തിരുവല്ല: ജിമിക്കി കമ്മൽ ഗാനത്തിന്റെ താളത്തിൽ തകർപ്പൻ ഡാൻസുമായി പോലീസ് നിരീക്ഷക സൊണാൽ ചന്ദ്രയും ജില്ലാ കളക്ടർ പി. ബി. നൂഹും യുവത്വത്തിനൊപ്പം ചുവടുവച്ചു. ജില്ലാ പോലീസ് മേധാവി ജി. ജയദേവും, തിരുവല്ല സബ് കളക്ടർ ഡോ.വിനയ് ഗോയലും താളച്ചുവടുകളുമായി കൂടിയതോടെ തിരുവല്ല മുനിസിപ്പൽ സ്റ്റേഡിയത്തിലൊരുങ്ങിയത് ഗംഭീര നൃത്തവിരുന്ന്.
സ്വീപ് വോട്ടർ ബോധവത്കരണ പരിപാടിയുടെ പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കൂട്ടയോട്ടത്തിനു മുന്നോടിയായാണ് സൂന്പാ നൃത്തം അരങ്ങേറിയത്. ഒരു വോട്ടും ഒഴിവാക്കപ്പെടരുത് എന്ന സന്ദേശം ജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് തിരുവല്ലയിൽ സ്വീപ്പിന്റെ ഭാഗമായി കൂട്ടയോട്ടം സംഘടിപ്പിച്ചത്. പോലീസ് നിരീക്ഷക സൊണാൽ ചന്ദ്ര കൂട്ടയോട്ടം ഫ്ളാഗ് ഓഫ് ചെയ്തു.
തിരുവല്ല മുൻസിപ്പൽ സ്റ്റേഡിയത്തിൽ നിന്ന് ആരംഭിച്ച കൂട്ടയോട്ടം നഗരം ചുറ്റി സ്റ്റേഡിയത്തിൽ തന്നെ അവസാനിച്ചു. 2.8 കിലോമീറ്റർ ദൂരമാണ് കൂട്ടയോട്ടത്തിനുണ്ടായിരുന്നത്.വോട്ടർ ബോധവത്കരണത്തിന്റെ ഭാഗമായി കോളജ് വിദ്യാർഥികൾ അവതരിപ്പിച്ച ഫ്ളാഷ് മോബ് ഏറെ ആകർഷകമായി.
സ്വീപ് പ്രാചരണത്തിന്റെ ഭാഗമായി ജില്ലയിൽ നടത്തിയ ഹാഷ് ടാഗ് മത്സരത്തിൽ വിജയിയായ ആർദ്ര ജി കുമാറിന് പോലീസ് നിരീക്ഷക സമ്മാനം വിതരണം ചെയ്തു. മടങ്ങുന്പോൾ വിദ്യാർഥികൾ ജില്ലാ കളക്ടർക്ക് ഒരേ സ്വരത്തിൽ വാക്കു കൊടുത്തു – ’എന്റെ വോട്ട് ഞാൻ പാഴാക്കില്ല’ . സ്വീപ് നോഡൽ ഓഫീസറും എഡിസിയുമായ കെ. കെ. വിമൽരാജ്, തിരുവല്ല ഡെപ്യൂട്ടി തഹസിൽദാർ ബിനു ഗോപാലകൃഷ്ണൻ, തിരുവല്ല സ്വീപ് നോഡൽ ഓഫീസർ നിധിൻ ആർ.നായർ, എൻസിസി കേഡറ്റുകൾ, എസ്പിസി കേഡറ്റുകൾ, പോലീസ് സേന, എൻഎസ്എസ് വോളണ്ടിയേഴ്സ്, സ്പോർട്സ് കൗണ്സിൽ താരങ്ങൾ, വൈഎംസിഎ അംഗങ്ങൾ, സ്കൂൾ, കോളജ് വിദ്യാർഥികൾ തുടങ്ങിയവർ കൂട്ടയോട്ടത്തിൽ പങ്കെടുത്തു.