പത്തനംതിട്ട: സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ 248 കേസുകള്‍ നിലവിലുള്ളതായി സത്യവാങ്മൂലം. കോന്നി നിയമസഭ മണ്ഡലത്തിലെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ടു നല്‍കിയിട്ടുള്ള സത്യവാങ്മൂലത്തില്‍ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
ഇവയിലേറെയും ശബരിമല യുവതി പ്രവേശന വിഷയവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളുടേതാണ്. വിവിധ പോലീസ് സ്റ്റേഷനുകളിലെ എഫ്ഐആര്‍ നമ്പറുകളടക്കം സത്യവാങ്മൂലത്തില്‍ പരാമര്‍ശമുണ്ട്.നിയമവിരുദ്ധമായ സംഘംചേരല്‍, യാത്രാതടസം, പോലീസിനെ തടസപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഏറെയും.
കോവിഡ്കാലത്തു നടന്ന സമരങ്ങളുടെ പേരിലും കേസുകള്‍ ഉണ്ട്. കൈവശമുള്ള 7000 രൂപ ഉള്‍പ്പെടെ 3,73,00 രൂപയാണ് സുരേന്ദ്രന്റെ സമ്പാദ്യം. ഭാര്യയുടെ പേരില്‍ 1,47,798. 05 രൂപയുമുണ്ട്. കൈവശമുള്ള ഭൂമി, കൃഷിയിടം എന്നിവയുടെ എല്ലാം മൂല്യം സുരേന്ദ്രന്റേത് 2.85 ലക്ഷം രൂപയുടേതും ഭാര്യയുടേത് 32 ലക്ഷം രൂപയുടേതുമാണ്. സുരേന്ദ്രന്റെ പേരില്‍ 12 ലക്ഷം രൂപയുടെ ഭവന വായ്പാ ബാധ്യതയുമുണ്ട്.
കേസുകളില്ല, വീണാ ജോര്‍ജിന് 20.95 ലക്ഷം രൂപയുടെ സമ്പാദ്യം
പത്തനംതിട്ട: ആറന്മുള മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വീണാ ജോര്‍ജിന് 20,95,911 രൂപയുടെ സമ്പാദ്യം. കൈവശമുള്ള 10,000 രൂപയും വിവിധ ബാങ്കുകളിലെ നിക്ഷേപവും വാഹനത്തിന്റെയും സ്വര്‍ണത്തിന്റെയും മൂല്യവും കണക്കാക്കിയാണ്സത്യവാങ്മൂലം.
ഇത്തരത്തില്‍ ഭര്‍ത്താവിന്റെ പേരില്‍ 35,56,133 രൂപയുടെ സമ്പാദ്യം ഉള്ളതായും സത്യവാങമൂലത്തില്‍ പറയുന്നു. 120 ഗ്രാം സ്വര്‍ണമാണ് വീണാ ജോര്‍ജിന്റെ പക്കലുള്ളത്. ഭര്‍ത്താവിന് 40 ഗ്രാമും രണ്ട് മക്കള്‍ക്കുമായി 24 ഗ്രാമ സ്വര്‍ണവും ഉണ്ട്.
ഭര്‍ത്താവിന്റെ ഉടമസ്ഥതയിലുള്ള കൃഷിയിടങ്ങള്‍ അടക്കമുള്ള വസ്തുവകകള്‍ക്ക് 1,58,64,940 രൂപയുടെ മൂല്യമാണ് കണക്കാക്കിയിരിക്കുന്നത്. ഭവന, വാഹനവായ്പകള്‍, ചിട്ടികള്‍ ഉള്‍പ്പെടെ 21,45,577. 82 രൂപയുടെ ബാധ്യത വീണാ ജോര്‍ജിന്റെ പേരിലും 87,17,244.84 രൂപയുടേത് ഭര്‍ത്താവിന്റെ പേരിലും രേഖപ്പെടുത്തിയിട്ടുണ്ട്. ഇരുവരുടെയും പേരില്‍ കേസുകളൊന്നും നിലവിലില്ല.
