ഇലക്ഷന്കിംഗ് എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന പയ്യന്നൂര്‍ കുഞ്ഞിമംഗലത്ത് വേരുകളുള്ള തമിഴ്നാട് സേലം മേട്ടൂരിലെ ഡോ. കെ.പദ്മരാജൻ പതിവുപോലെ ഇത്തവണയും തെരഞ്ഞെടുപ്പു രംഗത്ത് തിരക്കിലാണ്. 239-ാം തവണയാണ് ഇദ്ദേഹം മത്സരരംഗത്തിറങ്ങുന്നത്. ഇക്കുറി തമിഴ്നാടിലെ ധർമപുരിലോക്സഭാ മണ്ഡലത്തിലാണ് മത്സരിക്കാനായി പത്രിക സമർപ്പിച്ചിരിക്കുന്നത്. ബുധനാഴ്ച രാവിലെ 11ന് ആയിരുന്നു വരണാധികാരി കെ. ശാന്തി മുമ്പാകെ പത്രിക സമർപ്പിച്ചത്. കഴിഞ്ഞ തവണ ഇതേ മണ്ഡലത്തിലും രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതറിഞ്ഞതോടെ വയനാട്ടിലും പത്രിക നല്‍കിയിരുന്നു.
മത്സരിച്ചു വിജയിക്കുക എന്നതിലുപരിയായി പ്രഗല്ഭർക്കൊപ്പം മത്സരിക്കുക എന്നതു ഹരമായി കൊണ്ടുനടക്കുന്ന വ്യക്തിയാണു പദ്മരാജൻ. ഇക്കാരണത്താൽ തന്നെ ഇക്കുറി തൃശൂരിലും മത്സരിക്കാനാണ് തീരുമാനം. 42 വര്‍ഷംമുമ്പ് മനസില്‍ കയറിയ ആഗ്രഹമാണ് ഇപ്പോള്‍ ഇരുന്നൂറ്റി മുപ്പത്തൊമ്പതാമത്തെ പത്രിക സമര്പ്പണത്തിലെത്തി നില്‍ക്കുന്നത്.
മുന്‍ രാഷ്ട്രപതിമാരായ കെ.ആര്. നാരായണന്, എ.പി.ജെ. അബ്ദുല്‍ കലാം, പ്രതിഭാ പാട്ടീല്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുന്‍ പ്രധാനമന്ത്രിമാരായ അടല്‍ ബിഹാരി വാജ്പേയി, പി.വി. നരസിംഹറാവു, ഡോ.മന്മോഹന് സിംഗ്, മുന്‍ കേരള മുഖ്യമന്ത്രിമാരായ ഇ.കെ. നായനാര്‍, കെ.കരുണാകരന്, എ.കെ. ആന്റണി, മുൻ തമിഴ്നാട് മുഖ്യമന്ത്രി ജെ.ജയലളിത, എം.കരുണാനിധി, കർണാടക മുഖ്യമന്ത്രിമാരായിരുന്ന ബി.എസ്. യെദിയൂരപ്പ, എസ്. ബംഗാരപ്പ തുടങ്ങിയവർക്കെതിരേ മത്സരിച്ച ചരിത്രമുള്ളയാളാണ് ഡോ. പദ്മരാജൻ. മേട്ടൂരിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുതല്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പുവരെ നീളുന്നതാണ് ഇദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് മത്സരചരിത്രം.
പത്രിക സമര്‍പ്പണത്തിനൊപ്പം കെട്ടിവെച്ച കാശ് നഷ്ടപ്പെട്ട ചരിത്രത്തിനുടമകൂടിയാണ് ഇദ്ദേഹം. ഇതിനകം 20 ലക്ഷത്തോളം രൂപയാണ് തെരഞ്ഞെടുപ്പിനായി ചെലവാക്കിയത്. സ്വന്തം തട്ടകമായ മേട്ടൂര്‍ അസംബ്ലി മണ്ഡലത്തില്‍ 2011ല്‍ നടന് വിജയകാന്തിനോടു മത്സരിച്ചപ്പോള്‍ 6700ലധികം വോട്ടു ലഭിച്ചത് പദ്മരാജനെപ്പോലും ഞെട്ടിച്ച സംഭവമായിരുന്നു. എന്നാലും ഇവിടെയും കെട്ടിവച്ച പണം നഷ്ടമായിരുന്നു.
എന്നാല്‍ ഈ പരാജയങ്ങള്‍ വിജയമാക്കി മാറ്റാന്‍ കഴിഞ്ഞുവെന്ന ചരിത്രംകൂടിയുണ്ട് പദ്മരാജന്. മൂന്നുതവണ ലിംകാ ബുക്ക് ഓഫ് റിക്കാർഡ്സിലും ഗിന്നസ് ബുക്കിലും ഇടംനേടാന്‍ കഴിഞ്ഞുവെന്നത് മറ്റാര്‍ക്കും അവകാശപ്പെടാന്‍ കഴിയാത്ത നേട്ടമാണ്. ഇപ്പോള്‍ ഇന്റർനെറ്റിൽ ഇലക്ഷന് കിംഗെന്ന് അടിച്ചാല്‍ പദ്മരാജന്റെ റിക്കാര്ഡുകളിലേക്കാണ് എത്തിച്ചേരുക. ആദ്യമൊക്കെ എതിര്‍പ്പു പ്രകടിപ്പിച്ച വീട്ടുകാര്‍ ഇപ്പോള്‍ പിന്തുണയുമായി കൂടെയുണ്ടെന്നും ഇദ്ദേഹം പറഞ്ഞു. മേട്ടൂരില്‍ ഹോമിയോ പ്രാക്ടീഷണറായ പദ്മരാജന് ടയര്‍ റിപ്പയറിംഗ് കടയും നടത്തുന്നുണ്ട്.