തലശേരി: ഇടതു മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മാറ്റേകാൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്റെ മകനും സിനിമ താരവുമായ ബിനീഷ് കോടിയേരിയുടെ നേതൃത്വത്തിൽ ആക്ഷേപഹാസ്യഷോ ഒരുങ്ങി. നൃത്തവും സമകാലിക രാഷ്ട്രീയപ്രശ്നങ്ങളും ആക്ഷേപഹാസ്യത്തിന്റെ അകമ്പടിയോടെ അവതരിപ്പിച്ചു കൊണ്ടുള്ള കലാസൃഷ്ടിയുമായാണ് ബിനീഷും സംഘവും എത്തുന്നത്.
തലശേരി, വടകര, പേരാമ്പ്ര എന്നിവിടങ്ങളിലെ കലാകാരന്മാരെ അണിനിരത്തി കൊണ്ടുള്ള ആക്ഷേപഹാസ്യഷോയുടെ റിഹേഴ്സല്‍ ഇതിനകം പൂര്‍ത്തിയായി കഴിഞ്ഞു. നിപ്പ വൈറസിനെയും പ്രളയത്തെയും അതിജീവിച്ച് ആയിരം നാള് പിന്നിട്ട എല്‍ഡിഎഫ് ഭരണത്തിന്റെ നേട്ടങ്ങളിലൂടെ ദൈവത്തിന്റെ സ്വന്തം നാട്ടിലെ നന്മനിറഞ്ഞ സർക്കാറായി പിണറായിസര്ക്കാറിനെ പുകഴ്ത്തി കൊണ്ടുള്ള പരിപാടിയിൽ കേന്ദ്രഭരണത്തെയും മോദിയുടെ നയങ്ങളെയും ദൃശ്യാവിഷ്കാരത്തിലൂടെ വിചാരണചെയ്യുന്നുണ്ട്.
നരേന്ദ്രമോദിയേയും അല്‍ഫോണ്‍സ് കണ്ണന്താനത്തിനേയും ട്രോളിക്കൊണ്ട് പുരോഗമിക്കുന്ന ഷോയിൽ ഓരോ അക്കൗണ്ടിലേക്കും ബിജെപി വാഗ്ദാനം ചെയ്ത പതിനഞ്ച് ലക്ഷം എവിടെയെന്ന വലിയ ചോദ്യം ഉന്നയിക്കുന്നുണ്ട്. പതിവ് തെരുവ് നാടക സങ്കല്പത്തില് നിന്ന് വഴിമാറി പുതിയകാലത്തിന്റെ അഭിരുചിക്കിണങ്ങുന്ന 25 മിനിറ്റ് ഷോയാണ് ഒരുക്കിയിട്ടുള്ളതെന്ന് സംഘാടകർ പറഞ്ഞു.
ബിനീഷ്കോടിയേരിയാണ് രചനയും സംവിധാനവും നിർവഹിച്ചിട്ടുള്ളത്. വിനീഷ്കുമാറാണ് കൊറിയോഗ്രാഫി. വിനു പി. കമല്‍, മണിദാസ് പയ്യോളി എന്നിവരാണ് മറ്റു പ്രധാന അണിയറശില്പികള്.