ്ഥാനാർഥിയായി എത്താനാണ് സാധ്യത. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബത്തേരി, ഏറനാട്, വണ്ടൂർ നിയോജകമണ്ഡലങ്ങളിൽ യുഡിഎഫും കൽപ്പറ്റ, മാനന്തവാടി, തിരുവന്പാടി, നിലന്പൂർ മണ്ഡലങ്ങളിൽ എൽഡിഎഫുമാണ് വിജയിച്ചത്.