തൃശൂർ: തെരഞ്ഞെടുപ്പ് അടുത്തതോടെ ജില്ലയിൽ കള്ളനോട്ടുകൾ പ്രചരിക്കുന്നു. 50ന്റെയും 200ന്റെയും കള്ളനോട്ടുകൾ മുതൽ വലിയ തുകയ്ക്കുള്ള കള്ളനോട്ടുകൾ വരെ തെരഞ്ഞെടുപ്പ് അടുത്തതോടെ ജില്ലയിൽ പ്രചരിക്കുന്നുണ്ട്.ഒരു തരത്തിലും സാധാരണരീതിയിൽ കള്ളനോട്ടാണെന്ന് തിരിച്ചറിയാൻ കഴിയാത്ത വിധമാണ് കള്ളനോട്ടുകൾ എത്തിയിരിക്കുന്നത്. കള്ളനോട്ട് കണ്ടെത്താനുള്ള മെഷിനുകളിൽ പരിശോധിക്കുന്പോൾ മാത്രമേ ഇവ തിരിച്ചറിയുന്നുള്ളു.
പഴയ രീതിയിലുള്ള മെഷിനുകളിൽ പരിശോധിച്ചാൽ പിടിതരാത്ത കള്ളനോട്ടുകളാണ് ഇപ്പോൾ വിപണിയിൽ പ്രചരിക്കുന്നത്. അതുകൊണ്ടുതന്നെ ആധുനിക സംവിധാനമുള്ള മെഷിനുകളിൽ മാത്രമാണ് ഇവ പിടിക്കപ്പെടുന്നതെന്നത് ഗുരുതരമായ പ്രശ്നമായിട്ടുണ്ട്.
ബാങ്കുകളിൽ ആധുനിക മെഷിൻ ഉള്ളതിനാൽ പലരും ബാങ്കിലെത്തുന്പോഴാണ് കയ്യിൽ പെട്ടിരിക്കുന്നത് കള്ളനോട്ടാണെന്ന് തിരിച്ചറിയുന്നത്. പഴയ രീതിയിലുള്ള മെഷിനുകളിലുള്ളവരോട് അവ മാറ്റി പുതിയ സംവിധാനങ്ങളുള്ള മെഷിൻ സ്ഥാപിക്കണമെന്ന് പല ബാങ്കുകളും നിർദ്ദേശിക്കുന്നുണ്ട്. ചെറിയ തുകകളുടെ കള്ളനോട്ടാണെങ്കിലും അവ വ്യാപകമായി പ്രചരിക്കുന്പോൾ അത് ദോഷകരമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പൊതുവെ ചെറിയ തുകയ്ക്കുള്ള കള്ളനോട്ടുകൾ അച്ചടിക്കുന്നത് കള്ളനോട്ടു ബിസിനസുകാർക്ക് ലാഭകരമല്ലെന്നാണ് പോലീസിന്റെ വിലയിരുത്തൽ. തുക ചെറുതായാലും വലുതായാലും കള്ളനോട്ടടിക്കുന്നതിനുള്ള ചിലവും റിസ്കും ഒരുപോലെയാണെന്നതുകൊണ്ടുതന്നെ കള്ളനോട്ടടിക്കാർ വലിയ തുകയുടെ കള്ളനോട്ടുകൾ അടിച്ചിറക്കാനാണ് താത്പര്യപ്പെടുന്നത്.
തൃശൂർ ജില്ലയിൽ മുൻപ് നൈജീരിയൻ സ്വദേശികളിൽ നിന്ന് കള്ളനോട്ടുകൾ കണ്ടെടുത്തിരുന്നു. ചേർപ്പ് മേഖലയിലും കള്ളനോട്ടുകൾ കണ്ടെത്തിയിരുന്നു. നോട്ടുനിരോധനത്തിന് ശേഷം പുതുതായി ഇറക്കിയ നോട്ടുകളുടെ അതേ പകർപ്പാണ് ഇപ്പോൾ കള്ളനോട്ടുകാരും ഇറക്കുന്നത്.
സെക്യൂരിറ്റി ത്രെഡ് അടക്കമുള്ളവ അതുപോലെ തന്നെ വ്യാജനിലും കാണാം. കടലാസിന്റെ കനം കുറവ് മാത്രമാണ് നേരിയ ഒരു വ്യത്യാസമായി അനുഭവപ്പെടുക. അതും കള്ളനോട്ടാണോ എന്ന് പരിശോധിക്കുന്പോൾ മാത്രമേ അറിയാൻ കഴിയൂ.കള്ളനോട്ടുകൾ പ്രചരിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ബാങ്കുകാരും പോലീസും മു്ന്നറിയിപ്പ് നൽകുന്നുണ്ട്.