തേനി: തമിഴ്നാട് തേനി മണ്ഡലത്തിലെ ആണ്ടിപ്പട്ടിയിൽ ടിടികെ ദിനകരന്റെ പാർട്ടിയുടെ പ്രവർത്തകനിൽനിന്നും ആദായ നികുതി വകുപ്പ് കണക്കിൽപ്പെടാത്ത 1.48 കോടി രൂപ പിടിച്ചെടുത്തു. വ്യാഴാഴ്ച തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആണ്ടിപ്പട്ടിയിൽ അമ്മ മക്കൾ മുന്നേറ്റ കഴകം (എഎംഎംകെ) നേതാവിന്റെ വസതിയിലടക്കം റെയ്ഡ് തുടരുകയാണ്.
വാർഡ് നമ്പറുകളും ഇവിടങ്ങളിലെ വോട്ടർമാരുടെ എണ്ണവും എഴുതിയ 94 പൊതികളിലായാണ് പണം കണ്ടെടുത്തതെന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഓരോ വോട്ടർമാർക്കും 300 രൂപ വീതം നൽകണമെന്നും പൊതികളിൽ രേഖപ്പെടുത്തിയിരുന്നതായും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരെ എഎംഎംകെ പ്രവർത്തകർ പ്രതിരോധിക്കാൻ ശ്രമിച്ചത് സംഘർഷത്തിനു കാരണമായി.
പോലീസ് ആകാശത്തേക്ക് നിറയൊഴിച്ചാണ് പ്രവർത്തകരെ പിരിച്ചുവിട്ടത്. എന്നാൽ സംഭവത്തിൽ ആർക്കും പരിക്കില്ല.