എം.ജെ ശ്രീജിത്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് ഒഴിവുള്ള ആറ് നിയമസഭാ മണ്ഡലങ്ങളിലേയ്ക്കുള്ള ഉപതെരഞ്ഞെടുപ്പ് ഒക്ടോബറിൽ നടക്കും. തെരഞ്ഞെടുപ്പ് വിജ്ഞാപനം സെപ്റ്റംബറിൽ ഉണ്ടാവും. വട്ടിയൂർക്കാവ്,അരൂർ, കോന്നി, എറണാകുളം,പാല, മഞ്ചേശ്വരം എന്നീ നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
എംഎൽഎമാരായിരുന്ന ഹൈബി ഈഡൻ എറണാകുളത്തു നിന്നും അടൂർ പ്രകാശ് ആറ്റിങ്ങലിൽ നിന്നും കെ മുരളീധരൻ വടകരയിൽ നിന്നും എഎം ആരിഫ് ആലപ്പുഴയിൽ നിന്നും ലോക്സഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ നിയമസഭാ അംഗത്വം രാജിവച്ചിരുന്നു. പാല നിയോജക മണ്ഡലത്തിലെ അംഗമായിരുന്ന കെഎം മാണിയും മഞ്ചശ്വരം എംഎൽഎ ആയിരുന്ന പി.ബി അബ്ദുൾ റസാഖും അന്തരിച്ച ഒഴിവിലേയ്ക്കാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ്.
മഞ്ചേശ്വരം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ബിജെപി സ്ഥാനാർഥിയായിരുന്ന കെ സുരേന്ദ്രൻ നൽകിയിരുന്ന തെരഞ്ഞെടുപ്പ് കേസ് പിൻവലിച്ചതിനെ തുടർന്നാണ് ഇവിടേയും ഉപതെരഞ്ഞെടുപ്പ് സാധ്യമായത്. ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച നടപടിക്രമങ്ങളെല്ലാം ഇലക്ഷൻ കമ്മീഷനിൽ പൂർത്തിയായി വരികയാണ്.
സെപ്റ്റംബർ 15 നു ശേഷമായിരിക്കും തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരിക. ഓണം അവധിക്ക് ശേഷം മാത്രമെ വിജ്ഞാപനം ഉണ്ടാകാനിടയുള്ളവെന്നാണ് ഇലക്ഷൻ കമ്മീഷനിൽ നിന്നു ലഭിച്ച വിവരം. ഉപതെരഞ്ഞെടുപ്പ് ഒക്ടോബറിൽ ഉണ്ടാകുമെന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടായിട്ടുണ്ട്.
ഒക്ടോബർ അവസാന വാരം നടത്തുന്നതിലേയ്ക്കാണ് ഇലക്ഷൻ കമ്മീഷൻ പരിഗണിക്കുന്നത്. വോട്ട് ചേർക്കൽ, ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ ഒരുക്കൽ, ബുത്തുകളുടെ ക്രമീകരണം, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി അടക്കമുള്ള കാര്യങ്ങളുടെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.
നിലവിലെ കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റുകളാണ് കോന്നി,എറണാകുളം,വട്ടിയൂർക്കാവ് എന്നിവ. അരൂർ സിപിഎമ്മിന്റേയും പാല കേരള കോൺഗ്രസിന്റേയും മഞ്ചേശ്വരം മുസ്ലീംലീഗിന്റേയും സിറ്റിംഗ് സീറ്റാണ്.