സിജി ഉലഹന്നാൻ
ചുവന്ന മണ്ണായാണു കണ്ണൂർ പൊതുവെ അറിയപ്പെടുന്നത്. എന്നാൽ, ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ ചരിത്രം അത്രയ്ക്കങ്ങ് ഇടത്തോട്ടല്ല. 1977-ൽ കണ്ണൂർ മണ്ഡലം ഇന്നത്തെ നിലയിൽ രൂപപ്പെട്ടശേഷം നടന്ന 11 തെരഞ്ഞെടുപ്പുകളിൽ എഴിലും ഐക്യജനാധിപത്യ മുന്നണി വിജയത്തേരിലേറി. ചെങ്കൊടി പാറിയത് നാലുതവണ മാത്രം.
കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളിൽ ഇരുവരും മാറിമാറി മണ്ഡലം സ്വന്തമാക്കി. ഇത്തവണയും കടുത്ത പോരാട്ടത്തിനാണു കളമൊരുങ്ങുന്നത്. സംസ്ഥാന ഭരണ-പാർട്ടി നേതൃത്വങ്ങൾക്കു കരുത്തുപകരുന്ന നാട്ടിൽ സിറ്റിംഗ് സീറ്റ് നിലനിർത്തേണ്ടത് സിപിഎമ്മിന് അഭിമാനപ്രശ്നം. കോൺഗ്രസിനാകട്ടെ, 2014 മുതൽ തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായുണ്ടാകുന്ന തിരിച്ചടികളിൽനിന്നൊരു മോചനം, ജീവൻമരണ പ്രശ്നം.
ആദ്യ ലോക്സഭയിൽ പ്രതിപക്ഷനിരയെ നയിക്കാൻ കമ്യൂണിസ്റ്റ് നേതാവ് എകെജിക്ക് വഴിയൊരുക്കിയത് കാസർഗോഡ് കൂടി ഉൾപ്പെട്ട കണ്ണൂർ മണ്ഡലമായിരുന്നു. 1957-ൽ രണ്ടാം തെരഞ്ഞെടുപ്പായപ്പോഴേക്കും കണ്ണൂർ ഇല്ലാതായി. പിന്നീട് 1977ലാണ് കണ്ണൂർ തിരികെയെത്തുന്നത്. കമ്യൂണിസ്റ്റ് പാർട്ടികൾ ഏറ്റുമുട്ടിയ മത്സരത്തിൽ സിപിഐയിലെ സി.കെ. ചന്ദ്രപ്പൻ 12,877 വോട്ടിനു സിപിഎമ്മിന്റെ ഒ. ഭരതനെ തോൽപ്പിച്ച് മണ്ഡലം വലത്തേക്കടുപ്പിച്ചു.
സിപിഎമ്മും സിപിഐയും ഒരേ മുന്നണിയിലായ 1980-ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസുകാർ തമ്മിലായി പോര്. കോണ്ഗ്രസ്-ഐ സ്ഥാനാർഥിയായ എൻ. രാമകൃഷ്ണനെ പരാജയപ്പെടുത്തി ഇടതുമുന്നണിയിൽപ്പെട്ട കോണ്ഗ്രസ്-യു സ്ഥാനാർഥി കെ. കുഞ്ഞന്പു 73,287 വോട്ടിന് കണ്ണൂർ പിടിച്ചെടുത്തു.
എന്നാൽ, പിന്നീട് യുഡിഎഫിന്റെ കുത്തകയായി മണ്ഡലം. 1984 മുതൽ 98 വരെ നടന്ന അഞ്ചു തെരഞ്ഞെടുപ്പുകളിൽ കോണ്ഗ്രസിലെ മുല്ലപ്പള്ളി രാമചന്ദ്രൻ തുടർച്ചയായി വിജയിച്ചു. 15 വർഷമാണ് മുല്ലപ്പള്ളി കണ്ണൂരിനെ ലോക്സഭയിൽ പ്രതിനിധീകരിച്ചത്. ഒടുവിൽ, 1999ൽ യുവസ്ഥാനാർഥി എ.പി.അബ്ദുള്ളക്കുട്ടിയെ ഇറക്കി സിപിഎം മണ്ഡലം പിടിച്ചെടുത്തു. 2004-ലും തനിയാവർത്തനമായിരുന്നു. സംസ്ഥാനത്തെങ്ങും കോൺഗ്രസ് നിലംപരിശായ തെരഞ്ഞെടുപ്പിൽ റിക്കാർഡ് ഭൂരിപക്ഷത്തിൽ അബ്ദുള്ളക്കുട്ടി ജയിച്ചുകയറി.
