നെടുമങ്ങാട്: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാൻ എത്തുന്നതുകൊണ്ട് എൽഡിഎഫിന്റെ വിജയ സാധ്യതയെ ബാധിക്കില്ലെന്നും 20 സീറ്റിലും എൽഡിഎഫ് സ്ഥാനാർഥികൾക്കും വിജയ സാധ്യതയുണ്ടെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.
രാഹുലിന്റെ വരവ് ഒരു മഹാസംഭവമാക്കി മാറ്റുന്നത് മാധ്യമങ്ങളാണ്. ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എ.സമ്പത്തിന്റെ തെരെഞ്ഞെടുപ്പ് പ്രചരണയോഗം നെടുമങ്ങാട്ടു ഉദഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്ര മോദി കോർപറേറ്റുകളുടെ കാവൽക്കാരനാണ്. മോദി സർക്കാരിനെ പുറത്താക്കാൻ പ്രതിപക്ഷ ഐക്യം ആവശ്യമാണ്. കോൺഗ്രസ് പ്രതിപക്ഷ ഐക്യത്തെ തകർക്കാനാണ് ശ്രമിക്കുന്നത്. കോൺഗ്രസും ബിജെപിയും തമ്മിലുള്ള അതിർത്തി രേഖ നേരിയതാണ്. എപ്പോൾ വേണമെങ്കിലും ആർക്കും കൂറ് മാറാൻ കഴിയുന്ന സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തിൽ മത നിരപേക്ഷ സർക്കാർ അധികാരത്തിലെത്താൻ കേരളത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥികൾ വിജയിക്കണം. വർഗീയ ശക്തികളെ അകറ്റിനിർത്താൻ ഇടതുപക്ഷത്തിനെ കഴിയൂ എന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി.