കണ്ണൂർ: ഫലമറിയാൻ ഇനി രണ്ടുനാൾ മാത്രം. മുഖ്യമന്ത്രിയും രണ്ടു മന്ത്രിമാരും ജനവിധി തേടിയ പൊതുവെ ഇടതുകോട്ടയെന്ന് വിശേഷിപ്പിക്കുന്ന കണ്ണൂരിൽ ഇത്തവണ എന്തും സംഭവിക്കാം.
പല മണ്ഡലത്തിലുമുള്ള പോളിംഗ് ശതമാനത്തിലെ കുറവ് മുന്നണികളെ ആശങ്കയിലാക്കിയിട്ടുണ്ട്. 77.78 ശതമാനം പോളിംഗാണ് കണ്ണൂരിൽ രേഖപ്പെടുത്തിയത്. 2016-ൽ 80.63 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു.
കണ്ണൂരിൽ മൂന്ന് മുന്നണികൾക്കും അവരുടെ വോട്ട് ബാങ്കുണ്ട്. ശക്തമായ അടിത്തറയോടുകൂടിയ മണ്ഡലങ്ങൾ എൽഡിഎഫ്, യുഡിഎഫ് മുന്നണികളുടെ പട്ടികയിലുണ്ട്.
അടിത്തറ ദുർബലമായ മണ്ഡലങ്ങളുമുണ്ട്. അത്തരം മണ്ഡലങ്ങൾ ഇത്തവണ എങ്ങോട്ടു ചായുമെന്നാണ് മുന്നണികൾ ഉറ്റുനോക്കുന്നത്.
കണ്ണൂരിൽ 2011 ലെ തരംഗം ആവർത്തിക്കുമെന്നാണ് യുഡിഎഫ് പറയുന്നത്. എന്നാൽ, ഇത്തവണ കണ്ണൂരിലെ 11 സീറ്റുകൾ തങ്ങൾക്ക് ലഭിക്കുമെന്നാണ് ഇടതുമുന്നണിയുടെ അവകാശവാദം.
2016-ലെ നിയമസഭാതെരഞ്ഞെടുപ്പിൽ ജില്ലയിലെ 11 നിയമസഭാമണ്ഡലങ്ങളിൽ എട്ടിടത്ത് എൽഡിഎഫിനും മൂന്നിടത്ത് യുഡിഎഫിനുമായിരുന്നു മുൻതൂക്കം. 2011-ൽ അഞ്ചു സീറ്റുകൾ യുഡിഎഫിന് ലഭിച്ചിരുന്നു.
എൽഡിഎഫിൽ എട്ട് മണ്ഡലങ്ങളിലാണ് ഇത്തവണ സിപിഎം മത്സരിച്ചത്. ഓരോ സീറ്റിൽ കേരള കോൺഗ്രസ്-എം, എൽജെഡി, കോൺഗ്രസ്-എസ് കക്ഷികളും മത്സരിച്ചിരുന്നു.
യുഡിഎഫിൽ എട്ടു സീറ്റിൽ കോൺഗ്രസും രണ്ടു സീറ്റിൽ മുസ്ലിം ലീഗും ഒരിടത്ത് ആർഎസ്പിയുമാണ് ജനവിധി തേടിയിരിക്കുന്നത്.
ഇരിക്കൂർ, പേരാവൂർ, അഴീക്കോട് മണ്ഡലങ്ങളിൽ ഉറച്ച വിജയം പ്രതീക്ഷിക്കുന്ന യുഡിഎഫ് ഇത്തവണ കണ്ണൂരും കൂത്തുപറന്പും പിടിക്കുമെന്നാണ് പറയുന്നത്.
എന്നാൽ നിലവിലുള്ള സീറ്റുകൾ നിലനിർത്തുന്നതോടൊപ്പം അഴീക്കോടും ഇരിക്കൂറും തങ്ങൾ നേടുമെന്നാണ് എൽഡിഎഫ് പറയുന്നത്. പേരാവൂർ, അഴീക്കോട്, കണ്ണൂർ, കൂത്തുപറന്പ് മണ്ഡലങ്ങളിൽ കനത്ത പോരാട്ടമാണ് നടന്നത്.
കണ്ണൂർ
വർഷങ്ങളായി യുഡിഎഫിനൊപ്പം നിന്നിരുന്ന ജില്ലയിലെ മണ്ഡലങ്ങളിലൊന്നാണ് കണ്ണൂർ. കോൺഗ്രസിന് സ്വാധീനമുള്ള ഇവിടെ കഴിഞ്ഞതവണ ഇടതുപക്ഷത്തിനായി അട്ടിമറി വിജയം നേടിയത് കോൺഗ്രസ്-എസിലെ രാമചന്ദ്രൻ കടന്നപ്പള്ളിയാണ്.
