ജമ്മു: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജമ്മു കാഷ്മീർ പോലീസ്. പ്രചാരണത്തിന്റെ ഭാഗമായി സ്ഥാനാർഥികൾ റോഡ് ഷോകൾ സംഘടിപ്പിക്കരുതെന്ന് പോലീസ് നിർദേശിച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് റോഡ് ഷോ ഒഴിവാക്കാനുള്ള തീരുമാനം.
ജില്ലാ ഭരണകൂടങ്ങളുടെ ക്ലിയറൻസ് ലഭിച്ച ശേഷമേ ഇറങ്ങാവൂ പോലീസ് നിർദേശിച്ചു. ജില്ലാ മജിസ്ട്രേറ്റിനെയും(ഡിഎം) എസ്എസ്പിയേയും മുൻകൂട്ടി അറിയിച്ച ശേഷം മാത്രമേ വിവിധ ജില്ലകളിൽ പ്രചാരണം നടത്താവൂ. ജില്ലകളിൽ നടത്തുന്ന പൊതുസമ്മേളനങ്ങളുടെ വേദി ഡിഎമ്മും എസ്എസ്പിയുമായി കൂടിയാലോചിച്ച് തീരുമാനിക്കണമെന്നും പോലീസ് അറിയിച്ചു.
ഇതുസംബന്ധിച്ച മാർഗനിർദേശം എല്ലാ സ്ഥാനാർഥികൾക്കും പാർട്ടി അധ്യക്ഷൻമാർക്കും പോലീസ് നൽകി. വിവിധ ജില്ലകളിലെ സാഹചര്യമനുസരിച്ച് മറ്റു പ്രചാരണങ്ങൾക്കുള്ള നിയന്ത്രണത്തിൽ മാറ്റമുണ്ടായേക്കും.