തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിൽ എൽഡിഎഫ് അധികാരം നിലനിർത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ സീറ്റ് കുറയും. ചിലയിടങ്ങളിൽ കോണ്ഗ്രസ് കള്ളത്തരം കാണിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഒളിച്ചിരിക്കുന്നുവെന്നത് തെറ്റായ ആരോപണമാണ്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ മുഖ്യമന്ത്രി സജീവമായിരുന്നുവെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
ഇന്ധനവില വർധിക്കുന്നത് അടക്കമുള്ള പ്രശ്നങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെയും പ്രതിഷേധം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും സംസ്ഥാന സർക്കാരിന്റെ ഏറ്റവും നല്ല നടപടികൾക്കുള്ള അംഗീകാരം ഈ തെരഞ്ഞെടുപ്പിൽ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.