എസ്.ആർ.സുധീർകുമാർ
കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ സ്ഥാനാർഥി ചിത്രം പൂർണമായതോടെ അങ്കത്തട്ടിൽ ആവേശം മൂത്തു. ഇതിനോടകം തന്നെ മൂന്ന് മുന്നണി സ്ഥാനാർഥികളും പ്രചാരണത്തിന്റെ ആദ്യറൗണ്ട് പിന്നിട്ട് കഴിഞ്ഞു.
സ്ഥാനാർഥികളെല്ലാം തുടക്കത്തിലേ വീടുകളിൽ സന്ദർശനവും നടത്തി. പ്രചാരണത്തിന്റെ ഭാഗമായി അങ്ങിങ്ങ് ചുവരെഴുത്തുകൾ ഇപ്പോഴും നടക്കുന്നുണ്ട്.രണ്ടാംഘട്ടം എന്ന നിലയിൽ സ്ഥാനാർഥികളുടെ വാർഡുതല കൺവൻഷനുകളും ആരംഭിച്ച് കഴിഞ്ഞു.
കുടുംബ യോഗങ്ങളും തുടങ്ങാറായി. ലഘുലേഖകളും അഭ്യർഥനകളും വീടുകളിൽ എത്തിച്ച് തുടങ്ങി. കോവിഡ് കാലമായതിനാൽ സ്ക്വാഡ് പ്രവർത്തനത്തിൽ ഇറങ്ങുന്നവരുടെ എണ്ണം എല്ലാവരും പരിമിതപ്പെടുത്തിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനത്തിന്റെ ഭാഗമായി സംസ്ഥാന നേതാക്കളും പൊതുയോഗങ്ങളിൽ പങ്കെടുക്കാൻ എത്തി. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നടന്ന പൊതുയോഗങ്ങളിൽ പങ്കെടുത്തു.
ഇത് യുഡിഎഫ് കേന്ദ്രങ്ങളിൽ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. എൽഡിഎഫിന്റെയും എൻഡിഎയുടെയും പ്രമുഖ നേതാക്കളും വരും ദിവസങ്ങളിൽ ജില്ലയിൽ പര്യടനം നടത്തും.
അതേസമയം വിമതശല്യം മുന്നണികളെ അടലട്ടുന്നുമുണ്ട്. റിബലുകൾ ഏറെയും കോൺഗ്രസിലാണ്. കൊല്ലം കോർപ്പറേഷനിൽ മൂന്ന് ഡിവിഷനുകളിൽ യുഡിഎഫിന് റിബൽ ശല്യമുണ്ട്.
ഒരിടത്ത് ഇവരെ നിശബ്ദരാക്കാനുള്ള നേതൃത്വത്തിന്റെ ശ്രമങ്ങളൊന്നും ഇതുവരെ വിജയം കണ്ടില്ല. അതേസസമയം കടപ്പാക്കട ഡിവിഷനിൽ എൽഡിഎഫ് വിമതൻ അവസാന നിമിഷം പിന്മാറിയത് അവർക്ക് ആശ്വാസമായി.
പരവൂർ നഗരസഭയിലും മൂന്നിടത്ത് യുഡിഎഫിന് വിമത ശല്യമുണ്ട്. ഒരു വാർഡിൽ മുന്നണികൾക്ക് ഭീഷണിയായി മുൻ ചെയർമാൻ സ്വതന്ത്രനായും മത്സരിക്കുന്നു.
കരുനാഗപ്പള്ളി നഗരസഭയിലും ഒരു വാർഡിൽ യുഡിഎഫ് മത്സരിക്കുന്നു. പഞ്ചായത്തിൽ പലയിടത്തും ഇരുമുന്നണികൾക്കും ശക്തമായ റിബലുകൾ സജീവമായി മത്സരരരംഗത്തുണ്ട്.
ചുവരെഴുത്തിനും പോസ്റ്റർ പ്രചാരണത്തിനും പിന്നാലെ ശബ്ദപ്രചാരണം കൂടി ആകുന്പോഴേ ഗോദയിൽ മേളം കൊഴുക്കുകയുള്ളൂ. ഉച്ചഭാഷണി ഉപയോഗിച്ചുള്ള ച്രചാരണം ഏതാനും ദിവസങ്ങൾക്കുള്ളിൽ ആരംഭിക്കും. അരങ്ങ് കൊഴുപ്പിക്കാൻ പാരഡി ഗാനങ്ങളെല്ലാം തയാറായി.
വോട്ടഭ്യർഥിച്ചുള്ള സ്ഥാനാർഥികളുടെ ശബ്ദ സന്ദേശങ്ങൾ ഫേസ് ബുക്കിലും വാട്സ് ആപ്പിലും വന്നുതുടങ്ങി.