എസ്.ആർ. സുധീർകുമാർ
തൊഴിലാളി പ്രസ്ഥാനങ്ങൾക്ക് എക്കാലവും വളക്കൂറുള്ള മണ്ണാണു കൊല്ലം. ആർഎസ്പിയുടെ തറവാടെന്ന മേൽവിലാസവും മണ്ഡലത്തിനു സ്വന്തം. ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് ഏറെ വേരോട്ടമുള്ള ഭൂമികയുമാണ് . കോൺഗ്രസും ഒരു വേള ഇവിടെ അജയ്യരായിരുന്നു. പക്ഷേ അന്ധമായി ആരെയും അധികകാലം വരിച്ച ചരിത്രം കൊല്ലത്തിനില്ല എന്നതും യാഥാർഥ്യം. ആൾബലത്തിന്റെ കാര്യത്തിൽ മണ്ഡലത്തിലെ പ്രബലർ കോൺഗ്രസും സിപിഎമ്മും ആണെന്നുള്ളത് മറ്റൊരു വസ്തുത.
1962-മുതൽ 80 വരെ കൊല്ലം ആർഎസ്പിയുടെ കൈവെള്ളയിലായിരുന്നു . ഇക്കാലയളവിൽ ആർഎസ്പിയിലെ എൻ.ശ്രീകണ്ഠൻ നായരാണു ലോക്സഭയിൽ കൊല്ലത്തെ പ്രതിനിധീകരിച്ചത്. 1980-ലെ അഞ്ചാമൂഴത്തിൽ കോൺഗ്രസിലെ ബി.കെ .നായർ ശ്രീകണ്ഠൻ നായരെ തറപറ്റിച്ചു. ഈ തോൽവി ആർഎസ്പി എന്ന പ്രസ്ഥാനത്തെയും ശോഷിപ്പിച്ചു എന്നതു ചരിത്രം.
1984-ലും 89-ലും 91-ലും കൊല്ലത്ത് നിന്ന് വിജയിച്ച് കോൺഗ്രസിനു ഹാട്രിക് സമ്മാനിച്ചത് എസ്.കൃഷ്ണകുമാറാണ്. പക്ഷേ നാലാം അങ്കത്തിൽ കൃഷ്ണകുമാറിനു കാലിടറി. ആർഎസ്പിയിലെ പുതുമുഖമായ എൻ.കെ.പ്രേമചന്ദ്രനോടാണ് കരുത്തനായ കൃഷ്ണകുമാർ 1996-ൽ പരാജയം രുചിച്ചത്. 98-ലെ തെരഞ്ഞെടുപ്പിലും പ്രേമചന്ദ്രൻ വിജയിച്ചു.
1999-ൽ തന്ത്രപരമായ നീക്കത്തിലൂടെ കൊല്ലം സീറ്റ് ആർഎസ്പിയിൽനിന്നു സിപിഎം പിടിച്ചെടുത്തു. സംസ്ഥാനം ഉറ്റുനോക്കിയ ഈ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ അടവുനയം വിജയിക്കുകയും ചെയ്തു. അങ്ങനെ പി.രാജേന്ദ്രൻ കൊല്ലത്തുനിന്നു ലോക്സഭയ്ക്ക് വണ്ടികയറി.
2004-ലെ തെരഞ്ഞെടുപ്പിലും കൊല്ലത്തെ പ്രതിനിധീകരിക്കാനുള്ള അവസരം പി. രാജേന്ദ്രനുതന്നെ ലഭിച്ചു. 2009-ൽ രാജേന്ദ്രന്റെയും സിപിഎമ്മിന്റെയും കണക്കുകൂട്ടലുകൾ തെറ്റി. കോൺഗ്രസിലെ എൻ. പീതാംബരക്കുറുപ്പായിരുന്നു രാജേന്ദ്രനെ തറപറ്റിച്ചത്.
2014-ൽ മണ്ഡലത്തിലെ രാഷ്ട്രീയചിത്രംതന്നെ മാറി. ഇടതുമുന്നണിയിലായിരുന്ന ആർഎസ്പി യുഡിഎഫിലേക്കു ചേക്കേറി. പ്രേമചന്ദ്രനെ തന്നെ സ്ഥാനാർഥിയാക്കി യുഡിഎഫ് സിപിഎമ്മിനെ ഞെട്ടിച്ചു. മന്ത്രിയായിരുന്ന എം.എ. ബേബിയെ സ്ഥാനാർഥിയാക്കി സിപിഎമ്മും എൽഡിഎഫും പതിനെട്ടടവും പുറത്തെടുത്തെങ്കിലും അവയൊന്നും ഫലം കണ്ടില്ല. ജയം പ്രേമചന്ദ്രനൊപ്പമായിരുന്നു.
2011-ലെ നിയസഭാ തെരഞ്ഞെടുപ്പിൽ ചവറയും പത്തനാപുരവും ഒഴിച്ചുള്ളവ എൽഎഫിന് ഒപ്പമായിരുന്നു. 2014-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പുനലൂർ, ചടയമംഗലം, ചാത്തന്നൂർ എന്നിവിടങ്ങളിലേ എൽഡിഎഫിനു മുന്നിലെത്താൻ കഴിഞ്ഞുള്ളൂ. 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏഴ് നിയസഭാമണ്ഡലങ്ങളിലും വിജയിച്ച് എൽഡിഎഫ് നൂറുമേനി കൊയ്തെടുത്തു.
ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് സിപിഎമ്മിനെ സംബന്ധിച്ചടത്തോളം അഭിമാനപോരാട്ടമാണ്. അതുകൊണ്ടുതന്നെ അതീവജാഗ്രതയിലുമാണ് അവർ.പ്രേമചന്ദ്രൻതന്നെയായിരിക്കും യുഡിഎഫ് സ്ഥാനാർഥിയെന്ന് ആർഎസ്പി നേതൃത്വം പ്രഖ്യാപിച്ച് കഴിഞ്ഞു. എതിരാളികളുടെ കരുനീക്കങ്ങൾ നന്നായി അറിയാവുന്നതുകൊണ്ട് അവരും ജാഗരൂകരാണ്.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗവും രാജ്യസഭാ മുൻ എംപിയുമായ കെ.എൻ.ബാലഗോപാൽ ആയിരിക്കും എൽഡിഎഫ് സ്ഥാനാർഥി. ബിജെപി സഖ്യ സ്ഥാനാർഥിയായി കൊല്ലത്തെ മുൻ ജില്ലാ കളക്ടർ കൂടിയായ ഡോ.സി.വി.ആനന്ദബോസ് മത്സരിച്ചേക്കുമെന്നാണ് സൂചനകൾ.
ലോക്സഭ വിജയികൾ 1980 മുതൽ
കൊല്ലം ( വർഷം, വിജയി, പാർട്ടി, ഭൂരിപക്ഷം)
1980 – ബി.കെ. നായർ കോൺഗ്രസ് 36586
1984 – എസ്. കൃഷ്ണകുമാർ കോൺഗ്രസ് 20357
1989 – എസ്. കൃഷ്ണകുമാർ കോൺഗ്രസ് 27462
1991 – എസ്. കൃഷ്ണകുമാർ കോൺഗ്രസ് 27727
1996 – എൻ. കെ. പ്രേമചന്ദ്രൻ ആർഎസ്പി 78370
1998 – എൻ. കെ. പ്രേമചന്ദ്രൻ ആർഎസ്പി 71762
1999 – പി. രാജേന്ദ്രൻ സിപിഎം 19284
2004 – പി. രാജേന്ദ്രൻ സിപിഎം 111071
2009 – എൻ. പീതാംബരക്കുറുപ്പ് കോൺഗ്രസ് -ഐ 17531