കടുത്തുരുത്തി: മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ഒരിടത്തും പ്രശ്നങ്ങളോ, സംഘര്‍ഷങ്ങളോ ഉണ്ടാകാത്ത തെരഞ്ഞെടുപ്പാണ് ഇന്നലെ നടന്നത്. പ്രശ്നബാധ്യത ബൂത്തുകളൊന്നും തന്നെ ഇക്കുറി കടുത്തുരുത്തി മേഖലയില്‍ ഉണ്ടായിരുന്നില്ല.
എന്നിരുന്നാലും പ്രത്യേക കരുതലുകളും സുരക്ഷയ്ക്കായി പോലീസ് സീകരിച്ചിരുന്നു. പോലീസുകാരെ കൂടാതെ അത്യാവശ്യ സന്ദര്‍ഭങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ ഉപയോഗപ്പെടുത്തുന്നതിനായി സ്പെഷല്‍ പോലീസ് ഓഫീസര്‍മാരെയും നിയോഗിച്ചിരുന്നു.
കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് മേഖലയില്‍ നിലവിലെ കണക്ക് പ്രകാരം 74.62 ശതമാനം പോളിംഗ് ഇത്തവണ നടന്നു. ബ്ലോക്ക് പഞ്ചായത്ത് മേഖലയില്‍ ഏറ്റവും കൂടുതല്‍ പോളിംഗ് വെള്ളൂര്‍ പഞ്ചായത്തിലാണ്.
77.57 ശതമാനം പോളിംഗാണ് ഇവിടെ രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് പോളിംഗ് നടന്നത് തലയോലപറമ്പിലാണ്. 73.20 ശതമാനമാണ് ഇവിടുത്തെ പോളിംഗ്.
നിയോജക മണ്ഡലം അടിസ്ഥാനത്തിൽ നോക്കിയാൽ കടുത്തുരുത്തിയില്‍ 73.24 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഞീഴൂര്‍ പഞ്ചായത്തില്‍ 74.12 ശതമാനം പോളിംഗ് രേഖപ്പെടുത്തിയപ്പോള്‍, മുളക്കുളത്ത് 75.37 ശതമാനവും കല്ലറ പഞ്ചായത്തില്‍ 74.17 ശതമാനം പോളിംഗുമാണ് രേഖപെടുത്തിയത്.
കല്ലറ പഞ്ചായത്തിലെ മുണ്ടാറില്‍ പ്രവര്‍ത്തിച്ച ബൂത്തില്‍ മികച്ച പോളിംഗ് ആണ് നടന്നത്. 75.69 ശതമാനം പേരാണ് ഇവിടെ വോട്ട് രേഖപ്പെടുത്തിയത്.
വടക്കേഭാഗത്ത്് പാറേല്കോളനിയിലെ സാംസ്കാരിക നിലയത്തില്‍ പ്രവര്‍ത്തിച്ച ബൂത്തിലാണ് ഇത്രയും പേര് വോട്ട്്് രെഖപ്പെടുത്തിയത്. 432 വോട്ടര്‍മാരാണ് ഈ ബൂത്തിലുണ്ടായിരുന്നത്. 219 പുരുഷ വോട്ടര്‍മാരില്‍ 183 പേരും 213 സ്ത്രീ വോട്ടര്‍മാരില്‍ 144 പേരും വോട്ട്് രേഖപെടുത്തി.
പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ മുണ്ടാറില്‍ രണ്ട് ബൂത്തുകളാണ് പ്രവര്‍ത്തിച്ചത്. തെക്കേ മുണ്ടാറിലും വടക്കേ മുണ്ടാറിലും. 448 വോട്ടര്‍മാരാണ് തെക്കേ മുണ്ടാറിലെ രണ്ടാം നമ്പര്‍ ബൂത്തിലുള്ളത്. രണ്ടു പതിറ്റാണ്ട് മുമ്പാണ് മുണ്ടാറിലെ പാറേല്‍ കോളനിയിലെ സാംസ്കാരികനിലയത്തില്‍ പോളിംഗ് ബൂത്ത് ആരംഭിച്ചത്.