തിരുവനന്തപുരം: പാർട്ടി ഏൽപ്പിക്കുന്ന ഏത് ദൗത്യവും താൻ ഏറ്റെടുക്കുമെന്നും വടകരയിൽ സ്ഥാനാർഥിയാകാൻ കഴിയുമോ എന്ന് നേതൃത്വം ചോദിച്ചുവെന്നും കെ.മുരളീധരൻ എംഎൽഎ. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വടകരയിൽ ജനാധിപത്യവും അക്രമരാഷ്ട്രീയവും തമ്മിലുള്ള പോരാട്ടമാണ് നടക്കാൻ പോകുന്നത്. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരേ മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയ പോരാട്ടം താനും തുടരും. എതിരാളി ആരെന്ന് നോക്കി കോണ്‍ഗ്രസുകാർ മത്സര രംഗത്തിറങ്ങാറില്ലെന്നും ആശയപരമായ പോരാട്ടത്തിനാണ് കളമൊരുങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാനാർഥി നിർണയം വൈകിയെന്ന വിമർശനത്തിന് അടിസ്ഥാനമില്ല. എല്ലാ തലങ്ങളിലും ആലോചിച്ച് ചർച്ച ചെയ്താണ് ഹൈക്കമാൻഡ് സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നത്. തന്നോട് മത്സരിക്കണമെന്ന് കേരളത്തിലെ ഉന്നത നേതാക്കൾ ആവശ്യപ്പെട്ടു. പാർട്ടി പറഞ്ഞാൽ എവിടെയും മത്സരിക്കുമെന്ന് നേതാക്കൾക്ക് മറുപടി നൽകിയിട്ടുണ്ട്. സ്ഥാനാർഥി പ്രഖ്യാപനം ഹൈക്കമാൻഡ് നടത്തുമെന്നും കെ.മുരളീധരൻ വ്യക്തമാക്കി.