അതിരുകൾ മാറിമറിഞ്ഞ്, വയനാടൻ മണ്ണുവിട്ട് മണ്ഡലം ജില്ലയിലേക്ക് ഒതുങ്ങിയ 2009-ൽ ഇടതിനെ ഞെട്ടിച്ച് കണ്ണൂർ വീണ്ടും ചുവടുമാറി. കോണ്ഗ്രസ് നേതാവ് കെ. സുധാകരൻ സിപിഎമ്മിലെ കെ.കെ.രാഗേഷിനെ വീഴ്ത്തി മണ്ഡലം പിടിച്ചെടുത്തു. അഞ്ചു വർഷത്തിനുശേഷം വിജയം ആവർത്തിക്കാൻ ഇറങ്ങിയ കെ.സുധാകരന് അടിതെറ്റി. മുൻ മന്ത്രിയും കേന്ദ്രകമ്മിറ്റിയംഗവുമായ പി.കെ. ശ്രീമതിയെ രംഗത്തിറക്കി സിപിഎം മണ്ഡലം സ്വന്തമാക്കി. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലായിരുന്നു മണ്ഡലത്തിലെ ആദ്യവനിതാ പ്രതിനിധിയായി ശ്രീമതിയുടെ ജയം.
ഇരുമുന്നണികളുടെയും ആധിപത്യ മേഖലകൾ കണ്ണൂരിലുണ്ട്. തളിപ്പറന്പ്, ധർമടം, മട്ടന്നൂർ മണ്ഡലങ്ങൾ ഇടതുകോട്ടകളാണ്. കണ്ണൂരും ഇരിക്കൂറും പേരാവൂരും യുഡിഎഫിന്റെ ശക്തികേന്ദ്രങ്ങൾ. അഴീക്കോട് ഇരുവരും അവകാശപ്പെടുന്പോഴും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫിനൊപ്പമായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ യുഡിഎഫ് കേന്ദ്രങ്ങളിലുണ്ടായ വ്യാപക വോട്ടുചോർച്ച 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ആവർത്തിച്ചത് ഇടതുകേന്ദ്രങ്ങൾക്ക് ആത്മവിശ്വാസം പകരുന്നു. 1,02,176 വോട്ടാണ് നിയമസഭാ മണ്ഡലങ്ങളിൽ എൽഡിഎഫിന്റെ ഭൂരിപക്ഷം.
യുഡിഎഫിന്റെ കുത്തകയായിരുന്നു കണ്ണൂർ മണ്ഡലം പിടിച്ചെടുത്ത് ഇടതുമുന്നണി ഞെട്ടിക്കുകയും ചെയ്തു. ബിജെപിയുടെ വോട്ടുകൾ കൂടുന്നതായാണു കണക്ക്. 2009-ലെ തെരഞ്ഞെടുപ്പിൽ 27,123 വോട്ട് മാത്രം ലഭിച്ച ബിജെപി 2014-ൽ 51,636 വോട്ട് പിടിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ 89,343 വോട്ടാണു സ്വന്തമാക്കിയത്.എൽഡിഎഫിൽ സിറ്റിംഗ് എംപി പി.കെ.ശ്രീമതി മത്സരരംഗത്തിറങ്ങുമെന്നാണു സൂചന.
മണ്ഡലത്തിൽ സജീവമായിരുന്ന ശ്രീമതിയുടെ ജനകീയത കരുത്താകുമെന്ന് എൽഡിഎഫ് പ്രതീക്ഷിക്കുന്നു. ഐക്യമുന്നണിയാകട്ടെ തിരിച്ചുപിടിക്കേണ്ട മണ്ഡലങ്ങളിൽ പ്രഥമസ്ഥാനമാണ് കണ്ണൂരിനു നൽകിയിരിക്കുന്നത്. കെപിസിസി വർക്കിംഗ് പ്രസിഡന്റ് കെ.സുധാകരൻ തന്നെയാണ് പ്രഥമപരിഗണനയിലുള്ളത്. ശബരിമല വിഷയത്തിൽ ഉൾപ്പെടെ സുധാകരനെടുത്ത നിലപാട് ഇടത്, ബിജെപി കേന്ദ്രങ്ങളിലും അനുകൂല ചലനങ്ങളുണ്ടാക്കുമെന്നു പാർട്ടി കരുതുന്നു. ബിജെപിയിൽ ദേശീയ നിർവാഹക സമിതിയംഗം സി.കെ.പദ്മനാഭന്റെ പേരിനാണു മുൻതൂക്കം.
നിയമസഭാ മണ്ഡലങ്ങളിലെ നില: 2014 ലോക്സഭാ തെരഞ്ഞെടുപ്പ്, 2016 നിയമസഭ തെരഞ്ഞെടുപ്പ്
എന്ന ക്രമത്തിൽ (കണ്ണൂർ)
2014 2016
തളിപ്പറന്പ്
UDF 64703 50,489
LDF 78922 91,106
BJP 6793 14,742
ഇരിക്കൂർ
UDF 75083 72,548
LDF 52928 62,901
BJP 5234 8,294
അഴീക്കോട്
UDF 56288 63,082
LDF 51278 60,795
BJP 8780 12,580
കണ്ണൂർ
UDF 55173 53,151
LDF 47116 54,347
BJP 6829 13,215
ധർമടം
UDF 57197 50,424
LDF 72158 87,329
BJP 6916 12,763
മട്ടന്നൂർ
UDF 53666 40,649
LDF 74399 84,030
BJP 9695 18,620
പേരാവൂർ
UDF 57886 65,659
LDF 49677 57,670
BJP 7265 9,129