പിണറായി മന്ത്രിസഭയിൽ അംഗമായ അദ്ദേഹം തന്നെയാണ് ഇത്തവണയും എൽഡിഎഫിനായി മത്സരിച്ചത്.
കോൺഗ്രസിനായി കഴിഞ്ഞതവണ മത്സരിച്ചു പരാജയപ്പെട്ട സതീശൻ പാച്ചേനി തന്നെയായിരുന്നു കടന്നപ്പള്ളിയുടെ എതിരാളി. 74.87 ശതമാനം പോളിംഗാണ് മണ്ഡലത്തിൽ രേഖപ്പെടുത്തിയത്.
കോൺഗ്രസിന്റെ ചില ശക്തികേന്ദ്രങ്ങളിൽ പോളിംഗ് കുറഞ്ഞത് ഇടതുപക്ഷത്തിന് പ്രതീക്ഷയേകുന്നുണ്ട്.
മണ്ഡലം നിലനിർത്തുമെന്ന് എൽഡിഎഫും സതീശൻ പാച്ചേനി വിജയിക്കുമെന്ന് യുഡിഎഫും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.
അഴീക്കോട്
ശക്തമായ പോരാട്ടം നടന്ന മണ്ഡലങ്ങളിലൊന്നാണ് അഴീക്കോട്. ഇവിടെ കെ.വി. സുമേഷ് ജയിക്കുമെന്നാണ് ഇടതുമുന്നണിയുടെ വിലയിരുത്തൽ. ബൂത്തുകളിലെ കണക്കു വച്ചാണ് ഇടതുപക്ഷത്തിന്റെ വിലയിരുത്തൽ.
എന്നാൽ, കെ.എം.ഷാജി ഹാട്രിക് വിജയത്തോടെ അഴീക്കോട് നിലനിർത്തുമെന്നാണ് യുഡിഎഫ് നേതൃത്വം പറയുന്നത്.
77.91 ശതമാനം പോളിംഗാണ് അഴീക്കോട് രേഖപ്പെടുത്തിയത്. ഇടതുകോട്ടയെന്ന് വിശേഷണമുള്ള മണ്ഡലമാണ് അഴീക്കോട്.
പക്ഷേ കഴിഞ്ഞ രണ്ടുതവണയും ആ കോട്ട തകർത്തായിരുന്നു ലീഗ് നേതാവ് കെ.എം.ഷാജി മണ്ഡലം യുഡിഎഫിനൊപ്പം നിർത്തിയത്.
ഇത്തവണ ജില്ലാപഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎമ്മിലെ യുവനേതാവുമായ കെ.വി.സുമേഷിലൂടെ മികച്ച പോരാട്ടം നടത്താനായെന്നാണ് എൽഡിഎഫ് വിലയിരുത്തൽ.
പേരാവൂർ
കോൺഗ്രസ് നേതാവ് സണ്ണി ജോസഫ് തുടർച്ചയായി രണ്ടു തവണ വിജയിച്ച മണ്ഡലമാണ് പേരാവൂർ. ശക്തമായ മത്സരം നടന്ന ഇത്തവണയും മണ്ഡലം തങ്ങൾക്കൊപ്പം നിലനിൽക്കുമെന്നാണ് യുഡിഎഫിന്റെ ആത്മവിശ്വാസം. എക്സിറ്റ് പോളുകളും സർവേഫലങ്ങളുമെല്ലാം ഇടതിന് അനുകൂലമായിരുന്നു.
ഇടത് സ്ഥാനാർഥി സക്കീര് ഹുസൈന് ശക്തമായ വെല്ലുവിളിയാണ് ഉയര്ത്തിയതെങ്കിലും സണ്ണി ജോസഫ് മണ്ഡലം നിലനിർത്തുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ് നേതൃത്വം.
എന്നാൽ യുവനേതാവിലൂടെ മണ്ഡലം തിരിച്ചുപിടിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഇടതുകേന്ദ്രങ്ങൾ. 78.04 ശതമാനം പോളിംഗാണ് ഇവിടെ രേഖപ്പെടുത്തിയത്.
ഇരിക്കൂർ
സംസ്ഥാനത്ത് കോൺഗ്രസിന്റെ ഉറച്ച സീറ്റുകളിൽ ഒന്നാണ് ഇരിക്കൂർ. കഴിഞ്ഞ എട്ടുതവണയും കെ.സി.ജോസഫിനെ വിജയിപ്പിച്ച മണ്ഡലം.
