കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്കു പിന്നാലെ നേതൃത്വത്തിനെതിരേ രൂക്ഷ വിമർശനവുമായി കെപിസിസി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ. നേതാക്കൾക്ക് കഴിവില്ലാത്തതുകൊണ്ടാണു കോണ്‍ഗ്രസുകാർ ബിജെപിയിലേക്കു പോകുന്നതെന്നാണ് അദ്ദേഹത്തിന്റെ വിമർശനം.
ആജ്ഞാശക്തിയുള്ള നേതൃത്വത്തിന്റെ അഭാവം കെപിസിസിക്കുണ്ട്. ഡൽഹിയിൽ പോയി രാഹുൽ ഗാന്ധിയെ വിഷയങ്ങൾ ധരിപ്പിക്കും. തിരുവനന്തപുരത്തെ ബിജെപിയുടെ വളർച്ച കോണ്‍ഗ്രസിന്റെ വലിയ വീഴ്ചയാണ്.
ശിപാർശകൾക്കും വ്യക്തിതാത്പര്യങ്ങൾക്കും അതീതമായ നേതൃനിര വേണമെന്നും അഴിച്ചുപണിക്ക് ഹൈക്കമാൻഡ് തന്നെ നേരിട്ട് ഇടപെടണമെന്നും കെ സുധാകരൻ ആവശ്യപ്പെട്ടു.
ഇത്രയും അനുകൂല രാഷ്ട്രീയ സാഹചര്യം കേരളത്തിലുണ്ടായിട്ടും അത് ഉപയോഗപ്പെടുത്താൻ കഴിയാത്തത് കോണ്‍ഗ്രസിന്റെ സംഘടനാ ദൗർബല്യമാണെന്നു കെ. സുധാകരൻ ഫലം വന്നതിനു പിന്നാലെ തുറന്നടിച്ചിരുന്നു.
കെപിസിസിയുടെ പുതിയ ജംബോ കമ്മിറ്റികൾ ഗുണം ചെയ്തിട്ടില്ല. പ്രദേശികതലങ്ങളിൽ ജനവിശ്വാസം ആർജിക്കാൻ കഴിയാത്ത നേതാക്കളെ ഉൾപ്പെടുത്തി പുനഃസംഘടന നടത്തിയപ്പോൾ അതിന്റെ ഗുണമുണ്ടാക്കാൻ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല.
സിപിഎമ്മിന്റെയും ബിജെപിയുടേയും സംഘടനാരീതി അവർക്ക് ഗുണം ചെയ്തെന്നും സുധാകരൻ പറഞ്ഞു.