കോട്ടയം: നിരത്തുകളിൽ വിവിധ വർണങ്ങളിലുള്ള കൊടികൾ നിരന്നു തുടങ്ങി. കോണ്‍ഗ്രസിന്റെ ത്രിവർണ കൊടിയും സിപിഎമ്മിന്റെ ചെങ്കൊടിയും ബിജെപിയുടെ കാവിക്കൊടിയും ആൾക്കൂട്ട നടുവിൽ പാറിപ്പറക്കുകയാണ്.
ഇതിനൊപ്പം ചെറുതും വലുതുമായ രാഷ്്ട്രീയ പാർട്ടികളുടെയും സമുദായ സംഘടനകളുടെയും കൊടികളും വരും ദിവസങ്ങളിൽ സാന്നിധ്യമാകും. കൊടികളുടെ വിൽപന്ന കാലം കൂടിയാണിത്. കൊടികൾ മാത്രമല്ല, പാർട്ടി ചിഹ്നങ്ങൾ, തോരണങ്ങൾ, തൊപ്പികൾ, ടീഷർട്ടുകൾ തുടങ്ങി തെരഞ്ഞെടുപ്പു പ്രചാരണത്തിനാവശ്യമായ എല്ലാ സാമഗ്രികളുടെയും വിൽപന ആരംഭിച്ചു കഴിഞ്ഞു.
ത്രിവർണത്തിലുള്ള കൈപ്പത്തിയും അരിവാളിൽ വിരിയുന്ന ചുവപ്പും താമരയുമെല്ലാം വിൽപന ശാലകളിലെത്തി. മൂന്നു പാർട്ടികളുടെയും കൊടിയുടെ നിറത്തിലുള്ള ടീ ഷർട്ടുകളും തൊപ്പികൾ, ചിഹനങ്ങൾ, കുട, തോരണം, ബലൂണ്‍, റിബണ്‍, തൊപ്പി, തലപ്പാവ്, പേക്കറ്റ് ബാഡജ്, സ്വീകരണ മാല, മുഖംമൂടി, ഷാൾ എന്നിവയ്ക്കു പുറമേ സ്ഥാനാർഥിയുടെ ഫോട്ടോയും ചിഹ്നവും പതിച്ച മാസ്കിനും ഡിമാൻഡുണ്ട്.
30 ഇഞ്ച് വലിപ്പമുള്ള വലിയ കൊടികൾക്ക് 30 രൂപ മുതൽ 40 രൂപവരെയാണ് വില. 20 ഇഞ്ച് വലിപ്പമുള്ള ഇടത്തരം കൊടികൾക്ക് 20 രൂപമുതൽ 25 രൂപ വരെയാണ് വില.കോട്ടയം മാമ്മൻമാപ്പിള ഹാളിനു എതിർവശത്തുള്ള കാരപ്പുഴ സജു ജോസഫിന്റെ എസ് ആൻഡ് എസ് എന്ന കടയിൽ രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാ പാർട്ടിക്കാർക്കും ഇഷ്്ടപ്പെട്ടതു തെരഞ്ഞെടുക്കാനുള്ള സാമഗ്രികൾ നിരന്നു കഴിഞ്ഞു.
രാഷ്ട്രീയത്തിൽ വേർതിരിവുകളും ചേരിതിരിവുകളും ഉണ്ടെങ്കിലും പ്രചാരണ സാമഗ്രികൾ വാങ്ങാൻ ഇവിടെ എല്ലാവരും എത്തുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മാസങ്ങൾക്കു മുന്‍പേ ഗുജറാത്തിൽ നിന്നും തമിഴ്നാട്ടിലെ തിരിപ്പൂരിൽ നിന്നുമാണ് ഇവ എത്തിച്ചത്.
പ്ലാസ്റ്റിക് ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പ് സാമഗ്രികൾക്ക് നിരോധനം വന്നതോടെ തുണി, പേപ്പർ ഉത്പന്നങ്ങൾക്കാണ് ഡിമാൻഡെന്നു കട ഉടമ സജു പറയുന്നു.ചുരുങ്ങിയ ദിവസത്തേക്കു ഉപയോഗിക്കാനുള്ളതിനാൽ വില കുറച്ചു നൽകുന്ന രീതിയിലാണു തെരഞ്ഞെടുപ്പ് സാമഗ്രികളുടെ നിർമാണം. തെരഞ്ഞെടുപ്പു പ്രചാരണം സജീവമായതോടെ കച്ചവടം ഉഷാറായെന്നും സജു കൂട്ടിച്ചേർത്തു.