ശിവദാസന്‍നായര്‍ക്ക് 27,15,527 രൂപയുടെ സമ്പാദ്യം
പത്തനംതിട്ട: ആറന്മുളയിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ. ശിവദാസന്‍ നായര്‍ക്ക് 27,15,527 രൂപയുടെ സമ്പാദ്യം ബാങ്കുകളിലും സ്വര്‍ണവും വാഹനവും ഉള്‍പ്പെടെയുണ്ട്. ഭാര്യയുടെ പേരില്‍ 4,97,434 രൂപയുടെ സമ്പാദ്യമാണുള്ളത്.
കൃഷിയിടങ്ങള്‍, കെട്ടിടങ്ങള്‍ ഉള്‍പ്പെടെ 54 ലക്ഷംരൂപയുടെ വസ്തുവകകള്‍ ശിവദാസന്‍ നായരുടെ പേരിലും ആറു ലക്ഷം രൂപയുടേത് ഭാര്യയുടെ പേരിലുമുണ്ട്. തിരുവല്ല കാര്‍ഷിക വികസന ബാങ്കിലുള്ള 25000 രൂപയുടെ വായ്പ മാത്രമാണ് ശിവദാസന്‍ നായര്‍ക്കുള്ള ബാധ്യത.
ജനീഷ് കുമാറിനെതിരെ വിചാരണയിലുള്ള കേസുകള്‍
പത്തനംതിട്ട: കോന്നിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.യു. ജനീഷ് കുമാറിന് 13,70,458. 85 രൂപയുടെ സമ്പാദ്യം. ബാങ്ക് നിക്ഷേപം, കൈവശമുള്ള തുക, വാഹനവില ഉള്‍പ്പെടെയാണിത്. ഭാര്യയുടെ പേരില്‍ ഇത്തരത്തില്‍ സ്വര്‍ണം ഉള്‍പ്പെടെ 21,21,785 രൂപയുടെ സമ്പാദ്യമുണ്ട്.
താമസസ്ഥലം ഉള്‍പ്പെടെ 1.25 ലക്ഷം രൂപയുടെ വസ്തുവകകളാണ് സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. 5.40 ലക്ഷം രൂപയുടെ വായ്പ ജനീഷിന്റെ പേരിലും 8.70 ലക്ഷം രൂപയുടേത് ഭാര്യയുടെ പേരിലുമുണ്ട്. ജനീഷ് കുമാര്‍ എംഎല്‍എ ആയതിനുശേഷമുള്ള കേസുകളൊന്നും ഇല്ല.
ഡിവൈഎഫ്ഐ നേതാവായിരിക്കെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു മറ്റും നടന്ന വിവിധ സമരങ്ങളുമായി ബന്ധപ്പെട്ട് കോടതികളില്‍ വിചാരണ നേരിടുന്ന കേസുകളെ സംബന്ധിച്ച് സത്യവാങ്മൂലത്തില്‍ പരാമര്‍ശമുണ്ട്.
റോബിന്റെ സമ്പാദ്യത്തിലുള്ളത് 67,399 രൂപ
പത്തനംതിട്ട: കോന്നിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി റോബിന് പീറ്ററിന് ബാങ്ക് നിക്ഷേപം, സ്വര്‍ണം, കൈവശമുള്ള തുക ഉള്‍പ്പെടെ 67,399 രൂപയുടെ സമ്പാദ്യമാണ് സത്യവാങ്മൂലത്തില്‍ കാണിച്ചിരിക്കുന്നത്. ഭാര്യയുടെ പേരില്‍ 19,42,838 രൂപയുടെ സമ്പാദ്യവുമുണ്ട്.
മക്കളുടെ കൈവശം 45 ഗ്രാം സ്വര്‍ണവുമുണ്ട്.ഭൂമി, വീട് ഉള്‍പ്പെടെ റോബിന് 76 ലക്ഷം രൂപയുടെ ആസ്തിയുമുണ്ട്. 18,69,917 രൂപയുടെ ബാധ്യതയും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വഴിതടയല്‍, കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുള്ള സമരം ഉള്‍പ്പെടെയുള്ളവയുടെ വിവരങ്ങളും സത്യവാങ്മൂലത്തില്‍ കാണിച്ചിട്ടുണ്ട്.