പത്തനംതിട്ട: കോന്നിയിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാനാർഥി നിർണയ ചർച്ചകൾ സജീവമായി. കോണ്ഗ്രസ് സ്ഥാനാർഥി നിർണയത്തിനും പ്രചാരണ പ്രവർത്തനങ്ങൾക്ക് രൂപം നൽകുന്നതിനുമായി ഡിസിസിയുടെ സന്പൂർണ നേതൃയോഗം ഇന്നു വിളിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുന്പ് അജണ്ട തീരുമാനിച്ച് വിളിച്ച യോഗമാണെങ്കിലും കോന്നി ഉപതെരഞ്ഞെടുപ്പ് തന്നെയായിരിക്കും മാറിയ സാഹചര്യത്തിൽ പ്രധാന ചർച്ച.
മണ്ഡലം കൈവിട്ടുപോകരുതെന്നും സ്ഥാനാർഥി നിർണയത്തിൽ വിജയസാധ്യത പ്രധാന ഘടകമാക്കണമെന്ന് അടൂർ പ്രകാശ് എംപി അഭിപ്രായപ്പെട്ടിട്ടുണ്ട്. അടൂർ പ്രകാശിന്റെ നിർദേശങ്ങളെ ഡിസിസി നേതൃത്വം അംഗീകരിക്കാനിടയില്ല. എ, ഐ ഗ്രൂപ്പ് നേതാക്കൾ സംയുക്തമായി പ്രകാശിന്റെ നീക്കങ്ങളെ ചെറുക്കുകയാണ്. ഇതിനിടെയാണ് മണ്ഡലത്തിനു പുറത്തുനിന്നുള്ള സ്ഥാനാർഥി എന്ന നിർദേശം കെപിസിസി തലത്തിൽ ഉണ്ടായിട്ടുള്ളത്.
ഡിസിസി തലത്തിൽ ഉയരുന്ന പേരുകൾ കൂടി ചേർത്ത് ആവശ്യപ്പെട്ടാൽ മാത്രം കെപിസിസിക്ക് പട്ടിക നൽകുമെന്ന് ഡിസിസി പ്രസിഡന്റ് ബാബു ജോർജ് പറഞ്ഞു. ജില്ലയ്ക്കു പുറത്തുനിന്ന് സ്ഥാനാർഥി എത്തുന്നതിനോടു കോൺഗ്രസ് നേതാക്കൾ ഒറ്റക്കെട്ടായി എതിർക്കും. നിലവിൽ അഞ്ച് നിയമസഭ മണ്ഡലമാണ് പത്തനംതിട്ടയിലുള്ളത്. അതിൽ തന്നെ ഒരു മണ്ഡലം കേരള കോൺഗ്രസ് എമ്മിന്റേതാണ്. മറ്റൊരു മണ്ഡലം സംവരണവുമാണ്.
ലോക്സഭയിലേക്കും പത്തനംതിട്ടയിൽ നിന്നൊരാളെ സ്ഥാനാർഥിയാക്കിയിട്ടില്ല. ഇത്തരം കാരണങ്ങൾ നിരത്തി കൈവശമുള്ള ഒരു മണ്ഡലം കൂടി നഷ്ടമാകുന്നതിനെ നേതാക്കൾ എതിർക്കും. അഞ്ച് മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുകയും അതിൽ നാലിലും കോണ്ഗ്രസ് സ്ഥാനാർഥികൾ തന്നെ മത്സരിക്കേണ്ടിവരികയും ചെയ്യുന്ന സാഹചര്യത്തിൽ കോണ്ഗ്രസ് ഹൈക്കമാൻഡിന്റെ അംഗീകാരത്തോടെ മാത്രമേ സ്ഥാനാർഥി പ്രഖ്യാപനമുണ്ടാകുകയുള്ളൂ.
നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാനതീയതി 30 ആണ്. ഇതിനു മുന്പായി സ്ഥാനാർഥിയെ തീരുമാനിക്കാനുള്ള തീവ്രശ്രമമാണ ്ഇനി കോണ്ഗ്രസ് നേതൃത്വം നടത്തേണ്ടത്.അടൂർ പ്രകാശ് മാറിയതോടെ മണ്ഡലം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫും നീങ്ങുന്നത്. സിപിഎം സ്ഥാനാർഥിയെ സംബന്ധിച്ച തീരുമാനം രണ്ടു മൂന്ന് ദിവസങ്ങൾക്കുള്ളിൽ ഉണ്ടാകുമെന്ന് പാർട്ടി നേതാക്കൾ പറഞ്ഞു. മണ്ഡലത്തിന്റെ ചുമതലയുള്ള സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളുടെ സാന്നിധ്യത്തിൽ ജില്ലാ കമ്മിറ്റിയും സെക്രട്ടേറിയറ്റും ചേർന്ന് സ്ഥാനാർഥിയെ സംബന്ധിച്ച പ്രഖ്യാപനം നടത്തും.
മണ്ഡലത്തിൽനിന്നുള്ള ഒന്നിലേറെ നേതാക്കൾ സീറ്റ് ലക്ഷ്യമിട്ട് അണിയറ നീക്കങ്ങൾ നടത്തുന്നുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ നേടിയ വോട്ട് ലക്ഷ്യമിട്ടു രംഗത്തുള്ള ബിജെപി ശക്തമായ പോരാട്ടത്തിന് അനുയോജ്യനായ സ്ഥാനാർഥിയെയാണ് തേടുന്നത്. ലോക്സഭ മണ്ഡലം സ്ഥാനാർഥി കെ. സുരേന്ദ്രനെ മത്സരിപ്പിക്കാൻ പ്രാദേശിക ഘടകം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം തയാറല്ലെന്ന് അറിയിച്ചിട്ടുണ്ട്.