തിരുവല്ല: രാഷ്ട്രീയ കാഴ്ചപ്പാടുകളേക്കാൾ കന്നിവോട്ടർമാർക്കും യുവജനങ്ങൾക്കും താത്പര്യം സ്ഥാനാർഥിയുടെ മികവിനാണ്. സ്ഥാനാർഥികൾ അഴിമതിവിമുക്തരാകണമെന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യതയുള്ളവരാകണമെന്നും അവർ അഭിപ്രായപ്പെട്ടു.തിരുവല്ല മാക്ഫാസ്റ്റ് കോളജിൽ റേഡിയോ മാക്ഫാസ്റ്റ്, പത്തനംതിട്ട പ്രസ്ക്ലബിന്റെ സഹകരണത്തിൽ നടത്തിയ ലോക്സഭ തെരഞ്ഞെടുപ്പിന്റെ യുവപക്ഷം സംവാദം പരിപാടിയിൽ പങ്കെടുത്ത കുട്ടികളാണ് തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയത്.
അഴിമതിയും അനീതിയും സർവവ്യാപകമായ കാലഘട്ടത്തിൽ ഇതിൽ നിന്നു വിമുക്തമായ ഒരു കാലഘട്ടത്തിനുവേണ്ടി പ്രവർത്തിക്കുന്നവരെ എങ്ങനെ കണ്ടെത്തി വോട്ടു ചെയ്യാനാകുമെന്നതാണ് യുവജനങ്ങളുടെ സംശയം. ജനപ്രതിനിധികൾക്കും നേതാക്കൾക്കുമുണ്ടാകുന്ന ചെറിയ പിഴവുകളെ പർവതീകരിച്ചു കാട്ടുന്നതിനെ എതിർത്തവർ മാധ്യമനിലപാടുകൾ മാത്രം ശ്രദ്ധിച്ച് വോട്ട് ചെയ്യുന്നതിലെ അപകടവും ചൂണ്ടിക്കാട്ടി.
വോട്ട് ചെയ്യുന്നതുകൊണ്ട് വോട്ടർക്കാണോ സ്ഥാനാർഥിക്കാണോ പ്രയോജനം എന്ന ചോദ്യവും ഉയർന്നു. ത്തരവാദിത്ത ബോധത്തോടെ ജനാധിപത്യ പ്രക്രിയയെ സമീപിക്കാനാണ് ചർച്ച നിയന്ത്രിച്ചവർ കന്നിവോട്ടർമാരെ ഉദ്ബോധിപ്പിച്ചത്. രാജ്യത്തിന്റെ ഭാഗധേയം നിർണയിക്കുന്ന തെരഞ്ഞെടുപ്പിൽ വളർന്നുവരുന്ന തലമുറ മാറിനിൽക്കാൻ പാടില്ല. വോട്ട് ചെയ്യുകയെന്നത് ജോലിയല്ല, അതൊരു കടമയാണ്. രാഷ്ട്രീയ ബോധത്തോടെ ഇതിനു സമീപിക്കണമെന്ന ആഹ്വാനം സെമിനാറിലുമുണ്ടായി.
ലോക്സഭ തെരഞ്ഞെടുപ്പിൽ യുവസമൂഹത്തിന്റെ പങ്ക് എന്ന വിഷയം ദീപിക സീനിയർ അസോസിയേറ്റ് എഡിറ്റർ ടി.സി. മാത്യു അവതരിപ്പിച്ചു. സെമിനാറിന്റെ ഉദ്ഘാടനം തിരുവല്ല നഗരസഭ ചെയർമാൻ ചെറിയാൻ പോളച്ചിറയ്ക്കൽ നിർവഹിച്ചു. മാക്ഫാസ്റ്റ് കോളജ് പ്രിൻസിപ്പൽ ഫാ.ഡോ.ചെറിയാൻ ജെ. കോട്ടയിൽ അധ്യക്ഷത വഹിച്ചു. പ്രസ്ക്ലബ് പ്രസിഡന്റ് ബോബി ഏബ്രഹാം, സെക്രട്ടറി ബിജു കുര്യൻ, മാക്ഫാസ്റ്റ് മാനേജ്മെന്റ് സ്റ്റഡീസ് മേധാവി ഡോ.വി.പി. വിജയമോഹൻ, റേഡിയോ മാക്ഫാസ്റ്റ് സ്റ്റേഷൻ ഡയറക്ടർ വി. ജോർജ് മാത്യു എന്നിവർ പ്രസംഗിച്ചു.