
ആലപ്പുഴ: പാർട്ടി അണികൾ ഇത്തവണ സിപിഎമ്മിനെ പരാജയപ്പെടുത്താൻ യുഡിഎഫ് സ്ഥാനാർഥികൾക്ക് വോട്ട് ചെയ്യുമെന്നുറപ്പെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി.
രാവിലെ ജില്ലയുടെ തെക്കേയറ്റത്ത് നിന്നും ആരംഭിച്ച പര്യടനം രാത്രിയിൽ അരൂർ നിയോജക മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിലെ സ്ഥാനാർഥികളുടെ പ്രചാരണത്തോടെയാണ് അവസാനിച്ചത്.
കായംകുളം കൃഷ്ണപുരത്ത് ഞക്കനാലിൽ നിന്നാണ് ആരംഭിച്ചത്. ഇടത് സർക്കാരിനെതിരേയും ബിജെപിക്കെതിരേയും കടന്നാക്രമണം നടത്തിയായിരുന്നു കെ സിയുടെ പ്രസംഗം.
വിവിധയിടങ്ങളിലെ പ്രസംഗങ്ങളിൽ സിപിഎം എന്ന പ്രസ്ഥാനത്തിന്റെ ഇപ്പോഴത്തെ ദയനീയവസ്ഥയും കെസി സൂചിപ്പിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും അഴിമതിയുടേയും സ്വജനപക്ഷപാതത്തിന്റെയും
കേന്ദ്രമായി മാറിയിരിക്കുന്നുവെന്നും പാർട്ടിയുംസർക്കാരും ഒരുപോലെ പ്രതിരോധത്തിലായിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
നേതാക്കളായ കെപിസിസി ജനറൽ സെക്രട്ടറി ബി. ബാബുപ്രസാദ്, ജോണ് തോമസ്, എസ്. രാജേന്ദ്രക്കുറുപ്പ്, അഡ്വ. വി. ഷുക്കൂർ, ജേക്കബ് തന്പാൻ, സുരേഷ് രാമകൃഷ്ണൻ, ശ്രീവല്ലഭൻ, അശോകൻ എന്നിവർ പങ്കെടുത്തു.
ഉച്ചയ്ക്ക് ശേഷം ആലപ്പുഴ നഗരസഭയിലെ വാർഡുകളിലൂടെ സ്ഥാനാർഥികൾക്കു വേണ്ടി ഒരു ഓട്ടപ്രദക്ഷിണമായിരുന്നു. രാത്രിയോടെയാണ് മാരാരിക്കുളത്തേയും ചേർത്തല, അരൂർ എന്നിവിടങ്ങളിലേയും പ്രചരണയോഗത്തിനെത്തിയത്.