കോട്ടയം: വിജയസാധ്യത മുൻനിറുത്തി ബിജെപി തയാറാക്കിയ എ പ്ലസ് ലിസ്റ്റിൽ കാഞ്ഞിരപ്പള്ളിയുമുണ്ട്.മികച്ച സ്ഥാനാർഥിയും ശക്തമായ ത്രികോണ മത്സരവുമുണ്ടായാൽ മധ്യകേരളത്തിൽ സാധ്യതാ ലിസ്റ്റിലാണ് ബിജെപി കാഞ്ഞിപ്പള്ളിയെ പരിഗണിക്കുന്നത്.
അമിത് ഷാ, ജെ.പി. നഡ്ഡ, സ്മൃതി ഇറാനി തുടങ്ങിയവരെ പ്രചാരണത്തിനെത്തിക്കാനും നേതാക്കൾ താൽപര്യപ്പെടുന്നു. കെ. സുരേന്ദ്രന്റെ ജാഥ മാർച്ച് രണ്ടിനു കോട്ടയത്തെത്തുന്പോൾ ജില്ലയിലെ ആമുഖ സ്ഥാനാർഥി ചർച്ച നടക്കാനിടയുണ്ട്.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വി.എൻ. മനോജ് 31,172 വോട്ടുകൾ കാഞ്ഞിരപ്പള്ളിയിൽ നേടി. യുഡിഎഫിൽ എൻ. ജയരാജ് 53,126 വോട്ടുകളും എൽഡിഎഫിൽ വി.ബി. ബിനു 49,236 വോട്ടുകളുമാണു കരസ്ഥമാക്കിയത്.
2019ൽ കാഞ്ഞിരപ്പള്ളി ഉൾപ്പെടുന്ന പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ കെ. സുരേന്ദ്രൻ 2,97,396 വോട്ടുകൾ (29 ശതമാനം) വോട്ടുകൾ നേടി. കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിൽ സുരേന്ദ്രന് 36,876 വോട്ടുകളുണ്ടായിരുന്നു.
തദ്ദേശ ഇലക്ഷനിലും മണ്ഡലത്തിൽ മികച്ച നേട്ടമുണ്ടാക്കി. പള്ളിക്കത്തോട് പഞ്ചായത്തിൽ ഭരണം പിടിച്ചു. ചിറക്കടവ്, വെള്ളാവൂർ പഞ്ചായത്തുകളിൽ കരുത്തുകാട്ടി. നെടുംകുന്നം പഞ്ചായത്തിലും ഇത്തവണ അക്കൗണ്ട് തുറന്നു.
ജെ. പ്രമീളാദേവി, എൻ. ഹരി, നോബിൾ മാത്യു എന്നിവരാണു പരിഗണനയിൽ. അപ്രതീക്ഷിതമായി അൽഫോൻസ് കണ്ണന്താനത്തെ ദേശീയ നേതൃത്വം രംഗത്തിറക്കാൻ സാധ്യതയുണ്ട്. മുൻ ഡിജിപി ജേക്കബ് തോമസ് ഇരിങ്ങാലക്കുട, തൃപ്പൂണിത്തുറ, കാഞ്ഞിരപ്പള്ളി സീറ്റുകൾ താൽപര്യപ്പെട്ടിട്ടുണ്ട്. ജില്ലാ നേതൃത്വം ഇദ്ദേഹത്തെ കാഞ്ഞിരപ്പള്ളിയിൽ മത്സരിപ്പിക്കാനും ആലോചിക്കുന്നു.
ഇന്നത്തെ ചർച്ചയിൽ അറിയാം കാര്യങ്ങൾ
കോട്ടയം: കോണ്ഗ്രസും കേരള കോണ്ഗ്രസ് ജോസഫ് വിഭാഗവും തമ്മിൽ ഇന്ന് തിരുവനന്തപുരത്ത് സീറ്റ് ചർച്ച. ഉമ്മൻ ചാണ്ടിയും കേരള കോണ്ഗ്രസ് ജോസഫ് നേതാക്കളുമായുള്ള ആദ്യവട്ടം ചർച്ചകൾക്കുശേഷമായിരിക്കും ഇലക്ഷൻ കമ്മിറ്റിയിലെ പൊതുചർച്ച.
കോട്ടയം, വൈക്കം, പുതുപ്പള്ളി സീറ്റുകൾ കോണ്ഗ്രസിനെന്നതിൽ തർക്കമുണ്ടാകില്ല. കടുത്തുരുത്തിയും ചങ്ങനാശേരിയും കേരള കോണ്ഗ്രസ് ജോസഫ് വിഭാഗത്തിന് ലഭിക്കും.പുറമേ ജോസഫ് വിഭാഗത്തിനു കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ സീറ്റുകളിലൊന്ന് നൽകുമെന്നാണ് കോണ്ഗ്രസ് പക്ഷം.
ചങ്ങനാശേരി കോണ്ഗ്രസ് ഏറ്റെടുത്താൽ പകരം കാഞ്ഞിരപ്പള്ളി നൽകും. കെ.സി. ജോസഫിനെ ചങ്ങനാശേരിയിലോ ഏറ്റുമാനൂരിലോ മത്സരിപ്പിച്ചേക്കാം. കെ.സി. ജോസഫ് ഇരിക്കൂറിൽ ഏറെക്കാലം പ്രതിനിധിയായിരുന്ന നിലയിൽ സീനിയർ നേതാക്കൾക്കു പകരം മറ്റുള്ളവർക്ക് അവസരം നൽകണമെന്നാണ് പാർട്ടിയിലെ യുവനിരയുടെ നിർദേശം.
മഹിളാ കോണ്ഗ്രസ് അധ്യക്ഷ ലതിക സുഭാഷും ഡിസിസി അധ്യക്ഷൻ ജോഷി ഫിലിപ്പും കെപിസിസി സെക്രട്ടറി ഫിലിപ്പ് ജോസഫുമാണ് ഏറ്റുമാനൂരിൽ പരിഗണനയിലുള്ളത്.
ജോസഫ് വാഴയ്ക്കനു മൂവാറ്റുപുഴ നൽകിയാൽ ഇദ്ദേഹം കോട്ടയം ജില്ലയിൽ മത്സരിക്കില്ല. പാലാ മാണി സി. കാപ്പനെന്ന് ധാരണയായിട്ടുണ്ട്. പി.സി. ജോർജ് യുഡിഎഫിൽ എത്തുമോ എന്നത് അടുത്ത ദിവസം വ്യക്തമാകും.