എന്നാൽ കെ.സി. ജോസഫ് മത്സരത്തിൽനിന്നു പിന്മാറിയതും ഇടതുമുന്നണിക്കായി കേരള കോൺഗ്രസ്-എം മത്സരിച്ചതുമാണ് മണ്ഡലത്തിൽ ശക്തമായ പോരാട്ടത്തിന് വഴിയൊരുക്കിയത്.
കെപിസിസി ജനറൽ സെക്രട്ടറി സജീവ് ജോസഫ് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചപ്പോൾ എൽഡിഎഫിനുവേണ്ടി സജി കുറ്റ്യാനിമറ്റമാണു മത്സരിച്ചത്.
കോൺഗ്രസിൽ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ഏറെ പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു. 75.59 ശതമാനം പോളിംഗാണ് ഇക്കുറി രേഖപ്പെടുത്തിയത്.
കഴിഞ്ഞതവണ കെ.സി. ജോസഫ് 9,647 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച മണ്ഡലം ഇത്തവണയും തങ്ങൾക്കൊപ്പം നിൽക്കുമെന്ന കണക്കുകൂട്ടലിലാണ് യുഡിഎഫ്.
കൂത്തുപറമ്പ്
മന്ത്രി കെ.കെ.ശൈലജയുടെ സിറ്റിംഗ് സീറ്റിൽ ഇത്തവണ എൽജെഡി നേതാവ് കെ.പി. മോഹനനാണ് മത്സരിച്ചത്.
കഴിഞ്ഞതവണ ശൈലജ 12,291 വോട്ടുകളുടെ ഭൂരിപക്ഷം നേടിയ മണ്ഡലം ഇത്തവണ മോഹനനൊപ്പം നിൽക്കുമെന്നാണ് ഇടതുനേതാക്കളുടെ കണക്കുകൂട്ടൽ. തെരഞ്ഞെടുപ്പിന് പിന്നാലെ രാഷ്ട്രീയ കൊലപാതകം നടന്ന മണ്ഡലമാണിത്.
മുസ്ലിം ലീഗ് സ്ഥാനാര്ഥി പൊട്ടങ്കണ്ടി അബ്ദുള്ളയുടെ ജയസാധ്യത തെളിഞ്ഞതോടെയാണ് സിപിഎം അക്രമമഴിച്ചുവിട്ടതെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. 78.09 ശതമാനം പോളിംഗാണ് ഇവിടെ രേഖപ്പെടുത്തിയത്.
ആറുസീറ്റുകൾ ഉറപ്പിച്ച് എൽഡിഎഫ്
ഫലമറിയുന്നതിനുമുന്പേ ആറു സീറ്റുകൾ ഇടതുപക്ഷം കണ്ണൂരിൽ ഉറപ്പിച്ചുകഴിഞ്ഞു. ഈ അവകാശവാദത്തെ വലതുപക്ഷവും അംഗീകരിക്കുന്നു.
എങ്കിലും ഈ സീറ്റുകളിലെ ഭൂരിപക്ഷം ഇടതുക്യാന്പിൽ വലിയ ചർച്ചയായേക്കും. എൻഡിഎ സ്ഥാനാർഥി ഇല്ലാതിരുന്ന തലശേരിയിൽ ബിജെപി വോട്ടുകൾ നിർണായകമാണെങ്കിലും എ.എൻ. ഷംസീർ മികച്ച ഭൂരിപക്ഷത്തിന് ജയിക്കുമെന്നാണ് സിപിഎം കേന്ദ്രങ്ങൾ പറയുന്നത്. മണ്ഡലത്തിൽ 73.93 ശതമാനം പോളിംഗായിരുന്നു രേഖപ്പെടുത്തിയത്.
പയ്യന്നൂരിൽ ടി.ഐ. മധുസൂദനന്റെയും (78.95 ശതമാനം) കല്യാശേരിയിൽ എം.വിജിന്റെയും (76.41) തളിപ്പറന്പിൽ എം.വി. ഗോവിന്ദന്റെയും (80.94) മട്ടന്നൂരിൽ കെ.കെ.ശൈലജയുടെയും (79.54) ധർമടത്ത് പിണറായി വിജയന്റെയും (80.22 ശതമാനം) വിജയമാണ് എൽഡിഫ് ഉറപ്പിച്ചിരിക്കുന്നത്.