ന്യൂഡൽഹി: കേരളത്തിൽ ഒഴിവ് വന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. ഒക്ടോബർ 21-നാണ് അഞ്ച് മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. 24ന് ഫലം വരും. രാജ്യത്തെ 18 സംസ്ഥാനങ്ങളിലായി 64 മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളും കമ്മീഷൻ പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറയാണ് തീയതികൾ പ്രഖ്യാപിച്ചത്.
മഞ്ചേശ്വരം, എറണാകുളം, വട്ടിയൂർക്കാവ്, അരൂർ, കോന്നി എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്. പി.വി.അബ്ദുൾ റസാഖിന്റെ മരണത്തെ തുടർന്നാണ് മഞ്ചേശ്വരത്ത് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ബാക്കി നാല് മണ്ഡലങ്ങളിലെയും എംഎൽഎമാർ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
അഞ്ച് മണ്ഡലങ്ങളിൽ നാലും യുഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളാണ്. ആലപ്പുഴയിൽ നിന്നും ലോക്സഭയിലേക്ക് എ.എം.ആരിഫ് ജയിച്ചതോടെയാണ് എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റായ അരൂരിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. അടൂർ പ്രകാശ് (കോന്നി), ഹൈബി ഈഡൻ (എറണാകുളം), കെ.മുരളീധരൻ (വട്ടിയൂർക്കാവ്) എന്നിവരാണ് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മറ്റ് എംഎൽഎമാർ.