നിയാസ് മുസ്തഫ
എൻഡിഎ മുന്നണിയോടും യുപിഎ മുന്നണിയോടും കൃത്യമായി അകലം പാലിക്കുക, അതോടൊപ്പം ഇരു സഖ്യങ്ങൾക്കും പുറത്തുനിൽക്കുന്ന മതേതര കക്ഷികളുമായി യോജിച്ച് ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുകൾ വയ്ക്കുക, ലോക്സഭാ തെര ഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥിയും വിജയിച്ചില്ലെങ്കിലും തമിഴ്നാട്ടിൽ വോട്ടിംഗ് ശതമാനം ഉണ്ടാക്കിയെടുക്കുക, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നിർണായക ശക്തിയാകാൻ ലോക്സഭാ തെരഞ്ഞെടുപ്പിനെ വേദിയാക്കുക തുടങ്ങിയ പല ലക്ഷ്യങ്ങളുമായിട്ടാണ് ഉലകനായകൻ കമൽഹാസന്റെ പോക്ക്.
ഇന്നലെ പശ്ചിമബംഗാളിലെത്തി തൃണമൂൽ കോണ്ഗ്രസ് നേതാവ് മമതാ ബാനർജിയെ കണ്ട് കമൽഹാസൻ ചർച്ച നടത്തിയതും ആൻഡമാൻ ദ്വീപിൽ തൃണമൂലിന്റെ സ്ഥാനാർഥിക്ക് പിന്തുണ നൽകി സഖ്യത്തിലേർപ്പെട്ടതുമെല്ലാം ദേശീയ കക്ഷികൾ ഉറ്റുനോക്കുന്നുണ്ട്. തമിഴ് വംശജർ കൂടുതലുള്ള സ്ഥലമാണ് ആൻഡമാൻ. ഇവിടെ കമൽഹാസൻ നേരിട്ടെത്തി തൃണമൂലിനു വേണ്ടി വോട്ടുതേടും. ഇത് തൃണമൂൽ സ്ഥാനാർഥിക്ക് ഗുണകരമാകും.
കമൽഹാസൻ നേതൃത്വം കൊടുക്കുന്ന മക്കൾ നീതി മയ്യം തമിഴ്നാട്ടിലെ 39 സീറ്റിലും പോണ്ടിച്ചേരിയിലെ ഒരുസീറ്റിലും ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. ഇതിനോടകം സ്ഥാനാർഥികളെയെല്ലാം പ്രഖ്യാപിച്ചു കഴിഞ്ഞു. വിജയസാധ്യതയുള്ള സ്ഥാനാർഥികൾ ആരും ലിസ്റ്റിലില്ലായെന്നതാണ് ശ്രദ്ധേയം. സ്ഥാനാർഥി പട്ടികയിൽ വനിതകൾക്ക് വേണ്ടത്ര പ്രാമുഖ്യം നൽകിയില്ലായെന്നതും വിമർശനത്തിനിടയാക്കുന്നു.
ലോക്സഭയിലേക്ക് ആരും വിജയിച്ചില്ലെങ്കിലും തമിഴ്നാടിന്റെ മുക്കിലും മൂലയിലും പാർട്ടിയെ പരിചയപ്പെടുത്തുക, കൃത്യമായ വോട്ടുബാങ്ക് സൃഷ്ടിച്ചെടുക്കുക, ചില മണ്ഡലങ്ങളിൽ പ്രധാന മുന്നണികൾക്ക് കടുത്ത മത്സരം സമ്മാനിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായിട്ടാണ് കമൽ മുന്നോട്ടു പോകുന്നത്.
സ്ഥാനാർഥി പട്ടിക പൂർണമായും പ്രഖ്യാപിക്കുന്നതിനു മുന്പുവരെ കമൽഹാസൻ ലോക്സഭയിലേക്ക് മത്സരിക്കുമെന്നായിരുന്നു സൂചന. എന്നാൽ പാർട്ടി രൂപീകരിച്ച് അധികം നാൾ തികയുംമുന്പേ പൊതുതെരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു മത്സരിച്ച് പാർട്ടി നേതാവ് തോറ്റാൽ അത് കമൽഹാസന്റെ രാഷ്ട്രീയ ഭാവിയെ ബാധിക്കും. ഇതു തിരിച്ചറിഞ്ഞാണ് അദ്ദേഹം മത്സരരംഗത്തുനിന്ന് പിൻമാറിയതെന്നാണ് വിവരം.
എന്നാലിപ്പോൾ ആഭ്യന്തര പ്രശ്നങ്ങളും മക്കൾ നീതി മയ്യത്തെ ബാധിക്കുന്നുണ്ട്. പാർട്ടി സംസ്ഥാന സെക്രട്ടറി സി.കെ. കുമാരവേലിന്റെ രാജി പ്രശ്നങ്ങൾക്കിടവരുത്തിയിട്ടുണ്ട്. പാർട്ടി നേതൃത്വം അറിയാതെ ഫെയ്സ്ബുക്കിൽ സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതാണ് കുമാരവേലിന്റെ രാജിയിലേക്കു നയിച്ചത്. പാർട്ടിയുടെ ആരംഭം മുതൽ ഒപ്പമുണ്ടായിരുന്ന ആളാണ് കുമാരവേൽ.
നടിമാരായ ശ്രീപ്രിയയേയും കോവൈ സരളയേയും സ്ഥാനാർഥി പട്ടികയിൽനിന്ന് ഒഴിവാക്കിയതും വിമർശനത്തിനിടയാക്കിയിട്ടുണ്ട്. ഇവർ സ്ഥാനാർഥികളാകുമെന്ന് പറഞ്ഞുകേട്ടെങ്കിലും അവസാനനിമിഷം ഇവർ സ്ഥാനാർഥി പട്ടികയിൽനിന്ന് പുറത്തായി. 2018 ഫെബ്രുവരി 21നാണ് കമൽഹാസൻ മക്കൾ നീതി മയ്യം രൂപീകരിച്ചത്. ഇതിനകം ലക്ഷക്കണക്കിന് അണികളെ സൃഷ്ടിച്ച പാർട്ടി തമിഴ്നാട്ടിലെ പ്രധാന ജനകീയ പ്രശ്നങ്ങളിലെല്ലാം ഇടപെട്ടിട്ടുണ്ട്.
അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കമൽഹാസന്റെ മക്കൾ നീതി മയ്യത്തിന് വിജയാശംസ നേർന്ന് രജനീകാന്ത് രംഗത്തെത്തിയത് ചർച്ചയായിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് രജനിയുടെ ആശംസ വന്നത്. ട്വിറ്ററിലൂടെ തന്നെ രജനീകാന്തിന് കമൽഹാസൻ നന്ദിയും അറിയിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും ഒരു പാർട്ടിയേയും പിന്തുണയ്ക്കില്ലെന്നുമാണ് രജനീകാന്ത് പ്രഖ്യാപിച്ചിരിക്കുന്നത്. തന്റെ ചിത്രമോ രജനി മക്കൾ മണ്ട്രത്തിന്റെ കൊടിയോ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരും ഉപയോഗിക്കരുതെന്നും രജനി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.